കാര്‍ കണ്ടെടുക്കാന്‍ മഹീന്ദ രാജ്പക്‌സെയുടെ വീട്ടില്‍ റെയ്ഡ്
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ മഹിന്ദ രാജ്പക്‌സെയുടെ വീട്ടില്‍ പോലീസ് റെയ്ഡ്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു വന്‍ പോലീസ് സംഘം റെയ്ഡ് നടത്തിയത്. രാജ്പക്‌സെ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് വന്‍ തോതില്‍ അനധികൃത സമ്പാദ്യം നേടിയതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.
മാത്രമല്ല, ഔദ്യോഗിക വസതിയിലുള്ള ആഡംബരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും മാധ്യമങ്ങള്‍ പറയുന്നു. രാജ്പക്‌സെയുടെ കുളിമുറിയില്‍ പോലും എസിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഡംബര വാഹനമായ ലംബോര്‍ഗിനിയും രാജ്പക്‌സെയ്ക്കുള്ളതായി സംശയമുണ്ടായിരുന്നു. ഈ വാഹനത്തിനുവേണ്ടിയാണ് റെയ്ഡ് നടത്തിയതെന്ന് അദ്ദേഹത്തിന്റെ മകന്‍ നമല്‍ രാജ്പക്‌സെ വ്യക്തമാക്കി.

എന്നാല്‍, റെയ്ഡില്‍ കാര്യമായി ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. വരും ദിവസങ്ങളിലും രാജ്പക്‌സയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വസതികളിലും റെയ്ഡ് നടത്തും. സൈന്യത്തെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്പക്‌സെ ശ്രമിച്ചതായും ആരോപണമുണ്ട്. ഇക്കാര്യത്തിലും അന്വേഷണം നടന്നുവരികയാണ്.
തങ്ങളെയും തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം അന്വേഷണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന് നമല്‍ ആരോപിച്ചു. രാജ് പക്‌സെയുടെ സഹോദരന്മാര്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച്, തങ്ങള്‍ക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു പത്രത്തിന്റെ എഡിറ്ററെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. ഇതെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications