പുടിനെ ലക്ഷ്യം വെച്ച് ഡ്രോൺ ആക്രമണം? തങ്ങൾ അറിഞ്ഞിട്ടില്ല, റഷ്യൻ ആരോപണം നിഷേധിച്ച് യുക്രൈൻ
കീവ്: റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ പുടിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച് യുക്രൈന്‍. ഡ്രോണ്‍ ആക്രമണത്തിലൂടെ പുടിനെ കൊലപ്പെടുത്താന്‍ യുക്രൈന്‍ ശ്രമിച്ചു എന്നാണ് റഷ്യ ആരോപിക്കുന്നത്. രണ്ട് ഡ്രോണുകളാണ് റഷ്യ വെടി വെച്ചിട്ടത്.
അതേസമയം പുടിന് നേര്‍ക്കുളള അത്തരമൊരു ആക്രമണത്തെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവും ഇല്ലെന്ന് യുക്രൈന്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ സെലന്‍സ്‌കിയുടെ പ്രസ് സെക്രട്ടറി പ്രതികരിച്ചു. 'പ്രസിഡണ്ട് സെലന്‍സ്‌കി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത് പോലെ, യുക്രൈന്‍ ശ്രമിക്കുന്നത് തങ്ങളുടെ ഭൂപ്രദേശത്തെ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് സ്വതന്ത്രമാക്കാനും മറ്റുളളവരെ ആക്രമിക്കാതിരിക്കാനുമാണ്', പ്രസ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

പുടിന് നേര്‍ക്കുണ്ടായ ആക്രമണം സംബന്ധിച്ച് ക്രെംലിന്‍ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ക്രെംലിനെ ലക്ഷ്യമിട്ട് രണ്ട് ആളില്ലാ ഡ്രോണുകളാണ് വന്നതെന്നും ഇവ രണ്ടും പ്രവര്‍ത്തനരഹിതമാക്കിയെന്നും ക്രെംലിന്‍ പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ പുടിന് പരിക്കേറ്റിട്ടില്ല. മാത്രമല്ല കെട്ടിടങ്ങള്‍ക്കോ മറ്റോ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും റഷ്യ വ്യക്തമാക്കുന്നു.
തികച്ചും ആസൂത്രിതമായ തീവ്രവാദ ആക്രമണം ആണ് പുടിന് നേര്‍ക്ക് നടന്നത് എന്നാണ് റഷ്യ കരുതുന്നതെന്ന് സര്‍ക്കാര്‍ ന്യൂസ് ഏജന്‍സി ആര്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെതെന്ന് പറയപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ക്രെംലിനില്‍ നിന്ന് പുക ഉയരുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ തലസ്ഥാനത്തിന് മുകളിലൂടെ അംഗീകൃതമല്ലാത്ത ഡ്രോണ്‍ പറത്തല്‍ മോസ്‌കോ മേയര്‍ നിരോധിച്ചിരിക്കുകയാണ്.
ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുടിനെ അദ്ദേഹത്തിന്റെ നോവോ ഒഗരേവോയിലെ വസതിയില്‍ ഉളള ബങ്കറിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചുളള ആദ്യത്തെ ആക്രമണത്തിന് ശേഷം വീണ്ടും ഒരാക്രമണം കൂടി ക്രെംലിന് നേര്‍ക്ക് നടന്നതായാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോസ്‌കോയിലെ കൊലോംമ്‌നയ്ക്ക് സമീപത്തുളള കാട്ടില്‍ വെച്ച് ഒരു ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications