പ്രണയിച്ച് വിവാഹിതയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ വൃദ്ധനെക്കൊണ്ട് വിവാഹം ചെയ്യിച്ചു
സിന്ധ്: ദുരഭിമാനക്കൊലനടന്ന പാക്കിസ്ഥാനില്‍ നിന്നും വീണ്ടും സമാനരീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. വീട്ടുകാരെ ധിക്കരിച്ച് പ്രണയിച്ച് വിവാഹിതയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ വൃദ്ധനെക്കൊണ്ട് വീണ്ടും വിവാഹം ചെയ്യിച്ചു. പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയില്‍ നിന്നാണ് അപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാദിയ ബായ് മേഘ്‌വാര്‍ എന്ന പെണ്‍കുട്ടി മെയ് നാലിന് തന്റെ കസിനുമായി വിവാഹിതയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കറാച്ചിയിലെ ഒരു കോടതിയില്‍വെച്ചായിരുന്നു വിവാഹം. കഴിഞ്ഞദിവസം വീട്ടുകാര്‍ സ്‌നേഹം നടിച്ച് ഇരുവരെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പാരമ്പര്യ രീതിയില്‍ വിവാഹം ചെയ്യിക്കാം എന്നായിരുന്നു വീട്ടുകാരുടെ വാഗ്ദാനം.

എന്നാല്‍ വിവാഹ വേദിയില്‍വെച്ച് പെണ്‍കുട്ടിയെയും ഭര്‍ത്താവ് സുരേഷിനെയും കബളിപ്പിച്ച് 56കാരനായ മറ്റൊരാളെക്കൊണ്ട് വീട്ടുകാര്‍ വിവാഹം ചെയ്യിക്കുകയായിരുന്നു. വേദിയില്‍വെച്ച് സുരേഷിന് കൈ പിടിച്ചു നല്‍കുന്നതിന് പകരം പെണ്‍കുട്ടിയുടെ സഹോദരന്‍ ഗ്യാന്‍ചന്ദ് വൃദ്ധന് കൈപിടിച്ചു നല്‍കുകയായിരുന്നെന്ന് സുരേഷ് ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് സുരേഷും വാദിയയും പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരനെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണന്ന് പോലീസ് പറഞ്ഞു. വീട്ടുകാരെ ധിക്കരിച്ച് പ്രണയ വിവാഹം ചെയ്ത പെണ്‍കുട്ടിയെ അമ്മയും കുടുംബാംഗങ്ങളും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ വാര്‍ത്ത കഴിഞ്ഞദിവസം പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൊല്ലപ്പെടുമ്പോള്‍ 8 മാസം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി.












Click it and Unblock the Notifications