ശക്തമായ ഭൂകമ്പം; വിറങ്ങലിച്ച് ജപ്പാന്‍, നിരവധി മരണം, രണ്ടുലക്ഷം പേര്‍ ഇരുട്ടില്‍!! ദുരന്തഭൂമി...
ടോക്കയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കൈലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിച്ചു. ഒട്ടേറെ കെട്ടിടകങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്തെ മിക്ക കെട്ടിടങ്ങള്‍ക്കും വിള്ളല്‍ സംഭവിച്ചു. വൈദ്യുതി ബന്ധം നഷ്ടമായി.
കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതോടെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ സ്ഥിതി ദയനീയമാണ്. മരണതുല്യമായ അവസ്ഥയില്‍ നിരവധി പേര്‍ കഴിയുന്നുണ്ടെന്നന്ന് ജപ്പാന്‍ ടെലിവിഷനായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുലക്ഷത്തോളം പേര്‍ ഇരുട്ടിലാണെന്ന് പോലീസ് അറിയിച്ചു. ഇടക്കിടെ ഭൂചലനമുണ്ടാകുന്ന പ്രദേശമാണിത്. സംഭവസ്ഥലത്ത് നിന്ന് പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ...

മൂന്ന് മരണം സ്ഥിരീകരിച്ചു
മൂന്ന് പേരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു 80 വയസുകാരനും ഒമ്പതു വയസുകാരിയും ഇതില്‍പ്പെടും. ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന് വീണ മതിലനടിയില്‍പ്പെട്ടാണ് രണ്ടു പേര്‍ മരിച്ചത്. നിരവധി പേര്‍ മരണതുല്യമായ അവസ്ഥയില്‍ കഴിയുകയാണ്. ഡോക്ടര്‍മാരുടെ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് മരണം പ്രഖ്യാപിക്കുക.

വടക്കന്‍ ഒസാക്ക
വടക്കന്‍ ഒസാക്കയിലാണ് നഷ്ടം കൂടുതല്‍. ഇതിനോട് ചേര്‍ന്ന ഹ്യൂഗോയിലും കെട്ടിടങ്ങള്‍ക്ക് വിള്ളലുണ്ടായി. ഒസാക്കയില്‍ മാത്രം രണ്ടുലക്ഷത്തോളം പേര്‍ ഇരുട്ടില്‍ കഴയുകയാണ്. വൈദ്യുതി ബന്ധം ഇതുവരെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യുതി ലൈനുകളെല്ലാം തകര്‍ന്ന് കിടക്കുകയാണെന്ന് വൈദ്യുത വിതരണ കമ്പനിയായ കന്‍സായ് അറിയിച്ചു.

വീടിന് തീപ്പിടിച്ചു, ട്രെയിന്‍ നിര്‍ത്തി, പൈപ്പുകള്‍ പൊട്ടി
ദുരന്തത്തിനിടെ ഒരു വീടിന് തീപ്പിടിച്ചു. കുടിവെള്ള പൈപ്പുകളെല്ലാം തകര്‍ന്നതോടെ പലയിടങ്ങളിലും വെള്ളം കയറി. കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുകയാണ് ദുരിതാശ്വാസ ക്യാംപിലുള്ളവര്‍. തിങ്കളാഴ്ച രാവിലെയാണ് ശക്തമായ ഭൂകമ്പമുണ്ടായത്. ഒസാക്കയിലെ റെയില്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്.

പ്രധാനമന്ത്രി പറയുന്നു...
പലയിടത്തും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാര്യമായ നഷ്ടം രണ്ടിടത്ത് മാത്രമാണുണ്ടായത്. നാശനഷ്ടങ്ങള്‍ കണക്കെടുത്ത് വരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. 300 പേര്‍ക്ക് പരിക്കേറ്റതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

പാളങ്ങളില്‍ വന്‍ വിടവുണ്ടായി
ജപ്പാനില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 8.30നാണ് ഭൂകമ്പമുണ്ടായത്. സ്‌കൂളിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ഥിനിയാണ് മതില്‍ ദേഹത്ത് വീണ് മരിച്ചത്. മറ്റൊരാള്‍ ഭൂകമ്പത്തെ തുടര്‍ന്ന് ഹൃദയാഘാതം വന്നാണ് മരിച്ചത്. പലയിടത്തും പാളത്തില്‍ വന്‍ വിടവ് രൂപപ്പെട്ടു. ട്രെയിന്‍ ഗതാഗതം ഒസാക്കയില്‍ പൂര്‍ണമായും നിര്‍ത്തിവച്ചു.

ഗ്വാട്ടിമാലയിലും ഭൂകമ്പം
ഗ്വാട്ടിമാലയിലും ഭൂകമ്പമുണ്ടായിട്ടുണ്ട്. 5.6 തോതാണ് അവിടെ രേഖപ്പെടുത്തിയത്. കാര്യമായ നഷ്ടങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജപ്പാനും ഗ്വാട്ടിമാലയും ഭൂകമ്പ സാധ്യതാ പ്രദേശങ്ങളിലാണുള്ളത്. ജപ്പാനില്‍ ശക്തിയേറിയ ഭൂകമ്പത്തിന് ശേഷം നേരിയ തുടര്‍ ചലനങ്ങളും അനുഭവപ്പെടുന്നുണ്ട്.

13 കിലോമീറ്റര്‍ താഴെ
ഒസാക്കയിലെ വടക്കന്‍ മേഖലയില്‍ ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഭൗമ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഒസാക്ക, ഹ്യൂഗോ, ക്യോതോ, മിയി എന്നീ നഗരങ്ങളിലെല്ലാം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പലയിടത്തും മരണം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.

അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി
തകര്‍ന്നുവീണ കെട്ടിടത്തിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി വിവരമുണ്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് മന്ത്രി ഹാച്ചിറോ ഒക്കനോഗി പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ തകര്‍ന്ന എലവേറ്ററിനടിയില്‍ കുടുങ്ങിയവരെ പോലീസെത്തി രക്ഷപ്പെടുത്തി.

മണ്ണിടിച്ചിലുണ്ടാകും
ശക്തമായ മണ്ണിടിച്ചിലുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരുന്ന അഞ്ചുദിവസം ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. വരും ദിവസങ്ങളില്‍ ഭൂകമ്പമുണ്ടാകുമെന്നും സൂചനയുണ്ട്. ഒസാക്കയില്‍ ആണവ നിലയങ്ങളുണ്ട്. ഇതിന് കേടുപാടുകള്‍ സംഭവിച്ചതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുഗ പറഞ്ഞു.

1995 ആവര്‍ത്തിക്കുമോ
60 ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍ത്തിവച്ചു. നിരവധി എക്‌സ്പ്രസ് ഹൈവേകള്‍ അടച്ചിട്ടു. രണ്ട് വിമാനത്താവളങ്ങളും മുന്‍കരുതലെന്നോണം അടച്ചു. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിമാനത്താവളങ്ങള്‍ തുറക്കും. 1995ലാണ് ഇതിന് മുമ്പ് ഒസാക്കയില്‍ ശക്തമായ ഭൂകമ്പമുണ്ടായത്. അന്ന് റിക്ടര്‍ സ്‌കൈലില്‍ 7 രേഖപ്പെടുത്തിയിരുന്നു. 6434 പേരാണ് അന്ന് മരിച്ചത്.












Click it and Unblock the Notifications