ഗർഭിണിയായ സുഡാനി ഭാര്യയെ നാട്ടിലേക്ക് കൊണ്ടുവരാൻ അനുമതിയില്ല; തനിച്ച് നാട്ടിലേക്ക് മടങ്ങി മലയാളി യുവാവ്
ദില്ലി: സുഡാനിൽ നിന്നും ഗർഭിണിയായ സുഡാൻ സ്വദേശിയായ ഭാര്യയെ നാട്ടിലേക്ക് കൊണ്ടുവരാൻ അനുമതി ലഭിക്കാതെ മലയാളി യുവാവ്. കോട്ടയത്ത് നിന്നുള്ള ബോബി സെബാസ്റ്റ്യനാണ് അധികൃതർ അനുമതി നിഷേധിച്ചത് മൂലം തനിച്ച് കേരളത്തിലേക്ക് മടങ്ങേണ്ടി വന്നത്.
കർട്ടോമിൽ കഴിഞ്ഞ 3 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു ബോബി. സുഡാനി സ്വദേശിയായ ഹരാ മുവാവിയ മുഹമ്മദ് അബ്ദുസെയ്ദ് എന്ന സുഡാൻ സ്വദേശിയെ മൂന്ന് വപ്‍ശം മുൻപാണ് ബോബി വിവാഹം കഴിച്ചത്. കലാപ കലുഷിതമായ സുഡാനിൽ നിന്നും രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്നുവെന്നും എന്നാൽ തന്റെ അപേക്ഷ മാത്രമാണ് പരിഗണിക്കപ്പെട്ടതെന്നും ബോബി പറഞ്ഞു.

'തന്റെ അപേക്ഷ മാത്രമാണ് ഇന്ത്യൻ എംബസി അംഗീകരിച്ചത്. നിർഭാഗ്യവശാൽ ഭാര്യയുടെ അപേക്ഷ പരിഗണിക്കപ്പെട്ടില്ല. അവളെ സുഡാനിൽ തനിച്ചാക്കി പോരുന്നത് സുരക്ഷിതമല്ലെന്നും അപകടകരവുമാണ്. മാത്രമല്ല അവർ ഗർഭിണി കൂടിയാണ്', ബോബി പറയുന്നു. ബോബിയുെട ഭാര്യയ്ക്ക് നിലവിൽ സാധുവായ ഇന്ത്യൻ വിസയോ ഒസിഐ കാർഡോ ഇല്ല.
ഇരുവരുടേയും ബുദ്ധിമുട്ടുകൾ വിവരിച്ച് സാമൂഹിക പ്രവർത്തകനായ റെജിമോൻ കുട്ടപ്പൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കിട്ടിട്ടുണ്ട്. ഇരുവർക്കും വിവാഹ ഡോക്യുമെന്റ് ഉണ്ടെന്നും നേരത്തേ ബോബിയുടെ ഭാര്യ കേരളത്തിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. അതേസമയം വിഷയത്തിൽ കോൺഗ്രസ് എംപി ശശി തരൂർ ഇടപെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി താൻ ബന്ധപ്പെട്ടതായി റെജിമോൻ കുട്ടപ്പന്റെ ട്വീറ്റിനോട് തരൂർ പ്രതികരിച്ചു.
ഞാൻ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടു. ഒസിഐ കാർഡ് പ്രോസസ്സ് ചെയ്യുന്നത് വരെ താൽക്കാലിക പെർമിറ്റിൽ അടിയന്തര ഒഴിപ്പിക്കലിന് ക്രമീകരണങ്ങൾ നടത്താൻ ഡോ ജയശങ്കറിന്റെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്', തരൂർ മറുപടി നൽകി. നടപടികൾ പൂർത്തിയാക്കാൻ വിദേശകാര്യന്തരാലയത്തിന് ആഭ്യന്തര മന്ത്രാലയവുമായി ഏകോപനം നടത്തേണ്ടതുണ്ടെന്നും തരൂർ വ്യക്തമാക്കി.
സുഡാനിൽ ഏകദേശം 4,000 ഇന്ത്യൻ പൗരന്മാരുണ്ടെന്നാണ് ഖാർത്തൂമിലെ ഇന്ത്യൻ എംബസിയുടെ കണക്ക്. അവരിൽ ഏകദേശം 1,500 പേർ ദീർഘകാല താമസക്കാരാണ്. അതേസമയം സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കർ അറിയിച്ചു. ഓപ്പറേഷൻ കാവേരി എന്ന പേരിലാണ് ദൗത്യം നടത്തുന്നത്. . 500-ഓളം ഇന്ത്യക്കാരെ സുഡാനിലെ തുറമുഖ നഗരമായ പോര്‍ട്ട് സുഡാനില്‍ എത്തിച്ചുകഴിഞ്ഞു. ഇനിയും കൂടുതല്‍പേരെ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications