മാസ്‌കും സാമൂഹിക അകലവും വേണ്ട; കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഡെന്മാര്‍ക്ക്
കോപ്പന്‍ഹേഗന്‍: കൊവിഡ് മൂലം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും എടുത്തുകളഞ്ഞ് ഡെന്മാര്‍ക്ക്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി ഡെന്മാര്‍ക്ക് ഡെന്മാര്‍ക്ക് പൂര്‍ണമായി തുറക്കുകയാണെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്രക്സന്‍ അറിയിച്ചു. മാസ്‌കും സാമൂഹിക അകലവുമടക്കം എല്ലാ കൊവിഡ് നിയന്ത്രണങ്ങളും രാജ്യത്ത് പൂര്‍ണമായി നീക്കി. ഇത്തരത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തു കളയുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഡെന്മാര്‍ക്ക്.
Recommended Video
കൊവിഡിനെ സാമൂഹികമായി ഗുരുതരമായ രോഗമായി കണക്കാക്കുന്നില്ല എന്നതാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള വിശദീകരണമായി സര്‍ക്കാര്‍ പറഞ്ഞത്. നിലവില്‍ രാജ്യത്ത് ഒമിക്രോണ്‍ വകഭേദമാണ് വ്യാപിക്കുന്നത്. ഇത് ഗുരുതരമല്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മാത്രമല്ല ഡെന്‍മാര്‍ക്കില്‍ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കും ഉണ്ട്. ആകെ ജനസംഖ്യയുടെ ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസും വലിയ ഒരു ശതമാനം ജനങ്ങളും സ്വീകരിച്ചിട്ടുണ്ട്. ജനസംഖ്യയിലെ 60 ശതമാനത്തിലധികം പേര്‍ക്ക് ഡെന്മാര്‍ക്കില്‍ മൂന്നാമത്തെ ഡോസ് ലഭിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് ഇത് ശരാശരി 45 ശതമാനത്തില്‍ താഴെയായിരുന്നു.

2021 ന്റെ നാലാം പാദത്തില്‍ തന്നെ വാക്‌സിനേഷന്‍ ജനസംഖ്യയുടെ വലിയ സ്വീകരിച്ചിരുന്നുവെന്നാണ് കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ വൈറല്‍ രോഗങ്ങളുടെ പ്രൊഫസറായ ജെന്‍സ് ലന്‍ഡ്‌ഗ്രെന്‍ പറയുന്നത്. ഇതര രാജ്യങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ എടുക്കാത്ത യാത്രക്കാര്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ചില നിയന്ത്രണങ്ങള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. എന്നാല്‍ നിയന്ത്രണങ്ങള്‍ എല്ലാം നീക്കുകയല്ല എന്നും ശരത് കാലത്ത് എന്ത് സംഭവിക്കുമെന്നറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിലപ്പോള്‍ പുതിയ വകഭേദം വന്നേക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് നിയന്ത്രണങ്ങളോടുള്ള അവസാന തീരുമാനമാണെന്ന് പറയാന്‍ താന്‍ ധൈര്യപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

5.8 ദശലക്ഷം ജനസംഖ്യയുള്ള ഡെന്‍മാര്‍ക്കില്‍ കഴിഞ്ഞ ആഴ്ചകളില്‍ പ്രതിദിനം 50,000-ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. അതേസമയം മറ്റ് ചില രാജ്യങ്ങളും ഡെന്മാര്‍ക്കിന്റെ പാത പിന്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ്. ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ച ആഭ്യന്തര നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി. മാസ്‌കുകള്‍ എവിടെയും നിര്‍ബന്ധമല്ല, ഒരു സ്ഥലത്തും വാക്‌സിന്‍ പാസുകള്‍ ആവശ്യമില്ല. കൂടാതെ ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോമും നിര്‍ബന്ധമാക്കുന്നില്ല. കോവിഡ് പരിശോധനയ്ക്ക് ശേഷം പോസിറ്റീവ് ആയാല്‍ സ്വയം ഐസൊലേറ്റ് ചെയ്യുക എന്നതാണ് ഏക നിയമപരമായ ആവശ്യം.

അയര്‍ലന്‍ഡും നെതര്‍ലാന്‍ഡും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണ്. കൊവിഡ് സ്ഥിരീകരണം കൂടുതലാണെങ്കിലും ഫ്രാന്‍സും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ്. ഫിന്‍ലാന്‍ഡ് കൊവിഡ് നിയന്ത്രണങ്ങള്‍ ഈ മാസം അവസാനിപ്പിക്കും. സെര്‍ബിയയില്‍ നിയന്ത്രണങ്ങളൊന്നുമില്ല, എന്നാല്‍ കൊവിഡിന്റെ ഭാഗമായി പുറത്തിറക്കിയ കുറച്ച് നിയമങ്ങള്‍ നിലവിലുണ്ട്. അടച്ച ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്, ബാറില്‍ പ്രവേശിക്കുന്നതിന് പാസ്, വൈകുന്നേരം റെസ്റ്റോറന്റുകള്‍, നൈറ്റ്ക്ലബ്ബുകള്‍, ഇവന്റുകള്‍ എന്നിവയില്‍ 500 ആളുകള്‍ മാത്രം പങ്കെടുപ്പിക്കുക എന്നിവയാണത്. ഓസ്ട്രിയ ഈ മാസം മുതല്‍ എല്ലാവരും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന 60 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് പിഴ ചുമത്താന്‍ ഗ്രീസ് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ദേശീയ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണോ എന്നതിനെക്കുറിച്ച് ജര്‍മ്മനിയില്‍ ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. 2019ലാണ് ലോകത്തെ പിടിച്ചു കുലുക്കിയ കൊവിഡ് 19 സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ലോകത്തിലെ ഏറെക്കുറെ എല്ലാ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയും ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോയി.












Click it and Unblock the Notifications