ഫ്രാന്‍സിസ് പാപ്പ അപകടനില തരണം ചെയ്തതായി വത്തിക്കാന്‍: പ്രാര്‍ത്ഥിക്കുന്ന ചിത്രം പുറത്തുവിട്ടു
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാന്‍. ഗുരുതരമായ ശ്വാസകോശസംബന്ധമായ രോഗം മൂലം റോമിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാര്‍പാപ്പായുടെ ആരോഗ്യത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പാപ്പ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ പാപ്പയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥകളിലാണ്.

കഴിഞ്ഞ ദിവസം റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന പാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. ഫെബ്രുവരി 14 ന് ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ഇതാദ്യമായാണ് പാപ്പയുടെ ഫോട്ടോ പുറത്തുവരുന്നത്. ആശുപത്രിയിലെ പ്രാര്‍ത്ഥനാ മുറിയില്‍ ബലിപീഠത്തിന് മുന്നില്‍ വീല്‍ചെയറില്‍ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. 'ഇന്ന് രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പ ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാര്‍ട്ട്മെന്റിന്റെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു' - ഇതായിരുന്നു വത്തിക്കാന്‍ പ്രസ് ഓഫീസ് ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പ്.
പാപ്പയുടെ അവസ്ഥ അറിയാനുള്ള വിശ്വാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് ഫോട്ടോ പുറത്തുവിട്ടത്. പ്രായത്തിന്റേതായ അവശതകളും ചെറുപ്പത്തില്‍ ശ്വാസകോശത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതുമാണ് 88 കാരനായ പാപ്പയുടെ അവസ്ഥ സങ്കീര്‍ണമാക്കിയത്. രാത്രി വെന്റിലേറ്റര്‍ ഉപയോഗിക്കുന്നത് കുറച്ചു. എക്‌സ്-റേ പരിശോധനയില്‍ അണുബാധ കുറയുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിശ്രമവും ചികിത്സയും തുടരുന്നതിനൊപ്പം ശ്വസന സംബന്ധമായ ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്.
ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും തുടര്‍ ചികില്‍സകള്‍ക്കായി മാര്‍പാപ്പ ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ പാപ്പ പൊതുവേദികളില്‍ ദിവ്യബലികളിലും പങ്കെടുത്തിരുന്നില്ല. വിവിധ രാജ്യങ്ങളിലേക്കു മുന്‍കൂട്ടി ആസൂത്രണം ചെയ്ത അപ്പോസ്‌തോലിക യാത്രകളും അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയാണ്.
മാര്‍പാപ്പയുടെ ആരോഗ്യത്തിനായി വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക ദേവാലയങ്ങളിലും പ്രാര്‍ത്ഥന തുടരുകയാണ്. യുണിസെഫില്‍ നിന്നും ഇറ്റലിയിലെ വിവിധ സംഘടനകളില്‍ നിന്നുള്ള ഇരുന്നൂറോളം കുട്ടികള്‍ ജെമെല്ലി ആശുപത്രിക്ക് മുന്നിലുള്ള സ്‌ക്വയറില്‍ പൂക്കളും ബലൂണുകളുമായി പോപ്പിന് ആശംസ അര്‍പ്പിക്കാനെത്തി.
വത്തിക്കാന്‍ ബസിലിക്ക സന്ദര്‍ശിക്കാനെത്തുന്ന തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും പാപ്പ ചികിത്സയില്‍ കഴിയുന്ന ആശുപത്രി കൂടി സന്ദര്‍ശിച്ചാണ് മടങ്ങുന്നത്. വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള മാര്‍പാപ്പയുടെ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.












Click it and Unblock the Notifications