പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍; കോടതിക്ക് പുറത്ത് നാടകീയ രംഗം
ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് വച്ചാണ് അറസ്റ്റ്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അര്‍ധസൈനിക വിഭാഗമായ പാകിസ്താന്‍ റേഞ്ചേഴ്‌സ് ആണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നടപടി എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇമ്രാന്‍ ഖാന്റെ കാര്‍ പോലീസ് വളഞ്ഞുവെന്ന് അദ്ദേഹത്തിന്റെ സഹായി ഫവാദ് ചൗധരി പ്രതികരിച്ചു. തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) യുടെ അധ്യക്ഷനാണ് ഇമ്രാന്‍ ഖാന്‍. പിടിഐയുടെ പ്രധാന നേതാവാണ് ഫവാദ് ചൗധരി. നേരത്തെ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമാബാദില്‍ നിന്നുള്ള പോലീസ് ലാഹോറിലെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അന്ന് കോടതി ഇടപെട്ടതോടെ പോലീസ് പിന്‍വാങ്ങുകയാണ് ചെയ്തത്.

പിടിഐയുടെ പ്രമുഖ നേതാവായ മുസറാത്ത് ചീമ, ഇമ്രാന്‍ ഖാന്റെ അറസ്റ്റ് സ്ഥിരീകരിച്ചു. അവര്‍ ഇമ്രാന്‍ ഖാനെ അനാവശ്യമായി പ്രയാസപ്പെടുത്തുകയാണ്. അവര്‍ ഇമ്രാന്‍ ഖാനെ മര്‍ദ്ദിച്ചു. അദ്ദേഹത്തെ പലതും ചെയ്യുന്നുണ്ടെന്നും ചീമ ആരോപിച്ചു. പ്രധാനമന്ത്രി പദം ഒഴിഞ്ഞ ശേഷം രാജ്യവ്യാപകമായി ഇമ്രാന്‍ ഖാനെതിരെ പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതില്‍ ഇമ്രാനെയും പ്രതി ചേര്‍ത്താണ് കേസെടുത്തത്. കൂടാതെ നിരവധി അഴിമതി കേസുകളും അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെയാണ് ലാഹോറിലെ വസതിയിലെത്തി ഇസ്ലാമാബാദ് പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതും തിരിച്ചുപോന്നതും.
അന്ന് അറസ്റ്റ് ചെയ്യാനെത്തിയ വേളയില്‍ പോലീസിനെ തടഞ്ഞത് പിടിഐ പ്രവര്‍ത്തകരാണ്. അറസ്റ്റ് തടയണം എന്ന ഹര്‍ജിയില്‍ പിന്നീട് ലാഹോര്‍ ഹൈക്കോടതി ഇടപെടുകയായിരുന്നു. ശേഷം പോലീസ് പിന്മാറി. തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും അവരെ പിന്തുണയ്ക്കുന്നവരുമാണ് എന്ന് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നു.
റഷ്യ, ചൈന, അഫ്ഗാനിസ്താന്‍ എന്നീ വിഷയങ്ങളില്‍ താനെടുത്ത തീരുമാനങ്ങളാണ് അമേരിക്കക്ക് അമര്‍ഷമുണ്ടാകാന്‍ കാരണമെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. ഇന്ന് ഇസ്ലാമാബാദ് കോടതിക്ക് പുറത്ത് വച്ച് ഇമ്രാന്റെ വാഹനം തടഞ്ഞ് അദ്ദേഹത്തെ ഇറക്കി കൊണ്ടുപോകുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഇടപെടേണ്ട സമയമാണിത് എന്ന് പ്രചരിക്കുന്ന വീഡിയിയോയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, സംഭവത്തില്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഇടപെട്ടു. ഇസ്ലാമാബാദ് പോലീസ് മേധാവി, ആഭ്യന്തര മന്ത്രാലയ വക്താവ്, അറ്റോര്‍ണി ജനറല്‍ എന്നിവര്‍ 15 മിനുട്ടിനകം കോടതിയില്‍ ഹാജരാകണം എന്ന് ചീഫ് ജസ്റ്റിസ് ആമിര്‍ ഫാറൂഖ് നിര്‍ദേശിച്ചു. ഹാജരായില്ലെങ്കില്‍ പ്രധാനമന്ത്രിയെ വിളിച്ചുവരുത്തുമെന്ന് കോടതി വ്യക്തമാക്കി.
ഇമ്രാന്‍ ഖാനെ എന്തിന് അറസ്റ്റ് ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അതും കോടതി പരിസരത്ത് നിന്ന്. ഏത് കേസിലാണ് അറസ്റ്റ് ചെയ്തത് എന്നും തകോടതി ചോദിച്ചു. ഇമ്രാന്‍ ഖാനെ പാകിസ്താന്‍ റേഞ്ചേഴ്‌സ് തട്ടിക്കൊണ്ടുപോയിരിക്കുകയാണ് എന്ന് പിടിഐ നേതാക്കള്‍ ആരോപിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചോരയൊലിപ്പിച്ചുള്ള ഫോട്ടോയും പുറത്തുവിട്ടു. പ്രക്ഷോഭം ആരംഭിക്കണമെന്ന് പാര്‍ട്ടി ആഹ്വാനം ചെയ്തു.












Click it and Unblock the Notifications