പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍; പ്രതിഷേധവുമായി ഇസ്രായേല്‍
ജറുസലേം: പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് മൂന്ന് യൂറോപ്പ്യന്‍ രാജ്യങ്ങള്‍. അയര്‍ലന്‍ഡ്, നോര്‍വേ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് പലസ്തീനെ അംഗീകരിച്ചത്. മെയ് 28നാണ് ഇതിന് ഔദ്യോഗിക അംഗീകാരം നല്‍കുക. മറ്റ് യൂറോപ്പ്യന്‍-പാശ്ചാത്യ രാജ്യങ്ങളും ഇത് പിന്തുടരുമെന്ന് കരുതുന്നതായും മൂന്ന് രാജ്യങ്ങളും പ്രതികരിച്ചു.
ഈ തീരുമാനം ഇസ്രായേലിന് എതിരല്ലെന്നും സമാധാനത്തിന് വേണ്ടിയാണെന്നും സ്‌പെയിന്‍ പ്രതികരിച്ചു. അതേസമയം തീരുമാനത്തെ പലസ്തീന്‍ സ്വാഗതം ചെയ്തു. അതേസമയം ഇസ്രായേല്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചിരിക്കുകയാണ്. അയര്‍ലന്‍ഡിലെയും നോര്‍വെയിലെയും അംബാസിഡര്‍മാരെ ഇസ്രായേല്‍ തിരിച്ചുവിളിച്ചിരിക്കുകയാണ്.

ഗാസയില്‍ ഇസ്രായേല്‍ ഹമാസിനെതിരെ നടത്തുന്ന യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ഈ തീരുമാനമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാനുള്ള ഞങ്ങളുടെ തീരുമാനം മറ്റ് പാശ്ചാത്യ രാജ്യങ്ങളും പിന്തുടരുമെന്നാണ് കരുതുന്നത്.
കാരണമെന്തെന്നാല്‍ കൂടുതല്‍ പേര്‍ ആ തീരുമാനത്തെ പിന്തുടരുമ്പോള്‍ വെടിനിര്‍ത്തലിനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരും. അതോടൊപ്പം ഹമാസ് തടങ്കലില്‍ വെച്ചിട്ടുള്ള ബന്ദികളുടെ മോചനവും അതിലൂടെ സാധ്യമാക്കാനാവും. സമാധാന കരാറിലേക്ക് നയിക്കാനും അതിന് സാധിക്കുമെന്ന് സാഞ്ചസ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.
ഐക്യരാഷ്ട്ര സഭയിലെ 140 രാജ്യങ്ങളാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിട്ടുള്ളത്. രക്ഷാകൗണ്‍സിലിലെ അംഗങ്ങളായ അമേരിക്കയും ബ്രിട്ടനും ഇതുവരെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല. അതേസമയം യൂറോപ്പ്യന്‍ രാഷ്ട്രങ്ങളുടെ തീരുമാനത്തിനെതിരെ രൂക്ഷമായിട്ടാണ് ഇസ്രായേല്‍ പ്രതികരിച്ചു.
വ്യക്തമായ സന്ദേശം അയര്‍ലന്‍ഡിനും നോര്‍വേയ്ക്കും സ്‌പെയിനിനുമായി നല്‍കുകയാണ്. ഇസ്രായേലിന്റെ പരമാധികാരത്തെ തുരങ്കം വെക്കുകയും സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ നിശബ്ദത പാലിക്കില്ല. അയര്‍ലന്‍ഡിലെയും നോര്‍വെയിലെയും സ്‌പെയിനിലെയും അംബാസിഡര്‍മാരെ തിരിച്ചുവിളിക്കുകയാണെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി കാറ്റ്‌സ് പ്രതികരിച്ചു.
രണ്ട് രാഷ്ട്രമെന്നത് മാത്രമാണ് പ്രശ്‌നത്തിന് പരിഹാരമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ അതോടെ സമാധാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് നോര്‍വെയുടെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്‌റ്റോയര്‍ പറഞ്ഞു.
അതേസമയം പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുക, ഹമാസിനെ തകര്‍ക്കുക, ഹമാസ് ബന്ദികളാക്കിയവരെ നാട്ടിലെത്തിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇസ്രായേല്‍ ഗാസയിലെ യുദ്ധം തുടരുന്നതിനിടെ മൂന്ന് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഞെട്ടിച്ച തീരുമാനവുമായി രംഗത്തെത്തിയത്. ജനകീയ പ്രക്ഷോഭങ്ങള്‍ ഈ രാജ്യങ്ങളില്‍ ശക്തമായതും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന് കാരണമായിട്ടുണ്ട്.












Click it and Unblock the Notifications