3 ഇസ്രായേലി ബന്ദികളെ കൂടി വിട്ടയച്ച് ഹമാസ്; ഇതുവരെ മോചിപ്പിച്ചത് 18 പേരെ
വെടിനിർത്തൽ കരാറിന്റെ ഭാഗമായി മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി വിട്ടയച്ച് ഹമാസ്. എലി ഷറാബി (52), ഒഹദ് ബെൻ അമി (56), ഒർ ലെവി (34) എന്നിവരെയാണ് വിട്ടയച്ചത്. മൂന്ന് പേരും ഇസ്രായേലി പൗരൻമാരാണ്. അതേസമയം ഇവരുടെ ശാരീരിക അവസ്ഥ മോശമാണെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴി ആക്രമണത്തിനിടെയാണ് ഹമാസ് സംഘം ഇവരെ തട്ടിക്കൊണ്ടുപോയത്. അതേസമയം റെഡ് ക്രോസിന് കൈമാറുന്നതിന് മുൻപ് ബന്ദികളെ നൂറുകണക്കിന് ആൾക്കാർക്ക് മധ്യത്തിൽ മൈക്കിലൂടെ സംസാരിക്കാൻ ഹമാസ് സംഘം അനുവദിച്ചിരുന്നു. ഇതാദ്യമായാണ് ഇത്തരത്തിൽ സംസാരിക്കാൻ അവസരം നൽകിയത്. അതേസമയം ഇവർക്ക് പകരമായി തടവിൽ പാർപ്പിച്ച പലസ്തീൻകാരെ ഇസ്രായേൽ മോചിപ്പിച്ചു.

വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ 18 ഓളം ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. ആദ്യം മൂന്ന് സ്ത്രീകളേയും പിന്നീട് മൂന്ന് വനിതാ ആർമ ഉദ്യോഗസ്ഥരേയുമാണ് ഹമാസ് വിട്ടയച്ചത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി 33 ബന്ദികളെയാണ് ആദ്യഘട്ടത്തിൽ ഹമാസ് മോചിപ്പിക്കുക. ഇനി 15 പേരെയാണ് വിട്ടയക്കാൻ ഉള്ളത്. ഓരോ സിവിലിയൻ ബന്ദികൾക്കും പകരമായി 30 പലസ്തീൻ തടവുകാരേയും ഇസ്രായേലി വനിതാ സൈനികർക്ക് പകരമായി 50 തടവുകാരേയും മോചിപ്പിക്കാനാണ് വെടിനിർത്തൽ കരാർ പ്രകാരമുള്ള ധാരണ. മാത്രമല്ല ഗാസയിൽ നിന്നും ഇസ്രായേൽ സൈന്യം ഘട്ടം ഘട്ടമായി പിൻവാങ്ങുകയും ചെയ്യും. ഗാസയിൽ സഹായങ്ങൾ കൂടുതൽ ആയി എത്തിക്കാനും കരാറിൽ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
അതിനിടെ ഗാസ ഏറ്റെടുക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾക്കെതിരെ പലസ്തീനിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അറബ് രാജ്യങ്ങളെല്ലാം തന്നെ ട്രംപിന്റെ പ്രസ്താവനയ്ക്കെതിരം രംഗത്തെത്തിയിരുന്നു. സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ ഗസയെ അമേരിക്കയ്ക്ക് കൈമാറും. ഗസയെ സ്വതന്ത്രമാക്കാനും മേഖലയെ രാജ്യാന്തര കേന്ദ്രമാക്കി മാറ്റാനും യുഎസ് തയ്യാറാണ് എന്നായിരുന്നു ട്രംപ് പറഞ്ഞത്.
ഗസയുടെ സാമ്പത്തിക ഉന്നമനത്തിനുള്ള ശ്രമങ്ങൾക്കും ഞങ്ങൾ തയ്യാറാണ്. ഗസയുടെ സംരക്ഷണത്തിനായ് യുഎസ് സൈന്യത്തെ അവിടേക്ക് അയക്കേണ്ട സാഹചര്യം ഉണ്ടായാൽ അയക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഗസ തങ്ങളുടെ മണ്ണാണെന്നും പലസ്തീൻ വിട്ടുപോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും പലസ്തീൻകാർ പ്രതികരിച്ചു. അതേസമയം ഗസ ആർക്കും പിടിച്ചെടുക്കാവുന്ന സ്വതന്ത്ര ഭൂമിയല്ലെന്നും പലസ്തീനുകാർ അവിടെ തുടരാൻ ദൃഢനിശ്ചയം ചെയ്തവരാണെന്നും ഐക്യരാഷ്ട്രസഭയിലെ പലസ്തീൻ പ്രതിനിധിയും പ്രതികരിച്ചു.












Click it and Unblock the Notifications