ഇറാൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്: വോട്ട് ചെയ്ത് ഇന്ത്യയിൽ നിന്നുള്ള ഇറാൻ പൗരൻമാർ
ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഇന്ത്യയിൽ കഴിയുന്ന ഇറാനിയൻ പൗരൻമാർ. ഇന്ത്യയിൽ ഡൽഹി, മുംബൈ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാണ് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കിയതെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. പൗരൻമാർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കിയതിന് ഇന്ത്യയിലെ ഇറാൻ അംബാസഡർ ഇറാജ് ഇലാഹി ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു.
'ഇറാൻ ഭരണഘടന അനുസരിച്ച്, ജനങ്ങളുടെ നേരിട്ടുള്ള വോട്ടിലൂടെ ഇറാനികൾ അവരുടെ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കും. നാല് പേർ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ഇത് ഇറാൻ്റെ പരമാധികാരം ആഭ്യന്തരമായും അന്തർദ്ദേശീയമായും ശക്തിപ്പെടുത്തുമെന്ന് ഞാൻ കരുതുന്നു. ഡൽഹി, മുംബൈ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ വോട്ട് ചെയ്യാൻ അവസരമൊരുക്കിയ ഇന്ത്യൻ സർക്കാരിന് ഞാൻ നന്ദി പറയുന്നു. ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു', അംബാസഡർ ഇലാഹി പറഞ്ഞു. ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും പുരോഗതി കൈവരിക്കുന്നതിലും മുൻ പ്രസിഡന്റ് ഇബ്രാഹിം റൈസി പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം പ്രതികരിച്ചു.

മുൻ പ്രസിഡൻറ് ഇബ്രാഹിം റെയിസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പാർലമെൻററി സ്പീക്കറും തെഹ്റാൻ മുൻ മേയറും റെവല്യൂഷണറി ഗാർഡ് കമാൻഡറുമായിരുന്ന മുഹമ്മദ് ബഗർ ഗാലിബാഫ്, നയതന്ത്രജ്ഞനും സുരക്ഷാ കൗൺസിൽ അംഗവുമായിരുന്ന സഈദ് ജലീലി ,പാർലമെൻറ് അംഗവും പുരോഗമനവാദിയും മുൻ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ വിശ്വസ്തനുമായ മസൂദ് പെസെഷ്‌കിയാൻ, മുൻ ആഭ്യന്തര, നീതിന്യായ മന്ത്രി മുസ്തഫ പൗർമുഹമ്മദി എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.
80 പേർ സമർപ്പിച്ച നാമനിർദേശ പട്ടികയിൽ നിന്ന് ആറ് പേരെയാണ് ഗാർഡിയൻ കൗൺസിൽ തിരഞ്ഞെടുത്തത്. ഇവരിൽ രണ്ട് പേർ നേരത്തേ പിന്മാറിയിരുന്നു. ടെഹ്‌റാൻ മേയർ അലിറേസ സകാനി, സർക്കാർ ഉദ്യോഗസ്ഥൻ അമീർ- ഹുസൈൻ ഗാസിസാദെ ഹഷേമി എന്നിവരാണ് തിരഞ്ഞെടുപ്പിന് മുമ്പ് മത്സരരംഗത്ത് നിന്നും പിന്മാറിയത്.
രാജ്യത്തിനകത്തും പുറത്തുമായി ആകെ 61,452,321 പേർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ടെന്ന് ഇറാനിയൻ ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച രാവിലെ അറിയിച്ചിരുന്നു. 2021ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 48 ശതമാനമായിരുന്നു പോളിംഗ്. 1979 ന് ശേഷമുള്ള ഏറ്റവും കുറവ് പോളിംഗ് ആയിരുന്നു ഇത്.












Click it and Unblock the Notifications