'വര്‍ഗീയ വിദ്വേഷത്തെക്കുറിച്ച് മോദിയോട് ചോദിക്കണം'; ബൈഡനോട് വാഷിംഗ്ടണ്‍ പോസ്റ്റ്
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയിലെ ജനാധിപത്യത്തില്‍ നിന്നുള്ള പിന്‍വാങ്ങലിനെക്കുറിച്ച് സംസാരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ്. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കണമെന്നും എന്നാല്‍ മോദിയുടെ ജനാധിപത്യത്തില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് മൗനം പാലിക്കാന്‍ കഴിയില്ലെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞു.
'ഭൂരിപക്ഷ ഹിന്ദു ദേശീയതയുടെ ബാനറിന് കീഴില്‍ അവര്‍ (ബി ജെ പി) മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയാണ്. പത്രസ്വാതന്ത്ര്യം ഇല്ലാതാക്കുകയും സ്വതന്ത്രരായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പൗരസമൂഹത്തെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു. മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ബൈഡനും മറ്റുള്ളവരും ജനാധിപത്യവും മാനുഷിക മൂല്യങ്ങളോടുള്ള ആദരവും ഇന്ത്യയുടെ വളര്‍ച്ചക്ക് പ്രധാനമാണ് എന്ന് പറയണം,' വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞു.

ഇന്ത്യയിലെ ഏകദേശം 200 ദശലക്ഷം മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള വര്‍ഗീയ കലാപത്തിന്റെയും വിഷലിപ്തമായ വിദ്വേഷത്തിന്റെയും പ്രചരണം തടയുന്നതിനെക്കുറിച്ച് മോദിയുമായി ചര്‍ച്ച ചെയ്യണം എന്നും വാഷിംഗ്ടണ്‍ പോസ്റ്റ് ആവശ്യപ്പെട്ടു. എല്ലാ തലങ്ങളിലും സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കെതിരെ വ്യവസ്ഥാപിതമായി വിവേചനം കാണിക്കുന്ന നിയമങ്ങളും നയങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ മാധ്യമം ചൂണ്ടിക്കാട്ടി.
ചില സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി മുസ്ലീങ്ങളുടെ സ്വത്തുക്കള്‍ തകര്‍ക്കുകയാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനും വിയോജിപ്പിനുമെതിരായ കടന്നാക്രമണമാണ് ഇന്ത്യയില്‍ നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവര്‍ ഓണ്‍ലൈന്‍ പീഡനത്തിന് വിധേയരായിട്ടുണ്ട് പത്രം പറയുന്നു.
പല മാധ്യമങ്ങളെയും സര്‍ക്കാര്‍ നിയന്ത്രിക്കുന്നു. എന്ത് അച്ചടിക്കണം എന്ത് പ്രക്ഷേപണം ചെയ്യണം എന്നതിനെക്കുറിച്ചുള്ള നേരിട്ടുള്ള ഉത്തരവുകള്‍ മാധ്യമങ്ങളില്‍ ചാര്‍ത്തുന്നു. തനിക്ക് ഇഷ്ടപ്പെടാത്ത സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെന്നും മോദിയെ കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതിനെ വിലക്കിയെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞു.
ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകള്‍ റെയ്ഡ് ചെയ്തതും വാഷിംഗ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിതര സംഘടനകള്‍ക്കും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ക്കുമെതിരായ അടിച്ചമര്‍ത്തലുകളും ഇന്ത്യയില്‍ നടക്കുന്നു. മോദി സര്‍ക്കാര്‍ വിമര്‍ശകരെ തളര്‍ത്താന്‍ ഭരണകൂട അധികാരം എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഒരു കേസ് സ്റ്റഡി ആയിരുന്നു റെയ്ഡുകള്‍ എന്നും വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖനത്തില്‍ പറയുന്നു.












Click it and Unblock the Notifications