ഇമ്രാന്‍ ഖാന്റെ ഭാവി ഉടന്‍ അറിയാം; പാകിസ്താന്‍ തെരുവുകള്‍ കൈയ്യടക്കി സുരക്ഷാ വിഭാഗം
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച തീരുമാനം ഉടന്‍. വിശ്വാസ വോട്ടെടുപ്പ് വൈകാതെ പാക് ദേശീയ അസംബ്ലിയില്‍ നടക്കും. സഭ സമ്മേളിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു. സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്തു. ഇമ്രാന്‍ ഖാന്‍ വീണാല്‍ ഷഹബാസ് ശെരീഫ് ആയിരിക്കും പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയാകുക എന്നാണ് വിവരം. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ പാകിസ്താനിലെ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ്.

പ്രതിപക്ഷം ഒറ്റക്കെട്ടായിട്ടായാണ് ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. പ്രമേയം സഭയില്‍ പാസാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് ഇമ്രാന്‍ ഖാന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിയോട് ആവശ്യപ്പെടുകയായിരുന്നു. പ്രസിഡന്റ് അംഗീകരിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ മന്ത്രിസഭ ഇമ്രാന്‍ ഖാന്‍ പിരിച്ചുവിട്ടു. അടുത്ത തിരഞ്ഞെടുപ്പ് നടക്കുംവരെ പ്രധാനമന്ത്രിയായി തുടരാന്‍ ഇമ്രാന്‍ ഖാനോട് പ്രസിഡന്റ് ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തില്‍ ഭരണഘടനാ ലംഘനം നടന്നോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. മാത്രമല്ല, പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. പ്രതിപക്ഷ ഹര്‍ജി അംഗീകരിക്കുകയാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ചെയ്തത്. പ്രലസിഡന്റിന്റെ നടപടികള്‍ കോടതി റദ്ദാക്കി. വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച നടത്താനും നിര്‍ദേശം നല്‍കി- ഇതാണ് പാകിസ്താനില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടന്നത്.
സുപ്രീംകോടതി വിധി ഇമ്രാന്‍ ഖാനെ വെട്ടിലാക്കുന്നതായിരുന്നു. 342 അംഗ ദേശീയ അസംബ്ലിയില്‍ 172 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ അവിശ്വാസ പ്രമേയം പാസാകും. പ്രതിപക്ഷം ഐക്യപ്പെട്ട സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന് ആശങ്ക ഇരട്ടിയാണ്. മാത്രമല്ല, ഭരണമുന്നണിയിലെ മൂന്ന് പ്രധാന പാര്‍ട്ടികള്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) യിലെ ചില എംപിമാരും പ്രതിപക്ഷത്തേക്ക് കൂറുമാറി.
നിലവിലെ സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ ഇമ്രാന്‍ ഖാന്‍ പുറത്താകും. ഇതോടെ അഞ്ച് വര്‍ഷം തികച്ച് ഭരിക്കാന്‍ സാധിക്കാത്ത മറ്റു പാകിസ്താന്‍ പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ ഇമ്രാന്റെ പേരും എഴുതിച്ചേര്‍ക്കപ്പെടും. അതേസമയം, ഇമ്രാന്‍ ഖാന്‍ പുറത്തായാല്‍ എന്താകും പാകിസ്താന്റെ ഭാവി എന്ന കാര്യം വളരെ നിര്‍ണായകമാണ്. സൈന്യം ഇടപെടുമോ, പ്രതിപക്ഷം ഐക്യത്തോടെ പ്രധാനമന്ത്രിയെ കണ്ടെത്തുമോ തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.












Click it and Unblock the Notifications