ശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്സിജൻ; അന്തർവാഹിനി കണ്ടെത്താനുള്ള രക്ഷാദൗത്യം ഊർജിതം
വാഷിംഗ്ടൺ; അറ്റ്ലാന്റിക് സമുദ്രത്തിനടിയിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ ടൂറിസ്റ്റ് അന്തർവാഹിനിയായ ടൈറ്റന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. രണ്ട് ദിവസം മുൻപ് 4 വിനോദ സഞ്ചാരികളുമായി പോയ അന്തർവാഹിനി കനേഡിയൻ ഭാഗത്താണ് കാണാതായത്. ഇനി ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അന്തർ വാഹനിയിൽ ശേഷിക്കുന്നതെന്നാണ് റിപ്പോർട്ട്.

'ഓഷ്യൻ ഗേറ്റ്‌സ്' എന്ന സാഹസിക വിനോദ കമ്പനിയുടെ അന്തർവാഹിനിയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഒരു പൈലറ്റും നാല് യാത്രക്കാരുമാണ് അന്തർവാഹിനിയിൽ ഉള്ളത്. ഞായറാഴ്ച രാവിലെ ആറിന് ന്യൂഫൗണ്ട്ലാന്റിൽ നിന്ന് യാത്ര ആരംഭിച്ച ശേഷം വെള്ളത്തിൽ മുങ്ങി ഒന്നേ മുക്കാൽ മണിക്കൂറിന് ശേഷമായിരുന്നു അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. പുറപ്പെടുമ്പോൾ അന്തർവാഹിനിയിൽ ആകെ 96 മണിക്കൂറത്തേക്ക് ആവശ്യമായ ഓക്സിജനാണ് ഉണ്ടായിരുന്നത്. ഇത് തീരും മുൻപ് അന്തർവാഹിനി കണ്ടെത്താനുള്ള തീവ്രശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
നിലവിൽ കനേഡിയൻ നാവിക സേനയും അമേരിക്കൻ കോസ്റ്റ് ഗാർഡും ചേർന്നാണ് തിരച്ചിൽ തുടരുന്നത്. ഫ്രാൻസിന്റെ സമുദ്രാന്തര പര്യവേഷണ റോബോടിക് വാഹനങ്ങളും തിരച്ചിലിനായി രംഗത്തുണ്ട്. യുഎസ് സേനയിൽ നിന്നുള്ള മൂന്ന് സി-130 വിമാനങ്ങളും മൂന്ന് സി-17 ട്രാൻസ്പോർട്ട് വിമാനങ്ങളും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.
അതേസമയം 12,500 അടി താഴ്ചയിലാണ് പരിശോധിക്കേണ്ടത് എന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. സോണാർ ബോയുകൾ, അന്തർവാഹിനികൾ എന്നിവ ഉപയോഗിച്ചും തിരച്ചിൽ നടക്കുന്നുണ്ട്. സോണാർ ബോയുകൾക്ക് 13,000 അടി താഴ്ചയിലുള്ള ശബ്ദം വരെ കേൾക്കാൻ സാധിക്കുമെന്ന് യുഎസ് കോസ്റ്റ് ഗാർഡ് റിയർ അഡ്മിറൽ ജോൺ മൗഗർ പറഞ്ഞു.
അകത്ത് നിന്നും തുറക്കാനാകാത്ത നിലയിലാണ് അന്തർവാഹിനി. അതുകൊണ്ട് തന്നെ ഉപരിതലത്തിൽ എത്തിയാലും പുറത്ത് നിന്ന് സഹായമില്ലാതെ യാത്രക്കാർക്ക് രക്ഷപ്പെടാൻ സാധിക്കില്ല. അന്തർവാഹിനി സമുദ്രത്തിന്റെ അടിത്തട്ടിൽ ആണെങ്കിലും രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും അധികൃതർ പറയുന്നു. വെള്ളത്തിനിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനാവശ്യമായ മുഴുവൻ സാധ്യതകളും പരിശോധിക്കുകയാണെന്നും യുഎസ്, കനേഡിയൻ നാവിക സേനയുമായും സ്വകാര്യ സ്ഥാപനങ്ങളുമായും ബന്ധപ്പെടുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനി ബിസിനസ് ഗ്രൂപ്പായ 'എൻഗ്രോ' യുടെ ഉടമ ഷഹ്‌സാദാ ദാവൂദ് (48), മകൻ സുലേമാൻ (19) (ഇരുവരും ബ്രിട്ടീഷ് പൗരൻമാരാണ്), ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ് (58) , ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ് (77), ഓഷ്യൻ ഗേറ്റ് എക്സ്‌പെഡീഷൻസ് സിഇഒ സ്‌റ്റോക്ടൺ റഷ് എന്നിവരാണ് അന്തർവാഹിനിയിൽ ഉള്ളത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഏതാണ്ട് 3800 മീറ്റർ ആഴത്തിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുള്ളത്. ഒരാൾക്ക് ഏകദേശം 2.5 ലക്ഷം യുഎസ് ഡോളറാണ്( ഏകദേശം രണ്ടുകോടിയോളം രൂപ) 8 ദിവസം നീണ്ട് നിൽക്കുന്ന യാത്രക്കുള്ള ഫീസ്.












Click it and Unblock the Notifications