അല്‍ അഖ്‌സ പള്ളിയിലേക്ക് ഇരച്ചുകയറി ഇസ്രായേല്‍ പോലീസ്; 150ലധികം പേര്‍ക്ക് പരിക്ക്, പ്രതിഷേധം
ജറുസലേം: കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ സംഘര്‍ഷം. ഇസ്രായേല്‍ പോലീസ് പള്ളി കോപൗണ്ടിലേക്ക് ഇരച്ചുകയറി പലസ്തീന്‍കാരെ മര്‍ദ്ദിച്ചു. 150ലധികം പലസ്തീന്‍ക്കാര്‍ക്ക് പരിക്കേറ്റു. പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് കോപൗണ്ടിലേക്ക് കയറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച അതിരാവിലെ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെയാണ് പോലീസ് ആക്രമണം നടത്തിയത്. റമദാനിലെ വെള്ളിയാഴ്ച ആയതിനാല്‍ അതിരാവിലെ മുതല്‍ വിശ്വാസികള്‍ പള്ളിയിലെത്തി തുടങ്ങിയിരുന്നു. ജൂതര്‍ക്കും ക്രൈസ്തവര്‍ക്കും പുണ്യദിനങ്ങളാണിപ്പോള്‍.
വെള്ളിയാഴ്ച പുലരും മുമ്പാണ് ഇസ്രായേല്‍ പോലീസ് ആക്രമണം നടത്തിയതെന്ന് മുസ്ലിം നേതാക്കള്‍ അറിയിച്ചു. പലസ്തീന്‍ യുവാക്കള്‍ കല്ലെറിയുന്നതിന്റെയും ഇസ്രായേല്‍ പോലീസ് ഗ്രനേഡ് പ്രയോഗിക്കുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. പള്ളിയുടെ ഗാര്‍ഡുമാരില്‍ ഒരാള്‍ക്ക് കണ്ണിന് റബ്ബര്‍ ബുള്ളറ്റേറ്റ് പരിക്കുണ്ട്. പള്ളിയിലേക്ക് ആംബുലന്‍സ് എത്തിക്കുന്നത് ഇസ്രായേല്‍ പോലീസ് തടഞ്ഞു. പരിക്കേറ്റവര്‍ ഏറെ നേരം രക്തമൊലിപ്പിച്ച് പള്ളിയില്‍ കിടക്കേണ്ടി വന്നുവെന്ന് റെഡ് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

300ഓളം പലസ്തീന്‍കാരെ അറസ്റ്റ് ചെയ്തുവെന്ന് ഇസ്രായേല്‍ പോലീസ് അറിയിച്ചു. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പലസ്തീന്‍കാര്‍ പറയുന്നു. പള്ളി കോപൗണ്ടില്‍ നിന്ന് തങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോഴാണ് പള്ളിയിലേക്ക് കയറിയതെന്ന് ഇസ്രായേല്‍ പോലീസ് പറഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് ശ്രമിച്ചത്. ഈവേളയില്‍ കല്ലേറ് ശക്തമായി. തൊട്ടടുത്ത ജൂത ആരാധനാ സ്ഥലമായ വെസ്റ്റേണ്‍ വാളിലേക്കും കല്ലേറുണ്ടായെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ഇതിന് വിരുദ്ധമയിട്ടാണ് പലസ്തീന്‍ ക്യാമറാമാന്‍ റാമി അല്‍ ഖാതിബ് പ്രതികരിച്ചത്.
അതിരാവിലെ വിശ്വാസികള്‍ പ്രാര്‍ഥനയ്ക്ക് ഒത്തുകൂടിയ സമയം പോലീസ് അകാരണമായി ഇരച്ചുകയറി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്ന് അല്‍ ഖാതിബ് പറയുന്നു. പള്ളി ജീവനക്കാരെ പോലും ആക്രമിച്ചു. പ്രായമായവരെയും യുവാക്കളെയും വെറുതെവിട്ടില്ല. റബ്ബര്‍ ബുള്ളറ്റേറ്റ് നിരവധി പേര്‍ക്ക് പരിക്കുണ്ട്. പലര്‍ക്കും മുഖത്താണ് പരിക്ക്. സഹായത്തിനെത്തിയ മെഡിക്കല്‍ സ്റ്റാഫിനും മര്‍ദ്ദനമേറ്റെന്നും അല്‍ ഖാതിബ് പറഞ്ഞു. അല്‍ ഖാതിബിനും പരിക്കേറ്റിട്ടുണ്ട്. അല്‍ അഖ്‌സ പള്ളിയില്‍ ആക്രമണം നടത്തണമെന്ന് തീവ്ര ജൂത നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് അല്‍ ജസീറ ലേഖക റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേല്‍ സൈന്യത്തിന്റെ ഇത്തരം ആക്രമണങ്ങളാണ് യുദ്ധത്തിലേക്ക് വഴി മാറുകയെന്ന് പലസ്തീന്‍ പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു. എന്തുവില കൊടുത്തും അല്‍ അഖ്‌സ പള്ളി സംരക്ഷിക്കുമെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. എല്ലാ പലസ്തീന്‍കാരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിങ്ങള്‍ക്കും ജൂതര്‍ക്കും ക്രൈസ്തവര്‍ക്കും പ്രാധാന്യമുള്ള നഗരമാണ് ജറുസലേം. മൂന്ന് മതക്കാര്‍ക്കും ഇവിടെ പ്രത്യേക ആരാധനാ കേന്ദ്രമുണ്ട്. രണ്ടു വര്‍ഷം മുമ്പ് ഇസ്രായേല്‍ സൈന്യം അല്‍ അഖ്‌സ പള്ളിയില്‍ നടത്തിയ ആക്രമണമാണ് 11 ദിവസം നീണ്ട യുദ്ധത്തിലേക്ക് നയിച്ചത്. ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന മലയാളിയായ യുവതി കൊല്ലപ്പെട്ടതും ഈ യുദ്ധത്തിനിടെയായിരുന്നു.












Click it and Unblock the Notifications