റഷ്യയെ തകർക്കണമെങ്കിൽ ചൈനക്ക് മേൽ 100 ശതമാനം നികുതി ചുമത്തണം; ട്രംപ്
റഷ്യയ്ക്കെതിരെ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെ സാമ്പത്തിക സ്വാധീനം കുറയ്ക്കുന്നതിനായി ചൈനീസ് ഉൽപന്നങ്ങൾക്ക് 50-100 ശതമാനം താരിഫ് ഏർപ്പെടുത്തണമെന്ന് ട്രംപ് നാറ്റോയോട് ആവശ്യപ്പെട്ടു. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇതാണ് മാർഗമെന്ന് ട്രംപ് പറഞ്ഞു.
നാറ്റോ രാജ്യങ്ങൾക്ക് ശനിയാഴ്ച ഇത് സംബന്ധിച്ച് ട്രംപ് കത്തയച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും കനത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനും ട്രംപ് കത്തിൽ ആവശ്യപ്പെട്ടു. 'എല്ലാ നാറ്റോ രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുകയും യുഎസ് ഏർപ്പെടുത്തിയതിന് സമാനമായ ഉപരോധങ്ങൾ ഏർപ്പെടുത്താൻ സമ്മതിക്കുകയും ചെയ്യുകയാണെങ്കിൽ, റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഞാൻ തയ്യാറാണ്," ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. യുദ്ധം അവസാനിച്ച് കഴിഞ്ഞാൽ ഈ നികുതികളെല്ലാം നീക്കാമെന്നും ട്രംപിൽ എക്സിൽ കുറിച്ചു.

ചൈനയ്ക്കും ഇന്ത്യയ്ക്കും ശേഷം റഷ്യൻ എണ്ണ വാങ്ങുന്ന നാറ്റോയിലെ മൂന്നാമത്തെ വലിയ ഉപഭോക്താവ് തുർക്കിയാണ് . 32 രാജ്യങ്ങളുള്ള സഖ്യത്തിലെ മറ്റ് അംഗങ്ങളായ ഹംഗറിയും സ്ലോവാക്യയും റഷ്യൻ എണ്ണ വാങ്ങുന്നവരിൽ ഉൾപ്പെടുന്നു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിൽ പുരോഗതിയില്ലെങ്കിൽ മോസ്കോയ്ക്കും റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളായ ചൈന, ഇന്ത്യ തുടങ്ങിയ പ്രധാന ഉപഭോക്താക്കൾക്കും എതിരെ ഉപരോധം കടുപ്പിക്കുമെന്ന് നേരത്തേ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നാറ്റോയെ കൂട്ടുപിടിക്കാനുള്ള നീക്കം.
നാറ്റോ സഖ്യകക്ഷിയായ പോളണ്ടിന്റെ വ്യോമാതിർത്തിയിലേക്ക് റഷ്യൻ ഡ്രോണുകൾ പ്രവേശിച്ചതിന് ശേഷമുള്ള സംഘർഷഭരിതമായ സാഹചര്യത്തിലാണ് ഈ നിർദ്ദേശം എന്നതും ശ്രദ്ധേയമാണ്. പോളണ്ടിനെതിരായ റഷ്യയുടെ നീക്കത്തെ പ്രകോപനപരമായ നടപടിയായാണ് വിലയിരുത്തപ്പെട്ടത്.
ഭീഷണികൾക്കിടയിലും റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്നതിനാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് 25ശതമാനം അധിക താരിഫ് ചുമത്തിയിരുന്നു. എന്നാൽ ചൈനയ്ക്കെതിരെ സമാനമായ നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം യുഎസിന്റെ താരിഫ് നടപടിയെ യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി പിന്തുണച്ചിരുന്നു. ഉചിതമായ നടപടിയാണ് യുഎസിൽ നിന്നും ഉണ്ടായത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ജ7 രാജ്യങ്ങളോടും ട്രംപ് ഈ ആവശ്യം ഉന്നയിച്ചിരുന്നു. പുതിന്റെ യുദ്ധത്തിനുള്ള ഫണ്ടിങ് നല്‍കുന്ന വരുമാനമാര്‍ഗങ്ങള്‍ അതിന്റെ സ്രോതസ്സുകളില്‍തന്നെ വെട്ടിക്കുറയ്ക്കണം. അത്തരമൊരു ഏകീകൃതശ്രമത്തിലൂടെ മാത്രമേ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കവെന്നാണ് യുഎസ് നിലപാട് അറിയിച്ചത്.












Click it and Unblock the Notifications