ഇറാഖ്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 8 വയസ്സ്?
ബാഗ്ദാദ്: പ്രതിഷേധങ്ങള്‍ വകവച്ച് ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം എട്ട് വയസ്സാക്കാന്‍ പോകുന്നു. ഇത് സംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. പാര്‍ലമെന്റിന്റെ അനുമതി കൂടി ലഭിച്ചാല്‍ ബില്‍ നിയമമാകും.
ഇസ്ലാമിക കലണ്ടര്‍ പ്രകാരം ഒമ്പത് വയസ്സായാല്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ പെണ്‍കുട്ടികളുടെ വിവാഹം നടത്താം എന്നാണ് ബില്‍ അനുശാസിക്കുന്നത്. നിലവില്‍ 15 വയസ്സായിരുന്നു ഇത്തരം വിവാഹത്തിനുള്ള കുറഞ്ഞ പ്രായം. 18 വയസ്സ് പൂര്‍ത്തിയാല്‍ രക്ഷിതാക്കളുടെ സമ്മതമില്ലാതെയും പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാനുളള അനുമതി ഇപ്പോഴുണ്ട്.

ഇസ്ലാമിക കലണ്ടര്‍ പ്രകാരം 9 വയസ്സ് എന്നത് ഇംഗ്ലീഷ് കലണ്ടറിലേക്ക് മാറ്റുമ്പോള്‍ എട്ട് വയസ്സ് മാത്രമേ ഉണ്ടാകൂ. ബില്ലില്‍ വിവാഹപ്രായം എന്ന രീതിയില്‍ അല്ല ഇങ്ങനെ ഒരു പ്രായം പറഞ്ഞിരുക്കുന്നത്. വിവാഹ മോചനം നേടാനുള്ള പ്രായമായിട്ടാണ് എട്ട് വയസ്സിനെ കുറിച്ചിരിക്കുന്നത്.
നിലവിലെ കണക്കനുസരിച്ച് ഇറാഖിലെ 25 ശതമാനം പെണ്‍കുട്ടികളും വിവാഹിതരാകുന്നത് 18 വയസ്സിന് മുമ്പാണ്. ചെറുപ്രായത്തിലുള്ള വിവാഹം പെണ്‍കുട്ടികളുടെ മനുഷ്യ സമൂഹത്തിനോടും ബാല്യത്തോടും ഉള്ള ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് ഇറാഖിലെ സാമൂഹ്യ പ്രവര്‍ത്തകയായ ഹന അദ്വാര്‍ പ്രതികരിച്ചത്. രാജ്യമെമ്പാടും സ്ത്രീ സ്വാതന്ത്ര്യവാദികള്‍ ബില്ലിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
ആറാം ഷിയ ഇമാം ആയ ജാഫര്‍ അല്‍ സാദിഖിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ബില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ജാഫരി പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ എന്നാണ് ഈ നിയം അറിയപ്പെടുന്നത്.


Click it and Unblock the Notifications