ബ്രിട്ടനില്‍ പുതിയ വൈറസ്, ലസ്സാ വൈറസ് വീണ്ടുമെത്തുന്നു, ബെഡ്‌ഫോഡ്ഷയറില്‍ ഒരു മരണം
ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡിന്റെ അതിരൂക്ഷമായ വ്യാപനമാണ് നടക്കുന്നത്. അതിന്റെ തീവ്രത മാറി വരുന്നതിനിടെ അടുത്ത വൈറസും ബ്രിട്ടനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇത് പുതിയൊരു വൈറസാണ്. ലസ്സാ പനി എന്നാണ് അറിയപ്പെടുന്നത്. മൂന്ന് കേസുകള്‍ ഇതുവരെ ബ്രിട്ടനില്‍ സ്ഥിരീകരിക്കപ്പെട്ടു. ഒരാള്‍ മരിക്കുകയും ചെയ്തതോടെ ബ്രിട്ടനാകെ ആശങ്കയിലാണ്. പശ്ചിമ ആഫ്രിക്കയിലേക്ക് യാത്ര ചെയ്തവരാണ് ഇവരെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്നാണ് ഈ വൈറസ് ബ്രിട്ടനിലെത്തിയതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഒമൈക്രോണും ഇതേ പോലെ ദക്ഷിണാഫ്രിക്കയില്‍ നിന്നായിരുന്നു എത്തിയത്. ഇത് പിന്നീട് വലിയ വ്യാപനത്തിന് അടക്കം വഴിവെച്ചിരുന്നു.

അതേസമയം ബെഡ്‌ഫോര്‍ഡ്ഷയറിലാണ് ഒരു മരണം രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ലോകരാജ്യങ്ങള്‍ക്ക് അജ്ഞാതമായ രോഗമല്ല ലസ്സാ പനി. എന്നാല്‍ വികസിത രാജ്യങ്ങളില്‍ ഈ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ സാധാരണ സംഭവിക്കാറില്ല. കൊവിഡ് പോലെ തന്നെ റിസ്‌കേറിയ രോഗം തന്നെയാണിത്. ബ്രിട്ടനില്‍ ലസ്സാ വൈറസ് കാരണം രോഗങ്ങളും മരണങ്ങളും ഒരു ദശാബ്ദത്തില്‍ അധികമായി സംഭവിച്ചിട്ടില്ലായിരുന്നു. അതേസമയം ഇന്ത്യയില്‍ നിലവില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ആരോഗ്യ വിദഗ്ധര്‍ കടുത്ത ജാഗ്രതയിലാണ്. ലോകാരോഗ്യ സംഘടനയും ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ച് വരികയാണ്.
ലസാ വൈറസ് മൂലമുണ്ടാകുന്ന ലസ്സാ പനി എന്‍ഡെമിക് ആയ അവസ്ഥയിലാണ്. പശ്ചിമ ആഫ്രിക്കയില്‍ ഇത് അവസാന ഘട്ടത്തിലാണ്. പ്രധാനമായും സിയേറ ലിയോണ, ലൈബീരിയ, ഗിനിയ, നൈജീരിയ എന്നിവിടങ്ങളിലാണ് ലസ്സാ വൈറസ് സാന്നിധ്യമുണ്ടായിരുന്നത്. ലോകത്തിന് അത്ര ഭീഷണിയുള്ളതല്ല നിലവില്‍ ലസ്സ വൈറസ്. പക്ഷേ അപകടകാരിയാണ്. എലിയില്‍ നിന്നാണ് ഈ രോഗം പടരുന്നത്. ഈ വൈറസ് റോഡന്റിന്റെ ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂത്ര വിസര്‍ജ്യത്തിലൂടെ ഇവ പുറത്തെത്തിക്കാന്‍ അതിന് സാധിക്കും. ഇത് ചിലപ്പോള്‍ കാലങ്ങളോളം നീണ്ടേക്കും. ഇന്‍ഹെയിലേഷന്‍, അടക്കമുള്ളവയിലൂടെ ഇവ മനുഷ്യശരീരത്തിലെത്തുന്നത്. മണ്ണ് കലര്‍ന്ന വസ്തുക്കള്‍ സ്പര്‍ശിക്കുന്നതിലൂടെയും, വിഷാംശമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ അടക്കം ഇവ ശരീരത്തിലെത്താം.
1969ലാണ് ആദ്യമായി ലസ്സാ പനി കണ്ടെത്തുന്നത്. ആദ്യത്തെ മൂന്നാഴ്ച്ചയ്ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. 80 ശതമാനം ലസ്സാ വൈറസ് കേസുകളും തീവ്രമായിരിക്കില്ല. ചിലപ്പോള്‍ കണ്ടെത്തപ്പെടാതെ പോവുകയും ചെയ്യും. എന്നാല്‍ 20 ശതമാനം പേരില്‍ അതിതീവ്രമായിരിക്കും ഈ രോഗം. ശ്വാസതടസ്സങ്ങള്‍, തുടര്‍ച്ചയായ ഛര്‍ദ്ദി, നെഞ്ചുവേദന, നടുവേദന, ഹെമറേജിംഗ് അടക്കം അനുഭവപ്പെടും. കേള്‍വി തടസ്സം, അടക്കം ലസ്സാ വൈറസ് കാരണമുണ്ടാകും. അവയങ്ങളൊക്കെ തകരാറിലായി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മരണം വരെ സംഭവിക്കാം. മരണനിരക്ക് ഒരു ശതമാനമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഗുരുതരമായി ലസ്സാ വൈറസ് ബാധിച്ച് ആശുപത്രിയിലായവരില്‍ മരണനിരക്ക് 15 ശതമാനമാണ്.
അതേസമയം ചികിത്സയില്ലാത്ത രോഗമല്ല ലസ്സാ വൈറസ്. റിബാവിറിന്‍ എന്ന മരുന്ന് ഈ വൈറസിനെ പ്രതിരോധിക്കും. തുടക്കത്തില്‍ തന്നെ ഇത് നല്‍കാനായാല്‍ രോഗം പെട്ടെന്ന് ഭേദമാകും. സമ്പര്‍ക്കത്തിലൂടെ രോഗം വരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സംരക്ഷണമെന്ന നിലയില്‍ വസ്ത്രങ്ങളും മാസ്‌കുകളും ഗ്ലൗസും, ഗൗണുകളും കണ്ണാടികളും ഉപയോഗിക്കണമെന്നാണ് ബ്രിട്ടനിലെ ആരോഗ്യ വിഭാഗം പറയുന്നത്. രോഗം ബാധിച്ചയാളെ സമ്പര്‍ക്കത്തില്‍ നിന്ന് മാറ്റി നിര്‍ത്തി ഐസൊലേഷനിലാക്കണം. രോഗം മാറുന്നത് വരെ ഇത് തുടരണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
രോഗം ഭേദമാക്കാന്‍ രണ്ട് മാര്‍ഗങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലബോറട്ടറിയിലെ പരിശോധനയിലൂടെ മാത്രമേ അത് സാധ്യമാകൂ. ആന്റിജന്‍ ടെസ്റ്റുകളും, വൈറസ് ഐസൊലേഷനുമാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. ആര്‍ടിപിസിആര്‍, എലിസ ടെസ്റ്റുകളും ലോകാരോഗ്യ സംഘടന പറയുന്ന കാര്യങ്ങളാണ്.












Click it and Unblock the Notifications