ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെയാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പം ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിലുണ്ടായത്. ഭൂകമ്പത്തിലും പിന്നീട് ഉണ്ടായ തുടര്‍ ചലനങ്ങളിലും വന്‍ നാശനഷ്ടങ്ങളാണ് പ്രദേശത്ത് സംഭവിച്ചത്. ഇപ്പോഴും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പര്‍വ്വതങ്ങള്‍ നിറഞ്ഞ പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജുര്‍ നഗരത്തിന് സമീപത്താണ്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയുടെ തെക്ക് കിഴക്ക് മാറി 75 കിലോ മീറ്റര്‍ ദൂരത്താണിത്. ഭൂകമ്പത്തില്‍ ഇതുവരെ 162 പേര്‍ മരണപ്പെട്ടതായും 326 പേര്‍ക്ക് പരിക്കേറ്റതായും പടിഞ്ഞാറന്‍ ജാവ ഗവര്‍ണര്‍ റിദ്വാന്‍ കാമില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.

അതേസമയം ഇന്തോനേഷ്യയുടെ ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഏജന്‍സി മരണ സംഖ്യ 62 ആണെന്നാണ് പറയുന്നത്. ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കായുളള തിരച്ചില്‍ രാത്രിയും തുടരുമെന്ന് ഏജന്‍സി വക്താവ് അറിയിച്ചു. നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്ന് വീണിട്ടുളളതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഗവര്‍ണര്‍ റിദ്വാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മരിച്ചവരുടേയും പരിക്കേറ്റവരുടേയും എണ്ണം കൂടാനാണ് സാധ്യത കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യ വളരെ അധികം ഭൂകമ്പ സാധ്യതയുളള പ്രദേശങ്ങളില്‍ ഒന്നാണ്. അഗ്നി പര്‍വ്വത സ്‌ഫോടനങ്ങള്‍ക്കും ഭൂകമ്പങ്ങള്‍ക്കും ഇവിടെ വലിയ സാധ്യതയാണ് ഉളളത്. ദുരന്തത്തില്‍ 2200ല്‍ അധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. 5300 പേരെ പുനരധിവസിപ്പിക്കേണ്ടതായി വന്നു. ഭൂകമ്പത്തെ തുടര്‍ന്ന് വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകളെ ബന്ധപ്പെടല്‍ ദുഷ്‌കരമാണെന്നും അധികൃതര്‍ പറയുന്നു.
ചിലയിടങ്ങളില്‍ മണ്ണിടിച്ചലുണ്ടായത് രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാക്കി. അപകടത്തില്‍ പരിക്കേറ്റ ആളുകളെ ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയിലും ടെന്റുകളിലുമൊക്കെ മാറ്റിയാണ് ചികിത്സ നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രികളിലേക്ക് ആളുകളുമായി രാത്രിയിലും ആംബുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. 2004ല്‍ 9.1 തീവ്രതയുളള ഭൂകമ്പം ഇന്തോനേഷ്യയിലെ സുമാത്രയെ പിടിച്ച് കുലുക്കിയിരുന്നു. തുടര്‍ന്നുണ്ടായ സുനാമിയില്‍ 14 രാജ്യങ്ങളിലായി 226,000 ആളുകളാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications