ലാഹോറില്‍ തെരുവ് യുദ്ധം, ഇമ്രാന്റെ വീട്ടിലേക്ക് ടിയര്‍ ഗ്യാസെറിഞ്ഞ് പൊലീസ്; കല്ലേറുമായി പ്രവര്‍ത്തകരും
ഞാന്‍ ജയിലില്‍ കിടന്നാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്കായി പോരാടണം. എന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസ് എത്തിയിരിക്കുന്നത്, പോരാടുക എന്നാണ് ഇമ്രാന്‍ പറഞ്ഞിരിക്കുന്നത്

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പി ടി ഐ തലവനുമായ ഇമ്രാന്‍ ഖാന്റെ വസതിക്ക് മുന്നില്‍ പൊലീസും പി ടി ഐ പ്രവര്‍ത്തകരും തമ്മില്‍ വന്‍ സംഘര്‍ഷം. തോഷഖാന അഴമിതിക്കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പിടിഐ പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുകയാണ്. ഇമ്രാന്‍ ഖാന്റെ വസതിക്ക് മുന്നില്‍ പൊലീസിന് തടഞ്ഞ് കൊണ്ട് പ്രവര്‍ത്തകര്‍ തടിച്ച് കൂടി. ഇവര്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.
അക്ഷരാര്‍ത്ഥത്തില്‍ തെരുവ് യുദ്ധമാണ് ലാഹോറില്‍ നടക്കുന്നത്. ഇമ്രാന്‍ ഖാന്റെ വസതിയിലേക്ക് പൊലീസ് ടിയര്‍ ഗ്യാസ് എറിഞ്ഞു. പ്രവര്‍ത്തകരെ തുരത്താന്‍ ജലപീരങ്കിയും പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പൊലീസിനെ കടത്തി വിടാന്‍ തയ്യാറായിട്ടില്ല. കൂടുതല്‍ പി ടി ഐ പ്രവര്‍ത്തകര്‍ ലാഹോറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
അതിനിടെ വീട്ടിനുള്ളില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ വീഡിയോ സന്ദേശം പുറത്ത് വിട്ടു. താന്‍ ജയിലില്‍ കിടന്നാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്കായി പോരാടണം എന്ന് ഇമ്രാന്‍ ഖാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസ് എത്തിയിരിക്കുന്നത്. ഞാന്‍ ജയിലില്‍ പോയാല്‍ ജനങ്ങള്‍ അടങ്ങിക്കോളും എന്നാണ് അവര്‍ കരുതുന്നത്.

എന്നാല്‍ അത് തെറ്റാണെന്ന് തെളിയിക്കണം എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഈ അടിമത്തം അംഗീകരിക്കാനാവില്ല എന്ന് ജനങ്ങള്‍ തീരുമാനിക്കണം എന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. നിയമത്തിന്റെ പരമാധികാരത്തിനായി നിലകൊള്ളാനും യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനായി പോരാടാനും ഇമ്രാന്‍ ഖാന്‍ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രിയായിരിക്കെ വിദേശത്തെ പ്രമുഖരുടെ സമ്മാനങ്ങള്‍ നിയമവിരുദ്ധമായി വിറ്റതിന് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇമ്രാന്‍ ഖാന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷം വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത്. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വിളിച്ചിട്ടുണ്ടെന്നാണ് വിവരം.
അതിനിടെ പി ടി ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഡി ഐ ജിക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. പൊലീസിന്റെ ടിയര്‍ ഗ്യാസ് ആക്രമണത്തില്‍ നിരവധി പി ടി ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായി ദൃക്സാക്ഷികള്‍ പറഞ്ഞു.












Click it and Unblock the Notifications