വാഷിംഗ്ടണില്‍ മോദിക്ക് ഊഷ്മള വരവേല്‍പ്പ്; ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ച
വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്തിലെ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണ്‍ ഡിസിയിലെത്തി. വാഷിംഗ്ടണിലെ ആന്‍ഡ്രൂ എയര്‍ ബേസില്‍ വിമാനമിറങ്ങിയ നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ പ്രവാസികള്‍ പരമ്പരാഗത സ്വീകരണം നല്‍കിയാണ് ആനയിച്ചത്. വാഷിംഗ്ടണില്‍ വ്യവസായ പ്രമുഖരുമായും നിരവധി സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും.
വാഷിംഗ്ടണിലെ വില്ലാര്‍ഡ് ഹോട്ടലില്‍ ആണ് അദ്ദേഹം താമസിക്കുന്നത്. ഹോട്ടലിന് പുറത്ത് ഇന്ത്യന്‍ പ്രവാസികള്‍ തടിച്ചുകൂടിയിട്ടുണ്ട്. വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും കുടുംബവും ഒരുക്കുന്ന അത്താഴ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും. വ്യാഴാഴ്ച വൈകീട്ട് യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇത് രണ്ടാം തവണയാണ് മോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.

വ്യാഴാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും സംയുക്തമായി മോദിക്കായി ഉച്ചഭക്ഷണവുമൊരുക്കും. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കിയ ശേഷമാണ് നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തിയത്. അതിനിടെ ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിലെ സെഷന്‍ ഗിന്നസ് റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു.
അതേസമയം യോഗ എല്ലാവരേയും ഒരുമിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. യോഗ ഏതെങ്കിലും ഒരു രാജ്യത്തിനോ മതത്തിനോ വംശത്തിനോ അവകാശപ്പെട്ടതല്ല എന്നും പകര്‍പ്പവകാശം, പേറ്റന്റ്, റോയല്‍റ്റി എന്നിവയില്‍ നിന്ന് യോഗ മുക്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെവിടെയും ഏത് പ്രായത്തിലുള്ളവര്‍ക്കും ആരോഗ്യസ്ഥിതിയുള്ളവര്‍ക്കും യോഗ ഏറ്റെടുക്കാനാകും എന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഒരുമിച്ച് കൈകോര്‍ക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. യോഗയുടെ മൂല്യങ്ങള്‍ ശാസ്ത്രീയമായി സാധൂകരിക്കാന്‍ പലരും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
നേരത്തെ ഇന്ത്യ-യുഎസ് ബന്ധത്തിന് യുഎസ് കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ശക്തമായ ഉഭയകക്ഷി പിന്തുണ നല്‍കിയിട്ടുണ്ടെന്ന് മോദി പറഞ്ഞിരുന്നു. 2021 സെപ്റ്റംബറിലെ അവസാന ഔദ്യോഗിക യു എസ് സന്ദര്‍ശനത്തിനു ശേഷം മോദിക്കും ബൈഡനും നിരവധി തവണ കൂടിക്കാഴ്ച നടത്താനുള്ള അവസരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications