ഓസ്‌ട്രേലിയയില്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഇന്ത്യക്കാരനും, ഇന്‍ഫോസിസ് ജീവനക്കാരന്‍
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ കോഫി ഷോപ്പില്‍ ബന്ദികളാക്കപ്പെട്ടവരില്‍ ഇന്ത്യക്കാരനും ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. തങ്ങളുടെ ജീവനക്കാരനാണ് ബന്ദിയാക്കപ്പെട്ടതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇദ്ദേഹത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇയാള്‍ ആന്ധ്ര സ്വദേശിയാണെന്നാണ് വിവരം.

കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു ആണ് ബന്ദികളില്‍ ഇന്ത്യക്കാരനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യം അറിയിച്ചത്. പാര്‍ലമെന്റിലാണ് വെങ്കയ്യ നായിഡു ഇക്കാര്യം പറഞ്ഞത്. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചു.

മാര്‍ട്ടിന്‍ ഫേസിലെ കോഫി ഷോപ്പിലാണ് ജനങ്ങളെ ബന്ദികളാക്കി വച്ചിരിക്കുന്നത്. ഇരുപതോളം പേര്‍ ഷോപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ അഞ്ച് പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്ന് പോലീസ് വിവരം ശേഖരിക്കുകയാണ്.
തോക്കും അറബി അക്ഷരങ്ങളെഴുതിയ കറുത്ത പതാകയുമായി ആളുകളെ ബന്ദിയാക്കിയ തീവ്രവാദി ആരെന്ന് ഇപ്പോഴും വ്യക്തമല്ല. തുടക്കത്തില്‍ ഐസിസ് ഭീകരരാണെന്ന് സംശയം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പോലീസ് വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.ഇപ്പോള്‍ നടന്നത് ഭീകരാക്രമണമാണോ എന്ന് പോലും ഓസ്ട്രേലിയ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

അക്രമിയുമായി പോലീസ് അധികാരികള്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തണം എന്നാണത്രെ തീവ്രവാദിയുടെ ആവശ്യം.
Watch the moment the #sydneysiege gunman used a hostage as a human shield to walk across the cafe. http://t.co/20oQBqEvOS
— Sky News (@SkyNews) December 15, 2014 കോഫി ഷോപ്പില്‍ രണ്ട് ബോംബുകള്‍ സ്ഥാപിച്ചിട്ടുളളതായും അക്രമി ഭീഷണി മുഴക്കിയിട്ടുണ്ട്. ബന്ദികളില്‍ ഒരാളെ മനുഷ്യ കവചമാക്കിയാണ് അക്രമി ഷോപ്പിനുള്ളില്‍ നടക്കുന്നതെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാവിലെ ഒരു കഫേ ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ജനല്‍ ചില്ലിനോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ പുറത്ത് വിട്ടിരുന്നു.
ഏത് സാഹചര്യത്തേയും നേരിടാന്‍ രാജ്യം സജ്ജമാണെന്ന് പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു.












Click it and Unblock the Notifications