ഗാസയില്‍ വീണ്ടും ബോംബിട്ട് ഇസ്രായേല്‍; ഹമാസിന്റെ മുന്നറിയിപ്പിന് പിന്നാലെ കനത്ത ആക്രമണം
ഗാസ: ഹമാസിന്റെ മുന്നറിയിപ്പിന് പിന്നാലെ ഗാസയില്‍ ബോംബ് വര്‍ഷിച്ച് ഇസ്രായേല്‍. ദക്ഷിണ ഗാസയിലെ പ്രധാന നഗരത്തിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ ഒരു ഇസ്രായേല്‍ ബന്ദി പോലും ജീവനോടെ മടങ്ങില്ലെന്നായിരുന്നു ഹമാസിന്റെ മുന്നറിയിപ്പ്. ഗാസയിലെ ഖാന്‍ യൂനിസിലാണ് ഇസ്രായേല്‍ ഇന്ന് ആക്രമണം നടത്തിയത്.
ഇസ്രായേല്‍ തുരങ്കപാതയ്ക്കായി പരിശോധന നടത്തിയ ഒരു വീട് തകര്‍ത്തതായി പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പറഞ്ഞു. ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് മിസൈലാക്രമണം നടക്കുന്നതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കനത്ത ഏറ്റുമുട്ടലിന് പിന്നാലെയായിരുന്നു.

ഞായറാഴ്ച്ച ഗാസ സിറ്റിയിലും ഖാന്‍ യൂനിസിലും കടുത്ത ഏറ്റുമുട്ടലാണ് നടന്നത്. ഇസ്രായേലിന് ബന്ദികളെ ജീവനോടെ വിട്ടുനല്‍കാന്‍ ഞങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കണം. അല്ലാതെ ഒരാളെയും ജീവനോടെ വിട്ടുനല്‍കില്ലെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഗാസയില്‍ ഇപ്പോഴും 137 ബന്ദികള്‍ ബാക്കിയുണ്ടെന്ന് ഇസ്രായേല്‍ പറയുന്നു.
അതേസമയം സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത് ഏഴായിരത്തോളം പലസ്തീനികള്‍ ഇസ്രായേല്‍ ജയിലിലുണ്ടെന്നാണ്. അതേസമയം മാസങ്ങളായി തുടരുന്ന ബോംബിംഗുകളും, ഏറ്റുമുട്ടലുകളും ഗാസയിലെ ആരോഗ്യ സംവിധാനങ്ങളെ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. ഭൂരിഭാഗം ആശുപത്രികളും ഗാസയിലെ പ്രവര്‍ത്തിക്കുന്നില്ല. രണ്ട് മില്യണോളം ആളുകള്‍ വീടുകളെല്ലാം നഷ്ടപ്പെട്ട് ചിതറി പോയിരിക്കുകയാണ്.
ഗസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയില്‍ 30000ത്തോളം പേരാണ് അഭയാര്‍ത്ഥികളായിട്ടുള്ളതെന്ന് എഎഫ്പി പറയുന്നു. കഴിഞ്ഞ മാസമാണ ഇവിടെ കനത്ത ആക്രമണം ഇസ്രായേല്‍ സൈന്യം നടത്തിയത്. ആശുപത്രിക്ക് വലിയ നാശനഷ്ടം നേരിട്ടിട്ടുണ്ട്. ഞങ്ങളുടെ ജീവിതം നരകതുല്യമായിരിക്കുകയാണ്. വൈദ്യുതിയില്ല, വെള്ളമില്ല, ഭക്ഷണമോ, രോഗം ബാധിച്ച കുട്ടികള്‍ക്ക് നല്‍കാന്‍ മരുന്നുകള്‍ പോലുമില്ലെന്ന് 38കാരനായ മുഹമ്മദ് ദലൗള്‍ പറയുന്നു.
ഇയാള്‍ ഭാര്യക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം പലായനം ചെയ്തിരിക്കുകയാണ്. ഗാസയിലെ 2.4 മില്യണ്‍ ജനങ്ങളില്‍ ബഹുഭൂരിഭാഗവും വീടുകളെല്ലാം നഷ്ടപ്പെട്ട് തെരുവിലാണ്. ഇതില്‍ പാതിയും കുട്ടികളാണ്. ദക്ഷിണ ഭാഗത്തേക്ക് പോകാനായിരുന്നു ജനങ്ങളോട് ഇസ്രായേല്‍ നിര്‍ദേശിച്ചത്. എന്നാല്‍ യുദ്ധം വ്യാപിച്ചതോടെ ദക്ഷിണ മേഖലയില്‍ അടക്കം വ്യാപക ഏറ്റുമുട്ടലുണ്ടായി. ഇതോടെ സാധാരണ ജനങ്ങള്‍ക്ക് സുരക്ഷിതമായി പോകാന്‍ ഇടമില്ല.
സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇസ്രായേലിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട് മനുഷ്യാവകാശ സംഘടനകള്‍. മാപ്പിംഗ് സോഫ്റ്റ് വെയര്‍ ഇസ്രായേല്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ സാധാരണക്കാര്‍ക്ക് അപകടം സംഭവിക്കുന്നത് ഇല്ലാതാക്കുമെന്നാണ് ഇസ്രായേല്‍ പറയുന്നത്. എന്നാല്‍ വെള്ളമോ, ഭക്ഷണമോ, ആരോഗ്യ സംവിധാനങ്ങളോ, നിഷേധിച്ച് കൊണ്ട് ഗാസ സുരക്ഷിതമാണെന്ന് പറയുന്നത് തെറ്റാണെന്ന് യുഎന്‍ മനുഷ്യാവകാശ കോഓര്‍ഡിനേറ്ററായ ലിന്‍ ഹാസ്റ്റിംഗ്‌സ് പറഞ്ഞു.












Click it and Unblock the Notifications