ഹൈദരാബാദ് സ്വദേശി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു! വംശീയ ആക്രമണം എന്ന് സംശയം!
ബുധനാഴ്ച സൗത്ത് ഒലാത്തെയിലെ ബാറില്‍ വച്ചാണ് സംഭവം ഉണ്ടായത്. യുവാക്കളെ കണ്ട് അസംതൃപ്തനായ അക്രമി വംശീയ അധിക്ഷേപങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
വാഷിങ്ടണ്‍:അമേരിക്കയിലെ ബാറില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. മറ്റു രണ്ടു പേര്‍ക്ക് പരുക്കേറ്റു. അമേരിക്കയിലെ കന്‍സാസിലാണ് സംഭവം. അറബ് സ്വദേശിയാണെന്ന് തെറ്റിദ്ധരിച്ചാണ് വെടി വച്ചത്. രാജ്യത്തു നിന്ന് ഇറങ്ങിപ്പോകാന്‍ ആക്രോശിച്ച് കൊണ്ടാണ് അക്രമി വെടിവച്ചത്.
ശ്രീനിവാസ കുച്ചിഭോട്ട്‌ല എന്നയാളാണ് മരിച്ചത്. ഹൈദരാബാദ് സ്വദേശിയാണ് ശ്രീനിവാസ. ആലോക് മദസാനി എന്നയാള്‍ക്കാണ് പരുക്കേറ്റത്. രണ്ടു പേരും ഗര്‍മിനില്‍ ഏവിയേഷന്‍ സിസ്റ്റം എന്‍ജിനീയറായി ജോലി നോക്കി വരികയാണ്. ഇന്ത്യന്‍ യുവാക്കളെ വംശീയമായി അധിക്ഷേപിക്കുന്നതിനെ ചോദ്യം ചെയ്ത ഇയാന്‍ എന്ന യുവാവിനും വെടിയേറ്റു. ഇയാളും പരുക്കേറ്റ് ചികിത്സയിലാണ്.

ബുധനാഴ്ച സൗത്ത് ഒലാത്തെയിലെ ബാറില്‍ വച്ചാണ് സംഭവം ഉണ്ടായത്. യുവാക്കളെ കണ്ട് അസംതൃപ്തനായ അക്രമി വംശീയ അധിക്ഷേപങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്റ്റിന്‍ സ്വദേശിയായ ആഡം പുരിന്റണ്‍ ആണ് അക്രമി.
സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട അക്രമി ക്ലിന്റണിലെ മറ്റൊരു ബാറിലേക്കാണ് പോയത്. അവിടെ നിന്ന് മദ്യപിച്ച ശേഷം തനിക്ക് ഒളിക്കാന്‍ സ്ഥലം തരണമെന്നും താന്‍ രണ്ട് മിഡില്‍ ഈസ്റ്റ് വംശജരെ കൊലപ്പെടുത്തിയെന്നും ബാര്‍ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിളിക്കുകയായിരുന്നു.
അറസ്റ്റിലായ ആഡമിനെതിരെ കൊലപാതകം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയിരിക്കുകയാണ്. അതേസമയം സംഭവം വംശീയ ആക്രമണം അല്ലെന്നാണ് പോലീസ് പറയുന്നത് .സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
സംഭവം ഞെട്ടിച്ചുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.












Click it and Unblock the Notifications