മോഹന്‍ദാസിനെ മഹാത്മാ ആക്കിയ ദക്ഷിണാഫ്രിക്ക... മോദിയുടെ വികാരഭരിതമായ വാക്കുകള്‍...
ജോഹന്നാസ്ബര്‍ഗ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും നെല്‍സണ്‍ മണ്ഡേലയുടെയും കര്‍മഭൂമിയായ ദക്ഷിണാഫ്രിക്കയില്‍ വികാരഭരിതനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മോദി ഇന്ത്യന്‍ ഡയസ്‌പോറയെ അഭിസംബോധന ചെയ്യവേയാണ് മഹാന്മാരായ നേതാക്കളെ ഓര്‍ത്ത് വികാരാധീനനായത്. മോഹന്‍ദാസിനെ മഹാത്മാ ആക്കി ഉയര്‍ത്തിയത് ഈ രാജ്യമാണ് എന്ന് മോദി പറഞ്ഞു.
പതിനായിരത്തില്‍പ്പരം ഇന്ത്യക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കേള്‍ക്കാനായി തടിച്ചുകൂടിയത്. പത്ത് ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ വംശജര്‍ ഇവിടെയുണ്ട്. മാത്രമല്ല, പതിനായിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരും ഇവിടെ വിവിധ മേഖലകളിലായി ജോലി തേടി എത്തിയിട്ടുണ്ട്. ഹിന്ദി, തമിഴ്, ഗുജറാത്തി, ഉര്‍ദു, തെലുങ്ക് തുടങ്ങിയ ഭാഷകള്‍ ദക്ഷിണാഫ്രിക്കയില്‍ കേള്‍ക്കാം.

നെല്‍സണ്‍ മണ്ഡേല തന്റെ അവസാന നാളുകളില്‍ ധരിച്ചിരുന്ന പ്രത്യേക തരം മാദിബ ഷര്‍ട്ട് ധരിച്ചാണ് മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ എത്തിയത്. ദക്ഷിണാഫ്രിക്ക സത്യാഗ്രഹത്തിന്റെ ജന്മഭൂമിയാണ്. മോഹന്‍ദാസിനെ മഹാത്മാ ആക്കി ഉയര്‍ത്തിയത് ദക്ഷിണാഫ്രിക്കയാണ്. വര്‍ണവിവേചനം അവസാനിപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ ആദ്യമായി സ്വാഗതം ചെയ്ത രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ് - മോദി പറഞ്ഞു.
തന്നെ കേള്‍ക്കാനെത്തിയ ഇന്ത്യന്‍ സമൂഹത്തോട് ഇന്ത്യയുടെ വികസന കഥകളും മോദി പങ്കുവെച്ചു. നേരത്തെ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമയുമായി കൂടിക്കാഴ്ച നടത്തി. പ്രിട്ടോറിയിയയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച പത്രസമ്മേളനവും നടന്നു. ഇരുരാജ്യങ്ങളും തമ്മില്‍ മെച്ചപ്പെട്ട സഹകരണമുണ്ടാകുമെന്ന് ഇരുവരും ഉറപ്പുനല്‍കി. താന്‍സാനിയ, കെനിയ എന്നിവിടങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷമാണ് മോദി തിരിച്ചെത്തുക.












Click it and Unblock the Notifications