നിമിഷപ്രിയയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി, കോടതിയില്‍ നാടകീയ രംഗങ്ങള്‍, ശിക്ഷ നടപ്പാക്കാന്‍ സമരം
സനാ: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സനായിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ അപ്പീല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി. ഒരാഴ്ച്ചത്തേക്കാണ് നീട്ടിവെച്ചത്. പാലക്കാട് സ്വദേശിനിയാണ് നിമിഷപ്രിയ. കടുത്ത പ്രതിഷേധമാണ് കോടതി വിധി പറയാനിരുന്നപ്പോള്‍ ഉണ്ടായത്. ഇതിനിടെയാണ് വിധി പ്രസ്താവം മാറ്റിവെച്ചത്. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിമിഷപ്രിയ കോടതിയെ സമീപിച്ചത്. ഈ മാസം 28നാണ് കോടതി കേസ് പരിഗണിക്കുക. കോടതിക്ക് മുന്നില്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയയുടെ ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി എത്തി. വലിയ ജനക്കൂട്ടം തന്നെ നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്ന് ആവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തി.

നിമിഷയുടെ കാര്യത്തില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അഭിഭാഷകന്‍ സാമുവല്‍ അറിയിച്ചു. സനയിലെ ഇന്ത്യന്‍ അംബാസിഡറും പ്രതിഷേധം ശക്തമാണെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിമിഷപ്രിയയുടെ കാര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയക്കുകയോ ചെയ്യണമെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ വാദിച്ചത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ജൂലായ് 25നാണ് കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക്ക് നടത്തിയിരുന്ന നിമിഷപ്രിയ കേസില്‍ അറസ്റ്റിലാവുകയായിരുന്നു. കീഴ്‌ക്കോടതിയാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചത്.
കേസില്‍ യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും അറസ്റ്റിലായിരുന്നു. തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. താന്‍ ക്രൂരമായ പീഡനത്തിന് ഇരയായിരുന്നതായും നിമിഷപ്രിയ വ്യക്തമാക്കിയിരുന്നു. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്റെയും നിര്‍ദേശപ്രകാരമാണ് താന്‍ തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചതെന്നും, അത് മരണത്തിലേക്കും നയിച്ചെന്നും നിമിഷപ്രിയ വെളിപ്പെടുത്തിയിരുന്നു.
മൃതദേഹം തുടര്‍ന്ന് ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത്തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചുവെന്നും നിമിഷപ്രിയ പറയുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് താന്‍ ഇരയായെന്ന് നിമിഷപ്രിയ പറഞ്ഞിരുന്നു. കീഴ്‌ക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുകയായിരുന്നു നിമിഷപ്രിയ.












Click it and Unblock the Notifications