ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ; കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ സൈന്യത്തിന് നിർദ്ദേശം
ടെൽ അവീവ്: ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഒരുങ്ങി ഇസ്രായേൽ. ബന്ദികളെ മോചിപ്പിക്കാൻ വിസമ്മതിച്ചാൽ ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. പലസ്‌തീൻ തീവ്രവാദ സംഘടനയായ ഹമാസ് ബന്ദികളെ കൈമാറാൻ തയ്യാറായില്ലെങ്കിൽ ഗാസയിൽ കൂടുതൽ അധിനിവേശത്തിന് ഉത്തരവിട്ടിരിക്കുകയാണ് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്.
റിപ്പോർട്ട് അനുസരിച്ച്, ഗാസ മുനമ്പിന്റെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഇസ്രായേൽ പ്രതിരോധ സേനയോട് (ഐഡിഎഫ്) ഉത്തരവിട്ടതായും അതോടൊപ്പം ദുരിതബാധിത പ്രദേശങ്ങളിലെ പലസ്‌തീൻ സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചതായും കാറ്റ്സ് അറിയിച്ചു. വെടിനിർത്തൽ കരാറിൽ അനിശ്ചിതത്വം നിലനിൽക്കെയാണ് ഈ തീരുമാനം.

'ഹമാസ് ഭീകര സംഘടന ബന്ദികളെ മോചിപ്പിക്കാൻ വിസമ്മതിക്കുന്നത് തുടരുകയാണെങ്കിൽ, കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനും ജനങ്ങളെ ഒഴിപ്പിക്കാനും ഇസ്രായേൽ സമൂഹങ്ങളുടെയും ഐഡിഎഫ് സൈനികരുടെയും സംരക്ഷണത്തിനായി ഗാസയ്ക്ക് ചുറ്റുമുള്ള സുരക്ഷാ മേഖല വികസിപ്പിക്കാനും ഞാൻ ഐഡിഎഫിന് നിർദ്ദേശം നൽകി' എന്നായിരുന്നു കാറ്റ്സ് പറഞ്ഞു.
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം, ഇസ്രായേൽ വെടിനിർത്തൽ അവസാനിപ്പിച്ചതിനെത്തുടർന്ന് ഹമാസ് പ്രദേശത്ത് ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ആക്രമണമാണ് ഇസ്രായേൽ അഴിച്ചുവിട്ടത്. സാധാരണക്കാർ ഉൾപ്പെടെ നിരവധി പേർക്കാണ് വിവിധ ആക്രമണങ്ങളിൽ ജീവൻ നഷ്‌ടമായത്.
ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനും ഹമാസിനെ പരാജയപ്പെടുത്തുന്നതിനും വേണ്ടി കരസേനാ ആക്രമണം ശക്തമാക്കിയതായി കാറ്റ്സ് പറഞ്ഞു. ഗാസയിലെ തെക്കൻ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കൽ, ഗാസ നിവാസികൾക്കായി യുഎസ് പ്രസിഡന്റ് ട്രംപിന്റെ സ്വമേധയാ ഉള്ള കുടിയേറ്റ പദ്ധതി നടപ്പിലാക്കൽ എന്നിവയുൾപ്പെടെ എല്ലാ സൈനിക, സിവിലിയൻ സമ്മർദ്ദങ്ങളും ഇസ്രായേൽ ഇതിനായി ഉപയോഗിക്കുമെന്നാണ് പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തത്.
അതിനിടെ രാജ്യാന്തര തലത്തിൽ വിമർശനം ഉയർന്നിട്ടും ഹമാസിനും പലസ്‌തീനും എതിരായ ഇസ്രായേൽ കടന്നാക്രമണത്തെ യുഎസ് കഴിഞ്ഞ ദിവസവും പിന്തുണച്ചു രംഗത്ത് വന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ചൊവ്വാഴ്‌ച പുലർച്ചെ ഗാസ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാന്നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് പിന്തുണ പരസ്യമാക്കിയത്.
വ്യാഴാഴ്‌ച ഗാസ മുനമ്പിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 85 പേർ കൂടി കൊല്ലപ്പെട്ടു. അതേസമയം, വെടിനിർത്തൽ നീട്ടുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയില്ലാത്തതിനാലാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. നിലവിൽ വെടിനിർത്തൽ അനിശ്ചിതത്വത്തിലാണ്.












Click it and Unblock the Notifications