നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു
സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനായിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ ശിക്ഷ ശരിവെച്ചു. സനായിലെ അപ്പീല്‍ കോടതിയാണ് ശിക്ഷ ശരിവെച്ചത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലിനിക്ക് തുടങ്ങാനായി സ്വദേശിയായ യുവാവിനെ നിമിഷയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. നിമിഷ പ്രിയയെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ഇയാളുടെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ കോടതിയ്ക്കു മുന്നില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
അതേസമയം സ്ത്രീയെന്ന പരിഗണന നല്‍കണമെന്നും ജീവരക്ഷയ്ക്കായി നടത്തിയ കൊലപാതകമാണെന്നുമാണ് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അപ്പീല്‍ കോടതിയും ഹര്‍ജി തള്ളിയതോടെ യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ട്രിബ്യൂണലിനെ സമീപിക്കുക എന്നത് മാത്രമാണ് ഇനി നിമിഷപ്രിയയ്ക്കു മുന്നിലുള്ള നിയമപരമായ മാര്‍ഗം. എന്നാല്‍ അപ്പീല്‍ കോടതി സ്വീകരിച്ച നടപടികള്‍ ശരിയാണോ എന്നു മാത്രമാണ് സുപ്രീം ട്രിബ്യൂണല്‍ പരിശോധിക്കുക എന്നതിനാല്‍ പ്രതീക്ഷ കുറവാണ്.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ. വിചാരണയുടെ ഭാഗമായി നിമിഷ പ്രിയ വര്‍ഷങ്ങളായി യെമനിലെ ജയിലില്‍ കഴിയുകയാണ്. ഇതിനിടയില്‍ ശിക്ഷ ഒഴിവാക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ടു പോകുകയായിരുന്നു കുടുംബം. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ച സ്വദേശി നിമിഷ പ്രിയയെ വീട്ടുതടങ്കലിലാക്കിയെന്നും പീഡിപ്പിച്ചെന്നുമാണ് കുടുംബം പറയുന്നത്. ഇയാളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അബദ്ധത്തിലാണ് യെമന്‍ സ്വദേശിയുടെ കൊലപാതകം നടന്നത്, എന്നാണ് കുടുംബം പറയുന്നത്.

2017 ജൂലൈ 25ന് യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദി എന്നയാളെ നിമിഷ പ്രിയയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസില്‍ പറയുന്നത്. യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാമെന്ന വാഗ്ദാനവുമായി ഇയാള്‍ നിമിഷ പ്രിയയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ ഇയാള്‍ യുവതിയുടെ പാസ്‌പോര്‍ട്ട് പിടിച്ചു വെച്ചെന്നും ഭാര്യയാക്കി വെച്ചെന്നുമാണ് നിമിഷയുടെ അഭിഭാഷകന്‍ പറയുന്നത്. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണ് എന്നതിന് യെമനില്‍ രേഖകളുണ്ട്. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷ പ്രിയയുടെ വാദം.

തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ഇതോടൊപ്പം ആരോപിച്ചിരുന്നു. ഇവിടെ നിന്ന് രക്ഷപെടുന്നതിന്റെ ഭാഗമായി ഇയാളുടെ ശരീരത്തില്‍ അമിതമായി മരുന്ന് കുത്തിവെച്ചെന്നും ഇത് മരണത്തിന് കാരണമായി എന്നുമാണ് ആരോപണം. യെമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാന്റെ സഹായത്തോടെ കൊല നടത്തിയ ശേഷം മൃതദേഹം കെട്ടിടത്തിലെ വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നത്. കീഴ്ക്കോടതിയാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചത്. കീഴ്ക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുകയായിരുന്നു നിമിഷ പ്രിയ. എന്നാല്‍ യെമനിലെ ജയിലില്‍ നിമിഷപ്രിയ വിഷമകരമായ സാഹചര്യമാണ് നേരിടുന്നതെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തിയിരുന്നു.

സ്ത്രീയെന്ന പരിഗണന നല്‍കണമെന്നും ആറു വയസുള്ള മകനും വൃദ്ധയായ മാതാവും ഉണ്ടെന്ന കാര്യങ്ങള്‍ പരിഗണിക്കണമെന്നും നിമിഷ പ്രിയയ്ക്കു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയക്കുകയോ ചെയ്യണമെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ വാദങ്ങള്‍ കോടതി ചെവിക്കൊണ്ടില്ല. പ്രാദേശിക വികാരവും നിമിഷ പ്രിയയ്ക്ക് എതിരാണ്. വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയ്ക്ക് രക്ഷപ്പെടാനുള്ള വഴി കൊല ചെയ്യപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ്. എന്നാല്‍ ഇതിന് തലാലിന്റെ കുടുംബം തയ്യാറായിരുന്നില്ല. വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നതാണ് ആവശ്യം.












Click it and Unblock the Notifications