ഇസ്രയേലിന് നേരെ ഹൂത്തികളുടെ ആക്രമണം; സൈറണുകള്‍ മുഴങ്ങി: പ്രത്യാഘാതം നേരിടുമെന്ന് മന്ത്രി
ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ വീണ്ടും ആശങ്ക വിതച്ച് ഇസ്രയേലിന് നേരെ യമനില്‍ നിന്ന് ഹൂത്തികളുടെ ആക്രമണം. ഇസ്രയേലിലെ പ്രധാന നഗരങ്ങളില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. നാശനഷ്ടങ്ങള്‍ ഇല്ലാതെ ആകാശത്ത് വച്ച് തന്നെ മിസൈലുകള്‍ തകര്‍ക്കാന്‍ സാധിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
ആക്രമണം ഇസ്രായേല്‍ പ്രതിരോധ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് പ്രതിരോധ മന്ത്രി നല്‍കി. ഇസ്രായേലിനെ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

2023 ല്‍ ഗാസയില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചത് മുതല്‍ പാലസ്തീന് പിന്തുണയുമായി ചെങ്കടലില്‍ ഇസ്രായേലിന്റെ യുദ്ധക്കപ്പലുകള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും നേരെ ഹൂത്തികള്‍ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ട്. ഭൂരിഭാഗം മിസൈലുകളും ലക്ഷ്യത്തിലെത്താതെ തടയാന്‍ ഇസ്രയേല്‍ സൈന്യത്തിനും യുഎസ് നാവിക സേനയ്ക്കും കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മാസം ഇറാനും ഇസ്രായേലും തമ്മില്‍ നടന്ന 12 ദിവസത്തെ സംഘര്‍ഷത്തില്‍ ഹൂത്തികളും പങ്കുചേര്‍ന്നിരുന്നു.ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്ത് അമേരിക്ക കൂടി യുദ്ധം മുഖത്തേക്ക് വന്നതിന് പിന്നാലെ ഹൂത്തികള്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെയും ആക്രമണം നടത്തിയിരുന്നു.
ടെഹ്‌റാനെ ആക്രമിച്ചാല്‍ യമനിലെ ഹൂത്തികളെയും ഞങ്ങള്‍ ആക്രമിക്കും. ഇസ്രായേലിനെതിരെ ആരെങ്കിലും കൈ ഉയര്‍ത്തുകയാണെങ്കില്‍ ആ കൈ ഞങ്ങള്‍ വെട്ടിമാറ്റുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രിയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഹൂത്തികള്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ യെമനില്‍ നാവിക വ്യോമ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇസ്രയേല്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂത്തികളുടെ തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ ചെങ്കടലില്‍ ആഗോള ചരക്കു ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു. കപ്പലുകള്‍ വഴി തിരിച്ചുവിടാന്‍ ഷിപ്പിംഗ് കമ്പനികള്‍ നിര്‍ബന്ധിതരായി. ഇത് കൂടുതല്‍ യാത്രാ സമയത്തിനും ചെലവ് വര്‍ധിക്കാനും കാരണമായിട്ടുണ്ട്. ആഗോള വ്യാപാരത്തെ തടപ്പെടുത്തുന്ന ഹൂത്തികളുടെ ആക്രമണങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
'മേഖലയിലെ സുരക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്ന് അമേരിക്കയും അറിയിച്ചു. ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇറാനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഹൂത്തി ആക്രമണങ്ങളെ ഇസ്രയേല്‍, അമേരിക്കന്‍ ഭരണകൂടങ്ങള്‍ വിലയിരുത്തുന്നത്.












Click it and Unblock the Notifications