ഇറാഖ് കളി മാറ്റുന്നു; ക്രൂഡ് ഒഴുകുന്നത് ഇന്ത്യയ്ക്ക് നേട്ടമാകും, തുര്‍ക്കി-ഒമാന്‍ വഴി പൈപ്പ്‌ലൈന്‍
ബഗ്ദാദ്: ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. സൗദി അറേബ്യയെ പിന്തള്ളിയാണ് ഇറാഖ് ഇന്ത്യയുമായുള്ള ഇടപാടില്‍ മുന്നിലെത്തിയത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ ഓരോ രാജ്യങ്ങളും എത്ര അളവില്‍ ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യണം എന്ന ക്വാട്ടയുണ്ട്. ക്വാട്ട ലംഘിച്ച് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് ഇറാഖ്.
ഇപ്പോള്‍ ഉല്‍പ്പാദനം വീണ്ടും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇറാഖ്. ഇക്കാര്യം ഇറാഖിന്റെ എണ്ണ കമ്പനിയായ സോമോ മേധാവി അലി നിസാര്‍ അല്‍ ഷതാരി സ്ഥിരീകരിക്കുകയും ചെയ്തു. അധികമായി ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ കോടികളുടെ വരുമാനം കൂട്ടാനാണ് ഇറാഖ് ലക്ഷ്യമിടുന്നത്. ഇതാകട്ടെ, ഇന്ത്യയ്ക്ക് വലിയ നേട്ടമാകും.

ഓരോ ദിവസവും രണ്ട് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അധികമായി ഉല്‍പ്പാദിപ്പിക്കുന്ന കാര്യമാണ് അലി നാസര്‍ പറയുന്നത്. അങ്ങനെ ചെയ്താല്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. വലിയ എണ്ണ ശേഖരമുള്ള ഇറാഖ് നിലവില്‍ അതിന്റെ പൂര്‍ണമായ അളവില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. ഇനിയും പിന്നാക്കം നില്‍ക്കില്ല എന്ന് അലി നാസര്‍ പറയുന്നു.
ഒമാനിലേക്ക് പൈപ്പ് ലൈന്‍ പദ്ധതി
ആഗസ്റ്റില്‍ ഓരോ ദിവസവും ഇറാഖ് കയറ്റുമതി ചെയ്തത് 3.38 ദശലക്ഷം ബാരല്‍ എണ്ണയാണ്. സെപ്തംബറില്‍ ഇത് 3.45 ദശലക്ഷം ബാരല്‍ വരെ ഉയരുമെന്നാണ് ഇറാഖിന്റെ എണ്ണ കമ്പനി പ്രതീക്ഷിക്കുന്നത്. ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ പ്രധാനമായും എത്തുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്. ഏഷ്യയിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ പുതിയ പൈപ്പ്‌ലൈന്‍ പദ്ധതി ഒരുക്കുകയാണ് ഇറാഖ്.
ഒമാനിലേക്ക് പൈപ്പ് ലൈന്‍ വഴി ക്രൂഡ് ഓയില്‍ എത്തിക്കാന്‍ ഇറാഖിന് പദ്ധതിയുണ്ട്. ഇക്കാര്യം ഒമാന്‍ ഭരണകൂടവുമായി ചര്‍ച്ച ചെയ്തു. ബസറയിലെ എണ്ണ പാടങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഒമാനിലെ തീരത്തുള്ള സംഭരണ കേന്ദ്രത്തിലേക്ക് എത്തിക്കാനാണ് ആലോചന. ശേഷം ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാനും. ഇത് ഇന്ത്യയ്ക്ക് അതുല്യ അവസരമാണ് നല്‍കുക.
ഇറാഖില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്...
ഇന്ത്യ ഓരോ ദിവസവും ഇറാഖില്‍ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ അളവ് 11.8 ലക്ഷം ബാരല്‍ എണ്ണയാണ്. ഇന്ത്യ മൊത്തം ഇറക്കുമതി ചെയ്യുന്നതിന്റെ 23 ശതമാനവും ഇറാഖില്‍ നിന്നാണ്. ഇറാഖ് ഇനിയും ഉല്‍പ്പാദനം കൂടിയ്യാല്‍ അതിന്റെ നേട്ടം സ്വാഭാവികമായും ഇന്ത്യയ്ക്ക് കിട്ടും. ഇറാഖുമായി അടുത്ത സൗഹൃദമുള്ളതിനാല്‍ ഇന്ത്യയെ പരിഗണിക്കുകയും ചെയ്യും. വില കുറഞ്ഞ എണ്ണ ലഭിക്കുന്ന ഇടങ്ങളില്‍ നിന്ന് വാങ്ങുക എന്നതാണ് ഇന്ത്യയുടെ നയം.
അതേസമയം, യൂറോപ്യന്‍ വിപണി പിടിക്കാനും ഇറാഖിന് പദ്ധതിയുണ്ട്. കുര്‍ദിസ്ഥാന്‍ മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിപ്പിച്ചാണ് യൂറോപ്പിലെ എണ്ണ വിപണി പിടിക്കുക. റഷ്യയെ അകറ്റി നിര്‍ത്തിയ യൂറോപ്പിന് പുതിയ എണ്ണ രാജ്യം ആവശ്യമാണ്. കുര്‍ദിസ്ഥാനില്‍ നിന്ന് തുര്‍ക്കിയിലേക്ക് പൈപ്പ്‌ലൈന്‍ വഴി എണ്ണ എത്തിക്കാനാണ് ആലോചന. തുര്‍ക്കി വഴി യൂറോപ്പ് ആണ് ഇറാഖിന്റെ ലക്ഷ്യം. എന്നാല്‍ മേഖലയിലെ പ്രധാന എണ്ണ രാജ്യമായ സൗദി അറേബ്യ ഒപെക് വഴി അംഗരാജ്യങ്ങള്‍ക്ക് ഉല്‍പ്പാദന നിയന്ത്രണം കൊണ്ടുവരാനുള്ള സാധ്യതയുമുണ്ട്. നേരത്തെ ഇത്തരം നിയന്ത്രണം കൊണ്ടുവന്നിരുന്നു.












Click it and Unblock the Notifications