സൈനികരെ ഉടൻ പിൻവലിക്കണമെന്ന് ഇന്ത്യയോട് മാലിദ്വീപ്; വിദേശ സൈനികർ വേണ്ടെന്ന് മുയിസു
ഇന്ത്യൻ സൈനികരെ മാലിദ്വീപിൽ നിന്നും പിൻവലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു.രാജ്യത്ത് നിന്ന് സൈനിക സാന്നിധ്യം പിൻവലിക്കാൻ സർക്കാർ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത തൊട്ടടുത്ത ദിവസമാണ് മുയിസുവിന്റെ പ്രഖ്യാപനം.
ഇനി മുതൽ രാജ്യത്ത് വിദേശ സൈനികർ ഉണ്ടാകില്ലെന്ന് ഇന്ത്യയുടെ പേരെടുത്ത് പറയാതെ മുയിസു വ്യക്തമാക്കി. 'രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച് ഞാൻ ഒരു ചുവന്ന വര വരയ്ക്കും. മറ്റ് രാജ്യങ്ങളുടെ ചുവന്ന വരകളെയും മാലിദ്വീപ് ബഹുമാനിക്കും', മുയിസു പറഞ്ഞു. കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുയിസുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹം എത്തിയത്.

മാല ദ്വീപിലെ ഇന്ത്യന്‍ സൈനിക സാന്നിധ്യം പൂര്‍ണമായി ഇല്ലാതാക്കുക എന്നതാണ് തന്റെ പ്രഥമ ഉത്തരവാദിത്വമെന്നാണ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുയിസു വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഇന്ത്യന്‍ സൈന്യം തുടരേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അതിനാല്‍ തന്നെ താന്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തീരുമാനം നടപ്പാക്കുമെന്നുമായിരുന്നു മുയിസു പറഞ്ഞത്.
ഇന്ത്യയ്ക്ക് മാലിദ്വീപിൽ 70 സൈനികരുണ്ട്. റഡാറുകളും നിരീക്ഷണ വിമാനങ്ങളും കൈകാര്യം ചെയ്യുക, രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ പട്രോളിംഗ് നടത്തുക,ഇന്ത്യൻ യുദ്ധക്കപ്പലുകൾ സഹായിക്കുക എന്നിവയാണ് ഇവരുടെ ഉത്തരവാദിത്തങ്ങൾ. ചൈനീസ് അനുകൂല നിലപാടുള്ളയാളാണ് മുയിസു. എന്നാൽ ഇന്ത്യൻ സൈന്യത്തിന് പകരം ചൈനീസ് സൈനികരെ നിയമിച്ച് പ്രാദേശിക സന്തുലിതാവസ്ഥ ഉയർത്തുകയല്ല തന്റെ ഉദ്ദേശമെന്ന് അടുത്തിടെ മുയിസു പറഞ്ഞിരുന്നു.
54.06 ശതമാനം വോട്ട് നേടിയാണ് മുഹമ്മദ് മുയിസു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തലസ്ഥാന നഗരമായ മാലിയിലെ മേയറായി പ്രവർത്തിച്ചിരുന്നയാളായിരുന്നു മുയിസു. അദ്ദേഹത്തിന്റെ ചൈനീസ് അനുകൂല നിലപാടുകൾ നേരത്തേ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications