സുന്ദരിയാണോ?ചെറുപ്പമാണോ?എങ്കില്‍ പാകിസ്ഥാനില്‍ കടംവീട്ടാനെളുപ്പം !!
പാകിസ്ഥാനില്‍ വീട്ടാക്കടങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ അടിമകളാക്കുന്നു. കടം വീട്ടാനാകാത്ത കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണീ ദുര്‍ഗതി.
കടം വീട്ടാന്‍ പലവഴികളുണ്ട്. എന്നാല്‍ പാകിസ്ഥാനിലെ ചില പലിശക്കാര്‍ സ്വീകരിച്ചിരിക്കുന്ന വഴി കേട്ടാല്‍ ഞെട്ടിപ്പോകും. വീട്ടില്‍ സുന്ദരികളായ, പ്രായം കുറഞ്ഞ പെണ്‍കുട്ടികളുണ്ടെങ്കില്‍ കടക്കാര്‍ അവരെയങ്ങ് പിടിച്ച് കൊണ്ടുപോകും. ഇത് കെട്ടുകഥയല്ല. പകല്‍പോലെ യാഥാര്‍ത്ഥ്യമാണ്.
പാകിസ്ഥാനിലെ നിരവധി അമ്മമാര്‍ക്ക് ഇത്തരം കഥകള്‍ പറയാനുണ്ട്. പലരും ചെറിയ തുക കടം വാങ്ങിയതിന്റെ പേരിലാകും ഇത്തരം കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടാവുക. സുന്ദരികളായ പെണ്‍മക്കളുള്ള അച്ഛനമ്മമാരുടെ കടങ്ങള്‍ ഇവിടെ വീട്ടാക്കടങ്ങളായി തുടരുകയാണ് പതിവ്.

വീടിന് വെളിയില്‍ ഉറങ്ങിക്കിടന്ന 14 വയസ്സുകാരി ജീവ്തിയെ ഒരു ദിവസം രാത്രി കടക്കാരന്‍ വന്നു വീട്ടില്‍ നിന്നും പിടിച്ച് കൊണ്ടുപോയി വിവാഹം കഴിച്ചു. ജീവ്തിയുടെ കുടുംബത്തിന് അറുപതിനായിരം രൂപയുടെ കടമുണ്ടായിരുന്നു. മുപ്പതിനായിരം രൂപയായിരുന്നു ജീവ്തിയുടെ അച്ഛന്‍ കടം വാങ്ങിയത്. ഇത് പലിശയടക്കം ഇരട്ടിയായി. എന്നാലിത് കൊടുത്തു തീര്‍ത്തുവെന്ന് ജീവ്തിയുടെ അമ്മ അമേരി പറയുന്നു.

ജീവ്തിയുടെ കുടുംബം പൊലീസിലും കോടതിയിലും പോയി. ഒരു ഫലവുമുണ്ടായില്ല. ഹിന്ദുവായ ജീവ്തിയെ കടക്കാരന്‍ ഇസ്ലാം മതത്തിലേക്ക് മാറ്റി. രണ്ടാം ഭാര്യയായി കൂടെ പാര്‍പ്പിച്ചിരിക്കുകയാണ്. ഇസ്ലാമായി മാറിയതിനാല്‍ ഇനി അവളെ തിരിച്ച് കിട്ടില്ലെന്നാണ് ജീവ്തിയുടെ കുടുംബം പറയുന്നത്.

കൊടുത്ത പണത്തിന് രേഖകളില്ലാത്തതാണ് ഇവിടെ വില്ലനാവുന്നത്. കടങ്ങള്‍ എത്രനാള്‍ വീട്ടിയാലും തീരില്ല.തെക്കന്‍ പാകിസ്ഥാനിലെ ഗ്രാമങ്ങളില്‍ ഇത് പതിവാണ്. കടം തീര്‍ക്കാനും വഴക്കുകള്‍ തീര്‍ക്കാനും പക വീട്ടാനും എല്ലാം പെണ്‍കുട്ടികളാണ് ഇരകളാവുന്നത്.

കടം തീര്‍ക്കാന്‍ നിവൃത്തിയില്ലാത്ത കുടുംബം പെണ്‍മക്കളെ കടക്കാരന് കാഴ്ചവെയ്ക്കുന്നതും ഇവിടെ പതിവാണ്. കടക്കാരന്‍ കുടുംബത്തിലെ സുന്ദരിയും ചെറുപ്പക്കാരിയുമായ പെണ്‍കുട്ടിയെ തെരഞ്ഞെടുക്കുന്നു. ചിലപ്പോള്‍ വിവാഹം കഴിച്ചെന്നിരിക്കും. അല്ലെങ്കില്‍ ആ പെണ്‍കുട്ടിയെ ഉപയോഗിച്ച് പണമുണ്ടാക്കും.

ഈ വര്‍ഷത്തെ ആഗോള അടിമത്ത സൂചനാക്കണക്ക് പ്രകാരം 20 ലക്ഷം പാകിസ്ഥാനി പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ അടിമകളാക്കപ്പെട്ടിരിക്കുന്നത്. അടിമത്തം തുടരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് പാകിസ്ഥാന്‍. കൃഷിയിടങ്ങളിലും വീട്ടുജോലികള്‍ക്കും ക്വാറികളിലും മറ്റും ഈ അടിമകളെ ഉപയോഗിക്കുന്നു.

ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ പെണ്‍കുട്ടികളെ ഇസ്ലാമായി മതപരിവര്‍ത്തനം നടത്താനുള്ള വഴിയായും ഈ കടങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. പാകിസ്ഥാനില്‍ ആയിരത്തോളം ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ മതംമാറ്റപ്പെട്ടിരിക്കുന്നത്. മിക്കവരും പ്രായപൂര്‍ത്തിയാകാത്തവരും ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരുമായിരുന്നു. കോടതിയോ പൊലീസോ നിയമങ്ങളോ ഇവര്‍ക്ക് സഹായത്തിനെത്തുന്നില്ല.












Click it and Unblock the Notifications