കയറിപ്പിടിക്കാന്‍ ശ്രമിച്ച പോലീസുകാരനെ കൊന്നു; ഇറാനിയന്‍ യുവതിക്ക് കൊലക്കയര്‍
ടെഹ്‌റാന്‍: കടുത്ത മതനിയമം നടപ്പിലാക്കുന്ന ഇറാനിലെ ഒരു യുവതിക്ക് തന്നെ മാനംഭപ്പെടുത്തിയവനെ കൊലപ്പെടുത്തിയ കുറ്റത്തിന് കൊലക്കയര്‍ ഒരുങ്ങുന്നു. റെഹാന ജബാറി എന്ന 26കാരിയെയാണ് അടുത്തദിവസം തന്നെ തൂക്കിലേറ്റിയേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 2009ലാണ് യുവതിക്ക് വധശിക്ഷ വിധിച്ചത്. അന്താരാഷ്ട്ര സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം വധശിക്ഷ നടപ്പിലാക്കുന്നത് നീണ്ടുപോവുകയായിരുന്നു.
കഴിഞ്ഞദിവസം കോടതി വധശിക്ഷ നടപ്പിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതോടെ ഇതുവരെ താമസിപ്പിച്ചിരുന്ന രാജായ് ഷാര്‍ ജയിലില്‍ നിന്നും ഇവരെ തൂക്കിലേറ്റുന്ന സ്ഥലത്തിലേക്ക് കൊണ്ടുപോയി. യുവതിയുടെ മാതാവ് കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് പ്രതികരിച്ചതോടെ സംഭവം വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മകളെ കൊല്ലും മുന്‍പ് തന്നെ കൊലപ്പെടുത്തണമെന്ന് മാതാവ് മാധ്യമ പ്രവര്‍ത്തകന് മുന്‍പാകെ പറഞ്ഞു.

2007ലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. ഇറാന്‍ മിനിസ്റ്ററി ഓഫ് ഇന്റലിജന്‍സിലെ മുന്‍ ഉദ്യേഗാര്‍ഥിയായ മോര്‍ടെസ സര്‍ബാന്‍ദിയുമായി ഒരു ബിസിനസ് കാര്യം സംസാരിക്കാനായാണ് യുവതി ഓഫീസില്‍ ചെന്നത്. അവിടെവെച്ച് അപ്രതീക്ഷിതമായി അയാള്‍ യുവതിയെ കടന്നുപിടിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
പിടിവലിക്കിടയില്‍ അവിടെയുണ്ടായിരുന്ന പേനാക്കത്തി ഉപയോഗിച്ച് യുവതി അക്രമിയെ കുത്തുകയായിരുന്നു. ആശുപത്രിയില്‍ കുറച്ചുദിവസം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ മോര്‍ടെസ മരണമടഞ്ഞതോടെയാണ് യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ഒടുവില്‍ വധശിക്ഷ വിധിക്കുകയും ചെയ്തത്. പിന്നീട് 20000 പേര്‍ ഒപ്പിട്ട ഗ്ലോബല്‍ പെറ്റീഷന്‍ ലഭിച്ചതോടെ ശിക്ഷ മാറ്റിവെക്കുകയായിരുന്നു. ശിക്ഷ വീണ്ടും നടപ്പാക്കാന്‍ ഒരുങ്ങുമ്പോള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സമൂഹം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications