കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നു ദിവസം കാത്തുനിന്നിട്ടും ഹൂത്തി വിമതര്‍ എത്തിയില്ല; യമന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു

  • By Sumi
Google Oneindia Malayalam News

ജനീവ: മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലും യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് യമന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു. യു.എന്നിന്റെ നേതൃത്വത്തില്‍ ജനീവയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ആരംഭിക്കുമെന്നറിയിച്ച ചര്‍ച്ച തുടക്കത്തില്‍ തന്നെ ആശങ്കയിലായിരുന്നു. വിമതര്‍ പുതിയ നിബന്ധനകള്‍ വെച്ചതോടെയായിരുന്നു ഇത്.

അതേസമയം, ഹൂത്തികള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും അതിന് അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലുണ്ടായ പരാജയമാണ് അവര്‍ക്ക് എത്താന്‍ കഴിയാതെ പോയതെന്ന് യമനിലെ യു.എന്‍ സമാധാന ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. എന്നാല്‍, ജനീവ സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ തങ്ങളെ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന തടയുകയായിരുന്നുവെന്ന് ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി കുറ്റപ്പെടുത്തി. ഹൂത്തികളുടെ പ്രതിനിധി സംഘത്തിന് ജനീവയിലേക്ക് പുറപ്പെടുന്നതിന് സഖ്യം തടസ്സം നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യമനിന്റെ വ്യോമപാതയുടെ നിയന്ത്രണം സൗദി സഖ്യത്തിന്റെ കൈയിലാണ്.

griffithyemen-1

അതേസമയം, തങ്ങളുടെ പ്രതിനിധി സംഘവുമായി പുറപ്പെടുന്ന ഒമാന്‍ വിമാനം സഖ്യസേനയുടെ നിയന്ത്രണത്തിലുള്ള ജിബൂട്ടി വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി നിര്‍ത്തിയിടരുതെന്ന് ഹൂത്തികള്‍ നിബന്ധന വെച്ചിരുന്നു. യുദ്ധത്തില്‍ പരിക്കേറ്റ ഏതാനും പേരെ ഒമാനിലും യൂറോപ്പിലും തുടര്‍ ചികില്‍സ ലഭ്യമാക്കുന്നതിന് വിമാനത്തില്‍ കൊണ്ടുപോവാന്‍ അനുമതി നല്‍കണമെന്നായിരുന്നു മറ്റൊരു ആവശ്യം.

ജനീവയിലെത്തിയ യമന്‍ ഔദ്യോഗിക സര്‍ക്കാര്‍ പ്രതിനിധികളുമായി യു.എന്‍ പ്രതിനിധിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി. ഹൂത്തി വിമത നേതാക്കള്‍ എത്തിച്ചേരാത്തതിനെ തുടര്‍ന്ന് സമാധാന ചര്‍ച്ച പരാജയപ്പെട്ടെങ്കിലും അവരുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരുമെന്ന് യു.എന്‍ ദൂതന്‍ അറിയിച്ചു. മൂന്ന് വര്‍ഷത്തെ കഠിന ശ്രമങ്ങള്‍ക്കിടെ അംഗീകരിച്ച ജനീവയിലെ സമാധാന ചര്‍ച്ചകള്‍ ഇതോടെ നിര്‍ത്തിവയ്ക്കില്ല. വരും ദിവസങ്ങളില്‍ യമന്‍ തലസ്ഥാനമായ സനായില്‍ വെച്ചും ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ വെച്ചും ഹൂത്തി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

English summary
An attempt to hold peace talks for Yemen was abandoned on Saturday after three days of waiting for the Houthi movement’s delegation, but the United Nations envoy vowed to press ahead with diplomacy,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X