മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു; ഗാസയില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം 179 പേരെ കൂട്ടമായി സംസ്‌കരിച്ചു
ഗാസ: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഗാസയിലെ ആശുപത്രി സംവിധാനങ്ങള്‍ തകരാറിലായതോടെ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം നിരവധി രോഗികള്‍ മരണപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫ ആശുപത്രിയില്‍ നവജാതശിശുക്കള്‍ ഉള്‍പ്പടെ 179 പേരുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചെന്ന് ആശുപത്രി മേധാവി മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു.
തങ്ങള്‍ അവരെ ഒരു കൂട്ട ശവക്കുഴിയില്‍ അടക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് ആശുപത്രി ഡയറക്ടര്‍ പറഞ്ഞത്. മേഖലയിലെ വിനാശകരമായ മാനുഷിക പ്രതിസന്ധിയെ ആണ് ഇത് അടിവരയിടുന്നത്. ആശുപത്രിയിലെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലെ ഏഴ് കുഞ്ഞുങ്ങളും 29 രോഗികളും മരണപ്പെട്ടു. ആശുപത്രി സമുച്ചയത്തില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ് എന്നും വൈദ്യുതിയോ വെള്ളമോ ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രദേശത്തെല്ലാം അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം പരക്കുകയാണ് ഇവിടം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. തീര്‍ത്തും മനുഷ്യത്വരഹിതമായ അവസ്ഥയാണ് ഗാസയിലേത് എന്നാണ് മെഡെസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് ഓര്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഒരു സര്‍ജന്‍ ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്.
ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അല്‍ ഷിഫ ഹോസ്പിറ്റല്‍. ഇസ്രായേല്‍ സേനയുടെ ഉപരോധത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച 72 മണിക്കൂറിലധികം പുറംലോകവുമായി ബന്ധം വേര്‍പെട്ടിരിക്കുകയാണ് ഈ ആശുപത്രി. ഹമാസിന്റെ ഭൂഗര്‍ഭ ആസ്ഥാനത്തിന്റെ ഭാഗമായ തുരങ്കങ്ങളുടെ ശൃംഖലയുടെ മുകളിലാണ് ആശുപത്രി ഇരിക്കുന്നതെന്നാണ് ടെല്‍ അവീവ് വാദിക്കുന്നത്.
ആശുപത്രികളെയും രോഗികളെയും ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് ഇസ്രായേല്‍ ആരോപിച്ചു. എന്നാല്‍ ഹമാസും ഗാസ ആരോഗ്യ ഉദ്യോഗസ്ഥരും ഇത് നിഷേധിച്ചു. അല്‍ഷിഫയില്‍ മാത്രം 10000 ത്തിലധികം രോഗികളും ജീവനക്കാരും ഉണ്ടായിരിക്കാമെന്നാണ് യുഎന്‍ നിഗമനം. പ്രദേശത്തെ രണ്ടാമത്തെ പ്രധാന ആശുപത്രിയായ അല്‍ ഖുദ്സ് ഒരാഴ്ചയായി പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.
ആശുപത്രികളും മെഡിക്കല്‍ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. യുദ്ധത്തിലേര്‍പ്പെടുന്ന കക്ഷികള്‍ അവരുടെ സംരക്ഷണം ഉറപ്പാക്കണം എന്നാണ് ചട്ടം. എന്നാല്‍ ഗാസയില്‍ ഇതെല്ലാം ലംഘിക്കപ്പെടുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങളെ ഒഴിപ്പിക്കാന്‍ സഹായിക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അനുകൂല നീക്കമുണ്ടായിട്ടില്ല.
നവജാതശിശുക്കള്‍ അടക്കം യാതൊരു മെഡിക്കല്‍ സംവിധാനത്തിന്റെ സഹായവുമില്ലാതെ ആശുപത്രി വരാന്തയില്‍ കിടക്കുന്ന ചിത്രം ഇന്ന് പുറത്ത് വന്നിരുന്നു. ഇന്‍കുബേറ്റര്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഇന്ധനമില്ലാത്തതിനാല്‍ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ പോലും സാധാരണ കിടക്കകളിലേക്ക് മാറ്റിയിരിക്കുരയാണ്. രണ്ട് ദിവസങ്ങളിലായി 75 കുഞ്ഞുങ്ങളെയാണ് താന്‍ പരിശോധിച്ചത് എന്ന് പീഡിയാട്രിക് ഹെഡ് ഡോ. മുഹമ്മദ് തബാഷ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനകം 11240 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗവും സാധാരണക്കാരും 40 ശതമാനം കുട്ടികളും ആണെന്നും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു.












Click it and Unblock the Notifications