മുസ്ലീം രാജ്യങ്ങളിലെ പള്ളികള്‍ക്കടുത്ത് ഹിന്ദു വ്യാപാരികള്‍ക്ക് വിലക്കില്ലല്ലോ? യുഎഇ രാജകുടുംബാംഗം
ദുബായ്: കര്‍ണാടകയിലെ ക്ഷേത്രപരിസരങ്ങളില്‍ മുസ്ലിം വ്യാപാരികള്‍ കച്ചവടം നടത്തുന്നതിനെതിരെ ഹിന്ദുത്വവാദികള്‍ നിലപാട് സ്വീകരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി യു എ ഇ രാജകുടുംബാംഗം ഹിന്ദ് അല്‍ ഖാസിമി. പല അറബ് രാജ്യങ്ങളിലും മുസ്ലീം പള്ളികള്‍ക്കടുത്ത് ഹിന്ദു വ്യാപാരികള്‍ കച്ചവടം ചെയ്യുന്നുണ്ടെന്നും അതിന് തടസമൊന്നുമില്ലെന്നും ഹിന്ദ് അല്‍ ഖാസിമി ട്വീറ്റ് ചെയ്തു. ഓരോ മുസ്ലീം രാജ്യങ്ങളിലും താമസിക്കുന്ന ഹിന്ദുക്കളുടെ കണക്ക് പങ്കുവെച്ചു കൊണ്ടായിരുന്നു ഹിന്ദ് അല്‍ ഖാസിമിയുടെ ട്വീറ്റ്.
ഇന്തോനേഷ്യ-4,480,000, മലേഷ്യ-2,040,000, യുഎഇ-910,000, ഖത്തര്‍-360,000, ബഹ്‌റിന്‍-240,000, കുവൈറ്റ്-630,000, ഒമാന്‍-650,000, സൗദി-370,000 എന്നിങ്ങനെ ഹിന്ദുക്കള്‍ താമസിക്കുന്നുണ്ടെന്ന് ഹിന്ദ് അല്‍ ഖാസിമിയുടെ ട്വീറ്റില്‍ അവകാശപ്പെടുന്നു. നേരത്തെ കര്‍ണാടകയിലെ ക്ഷേത്ര പരിസരത്ത് മുസ്ലീം വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദ് അല്‍ ഖാസിമിയുടെ ട്വീറ്റ്. രാജ്യത്തെ ന്യൂനപക്ഷ വിരുദ്ധ വിഷയങ്ങളില്‍ നേരത്തേയും ഹിന്ദ് അല്‍ ഖാസിമി പ്രതികരിച്ചിരുന്നു.

അതേസമയം ക്ഷേത്ര പരിസരങ്ങളില്‍ മുസ്ലീം കച്ചവടക്കാരുടെ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരെ കര്‍ണാടകയിലെ ബി ജെ പി എം എല്‍ എമാരും രംഗത്തെത്തി. മുസ്ലീം വ്യാപാരികളെ വിലക്കുന്നത് തെറ്റും ജനാധിപത്യവിരുദ്ധവും ഭ്രാന്തുമാണെന്ന് ബി ജെ പി എം എല്‍ എയായ അനില്‍ ബെനകയും എം എല്‍ സിയായ എ എച്ച് വിശ്വനാഥും പറഞ്ഞത്. അതേസമയം 2002 ലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് പറഞ്ഞാണ് കര്‍ണാടക സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്നത്.
കര്‍ണാടകയില്‍ ഇപ്പോള്‍ ബി ജെ പിയാണ് ഭരിക്കുന്നത്. വി എച്ച് പി, ഹിന്ദു ജാഗരണ വേദികെ, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളുടെ ആവശ്യത്തെത്തുടര്‍ന്ന് ഉഡുപ്പിയിലെയും ശിവമോഗയിലെയും ചില ക്ഷേത്രങ്ങളില്‍ മുസ്ലീം വ്യാപാരികളെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ക്ഷേത്ര പരിസരത്ത് വ്യാപാരം നടത്തുന്നതില്‍ നിന്നും വിലക്കിയത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇപ്പോള്‍ ഇത്തരം ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഒരു ദൈവവും മതവും വിവേചനങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നില്ലെന്നും മതങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നവയാണ്, അല്ലാതെ പുറംതള്ളുന്നവയല്ലെന്നും വിശ്വനാഥ് പറഞ്ഞു.
ഇംഗ്ലണ്ടില്‍ എത്ര ഇന്ത്യക്കാരുണ്ട്? ലോകമെമ്പാടും എത്ര ഇന്ത്യക്കാരുണ്ട്? മുസ്ലീം രാജ്യങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു? ഈ രാജ്യങ്ങള്‍ നമുക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍, ഇതെല്ലാം എവിടെ അവസാനിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മുന്‍ കോണ്‍ഗ്രസ് മന്ത്രിയും ജെ ഡി എസ് മുന്‍ സംസ്ഥാന അധ്യക്ഷനുമാണ് വിശ്വനാഥ്. മുസ്ലീം വ്യാപാരികള്‍ക്കെതിരായ നിയന്ത്രണങ്ങളെ താന്‍ അനുകൂലിക്കുന്നില്ലെന്ന് എം എല്‍ എ അനില്‍ ബെനകെയും പറഞ്ഞു.












Click it and Unblock the Notifications