റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക, പുടിന് തെറ്റ് പറ്റിയെന്ന് ജോ ബൈഡൻ
വാഷിംഗ്ടണ്‍: യുക്രൈനില്‍ യുദ്ധം തുടരുന്ന റഷ്യയ്ക്ക് എതിരെയുളള നീക്കം കടുപ്പിച്ച് അമേരിക്ക. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി പ്രസിഡണ്ട് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. യുഎസ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്റെ പ്രഖ്യാപനം. യുക്രൈന് മേല്‍ ആസൂത്രിതവും പ്രകോപനം കൂടാതെയുമുളള യുദ്ധമാണ് റഷ്യ നടത്തുന്നതെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി.
''നാറ്റോയും പടിഞ്ഞാറന്‍ രാജ്യങ്ങളും പ്രതികരിക്കില്ലെന്നാണ് പുടിന്‍ കരുതിയിരുന്നത്. നമ്മളെ വിഭജിക്കാമെന്ന് പുടിന്‍ കരുതി. എന്നാല്‍ പുടിന് തെറ്റി. തങ്ങള്‍ തയ്യാറായിട്ടിരിക്കുകയായിരുന്നു. ഏകാധിപതികള്‍ അവരുടെ ചെയ്തികള്‍ക്കുളള വിലയൊടുക്കാതിരിക്കുമ്പോള്‍ അവര്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുന്നു എന്നാണ് ചരിത്രത്തില്‍ നിന്ന് നാം പഠിച്ചിട്ടുളളത്. അവര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കും. അപ്പോള്‍ അമേരിക്കയ്ക്കും ലോകത്തിനും അവര്‍ സൃഷ്ടിക്കുന്ന ഭീഷണി ഉയരും. അതുകൊണ്ടാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിന് വേണ്ടി നാറ്റോ സഖ്യമുണ്ടാക്കിയത്''.

''29 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും അതിലൊരു അംഗമാണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ നയതന്ത്രം പ്രധാനപ്പെട്ടതാണ്. ഒരു വിദേശരാജ്യത്ത് അധിനിവേശം നടത്തിക്കൊണ്ട് ഒരു റഷ്യന്‍ സ്വേച്ഛാധിപതി ലോകത്തിനാകെ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. നയതന്ത്ര തലത്തിലുളള ശ്രമങ്ങളെ പുടിന്‍ തള്ളിക്കളഞ്ഞു. റഷ്യയുടെ സമ്പദ്വ്യവസ്ഥയെ ലക്ഷ്യം വെച്ച് കൊണ്ടുളള അമേരിക്കയുടെ ഉപരോധം ഫലം കാണുന്നുണ്ട് എന്ന് ഉറപ്പാക്കും'', ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
പുടിന്‍ കരുതിയത് യുക്രൈനെ എളുപ്പത്തില്‍ വരുതിയിലാക്കാം എന്നാണ്. എന്നാല്‍ പുടിന്‍ ഒരിക്കലും സങ്കല്‍പ്പിക്കാത്ത തരത്തിലുളള കരുത്തുറ്റ മതിലാണ് അദ്ദേഹത്തിന്റെ മുന്നില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. പുടിന്‍ മുഖാമുഖം വന്നിരിക്കുന്നത് യുക്രൈന്‍ ജനതയുമായിട്ടാണ്. യുക്രൈന്‍ പ്രസിഡണ്ട് സെലെന്‍സ്‌കി യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് പോലെ ഇരുട്ടിന് മീതെ വെളിച്ചം വിജയം കാണും, ജോ ബൈഡന്‍ പറഞ്ഞു. യുക്രൈന് അമേരിക്കയുടെ പൂര്‍ണ പിന്തുണ ബൈഡന്‍ ഉറപ്പ് നല്‍കി.
അതേസമയം യുക്രൈനില്‍ ഏഴാം ദിവസവും റഷ്യ രൂക്ഷമായ ആക്രമണം തുടരുകയാണ്. കാര്‍ക്കീവ് നഗരത്തിന്റെ നിയന്ത്രണം പിടിക്കാനുളള നീക്കത്തിലാണ് ഇപ്പോള്‍ റഷ്യ. നിരന്തരമായ സ്‌ഫോടനങ്ങളാണ് യുക്രൈന്‍ നഗരങ്ങളില്‍ നടക്കുന്നത്. യുക്രൈനിലെ ടെലിവിഷന്‍ ടവര്‍ റഷ്യ തകര്‍ത്തു. അതിനിടെ റഷ്യ-യുക്രൈന്‍ രണ്ടാം വട്ട ചര്‍ച്ച ഇന്ന് നടന്നേക്കുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം നിര്‍ത്തിയ ശേഷം വേണം ചര്‍ച്ചയ്ക്ക് ഇരിക്കാനെന്ന് യുക്രൈന്‍ പ്രസിഡണ്ട് സെലെന്‍സ്‌കി ആവശ്യപ്പെട്ടു.












Click it and Unblock the Notifications