ഇന്ധനവില വര്‍ധനയില്‍ ജനം തെരുവിലിറങ്ങി; കസാഖിസ്ഥാന്‍ സര്‍ക്കാര്‍ രാജിവെച്ചു
നുര്‍-സുല്‍ത്താന്‍: കസാഖിസ്ഥാനില്‍ ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് ജനം പ്രതിഷേധിച്ച് തെരുവിലിറങ്ങിയതോടെ രാജിവെച്ചൊഴിഞ്ഞ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ രാജി പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ് സ്വീകരിച്ചു. സര്‍ക്കാരിന്റെ രാജിയ്ക്ക് ശേഷവും രാജ്യത്ത് പ്രതിഷേധം തുടരുകയാണ്.
പുതുവര്‍ഷത്തില്‍ ഇന്ധനവില വര്‍ധന ഇരട്ടിയായതോടെയാണ് രാജ്യത്ത് പ്രതിഷേധം ആരംഭിച്ചത്. ജനം തെരുവിലിറങ്ങിയതോടെ പ്രതിരോധിക്കാന്‍ പൊലീസും പട്ടാളവും രംഗത്തെത്തി. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍, സൈനീക ഓഫീസുകള്‍ ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രസിഡന്റ് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പ്രതിഷേധം ശക്തമാക്കിയ ജനങ്ങള്‍ പൊലീസുകാരെ നേരിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. അക്രമത്തെ തുടര്‍ന്ന് 100 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ധന വിലയിലെ വര്‍ധനവ് നിത്യോപയോഗ സാധനങ്ങളെയും ബാധിച്ചിരുന്നു. കൊവിഡിനിടയില്‍ ജനങ്ങള്‍ക്കിത് ഇരട്ടിപ്രഹരമായി.
മന്ത്രിസഭ രാജിവച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച വീണ്ടും സംഘര്‍ഷം ആരംഭിച്ചത്. കണ്ണീര്‍ വാതകവും ഗ്രനേഡുകളും ഉപയോഗിച്ച് സുരക്ഷാ സേന പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതില്‍ പരാജയപ്പെട്ടു. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അല്‍മാട്ടി സിറ്റി സെന്ററിലേക്ക് നീങ്ങുന്നുവെന്ന് റോയിട്ടേഴ്‌സിന്റെ ലേഖകന്‍ പറയുന്നത്.

ക്രമസമാധാനം പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ജനങ്ങള്‍ വീട്ടില്‍ തന്നെ തുടരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടത്തിനായി തീവെച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം ആരംഭിച്ചത്. കസാഖിസ്ഥാന്റെ പടിഞ്ഞാറന്‍ മേഖലയിലെ സനോസന്നിലാണ് പ്രശ്‌നങ്ങള്‍ ആദ്യം പൊട്ടിപ്പുറപ്പെട്ടത്. ഇവിടെ പ്രധാനമായും ഇന്ധനവുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവരാണ് ജീവിക്കുന്നത്. സാനോസനിലെ പ്രതിഷേധം ദിവസങ്ങള്‍ക്കുള്ളിലാണ് രാജ്യം മുഴുവന്‍ വ്യാപിച്ചത്.
പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ തലസ്ഥാനമായ നൂര്‍-സുല്‍ത്താനിലും അതിന്റെ പ്രകമ്പനമുണ്ടായി. വിവിധ രാഷ്ട്രീപാര്‍ട്ടികളുടെ നേതാക്കാന്മാര്‍ പ്രതിഷേധത്തിനായി നിരത്തിലിറങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. അല്‍മാട്ടിയില്‍ ചൊവ്വാഴ്ച രാത്രി നടന്ന പ്രതിഷേധ പ്രകടനത്തില്‍ അയ്യായിരത്തോളം പേരുണ്ടായിരുന്നെന്നാണ് എ.എഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബുധനാഴ്ച രാവിലെ നടന്ന പ്രതിഷേധക്കാര്‍ വ്യാപാരസ്ഥാപനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തു. കാറുകള്‍ കത്തിക്കുകയും റോഡുകളും റെയില്‍വേ കണക്ഷനുകളും തടയുകരയും ചെയ്തു. നിരവധി പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ആശയവിനിമയ ഉപാധികള്‍ വിച്ഛേദിച്ചു കൊണ്ടായിരുന്നു സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചത്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതോടെ ടെലഗ്രാം, വാട്‌സാപ്പ്, മെസഞ്ചര്‍ തുടങ്ങിയവ നിശ്ചലമായി.
സ്വാതന്ത്ര്യം ലഭിച്ച് 30 വര്‍ഷത്തിനിടയില്‍ എണ്ണ, ലോഹ വ്യവസായങ്ങളില്‍ നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം കൊണ്ടുവന്ന രാജ്യമാണ് കസാഖിസ്ഥാന്‍.












Click it and Unblock the Notifications