എല്ലാത്തിനും കാരണക്കാര്‍ ആ 'മണ്ടന്‍' നേതൃത്വം; ഓഹരി വിപണികളുടെ നഷ്ടത്തില്‍ പ്രതികരിച്ച് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ 'പകരച്ചുങ്കം' എഫക്ടില്‍ ആഗോള വിപണികള്‍ ആടിയുലയുമ്പോഴും അതിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങളിലാണ് ഡൊണാള്‍ഡ് ട്രംപ്. ലോകമെമ്പാടും നിന്നുയരുന്ന പ്രതിഷേധങ്ങളെ വകവയ്ക്കാതെയാണ് ട്രംപ് മുന്നോട്ടുപോകുന്നത്. പകരച്ചുങ്കത്തിലൂടെ യുഎസിന് നേട്ടമാണോ കോട്ടമാണോ ഉണ്ടാകുകയെന്ന് തിരിച്ചറിയാത്ത അവസ്ഥയിലാണ് സാധാരണക്കാരായ ജനങ്ങള്‍.
അമേരിക്കയുടെ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് മേല്‍ പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് യുഎസ് വിപണികള്‍ നിലംപൊത്തിയിരുന്നു. അതേസമയം അമിതമായ താരിഫുകള്‍ മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ശുഭാപ്തി വിശ്വാസത്തോടെയാണ് ട്രംപ് നേരിട്ടത്.

യുഎസ് ഓഹരി വിപണികള്‍ ഏകദേശം ആറ് ട്രില്യണ്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തിയിട്ടും വ്യാപാര യുദ്ധത്തിന് കാരണമാവുകയും ചെയ്തിട്ടും തനിക്കതില്‍ ആശങ്കയില്ലെന്ന് ട്രംപ് പറഞ്ഞു. 'ആഗോള വിപണികളില്‍ നഷ്ടമുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ എല്ലാം ശരിയാകാന്‍ ചിലപ്പോള്‍ മരുന്ന് കഴിക്കേണ്ടിവരും - ട്രംപിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആഗോള വിപണികളിലെ തകര്‍ച്ച ആരും മനഃപൂര്‍വ്വം ആസൂത്രണം ചെയ്യുന്നില്ലെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
'മാര്‍ക്കറ്റുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയില്ല. പക്ഷേ നമ്മുടെ രാജ്യം വളരെ ശക്തമായി മുന്നോട്ടു പോകും' - ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ലോകമെമ്പാടുമുള്ള ഇറക്കുമതികള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള നേതാക്കളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തയതായും അദ്ദേഹം പറഞ്ഞു.
തന്റെ മുന്‍ഗാമിയായ ജോ ബൈഡനെ രൂക്ഷമായി ട്രംപ് വിമര്‍ശിക്കുകയും ചെയ്തു. ഇത് സംഭവിക്കാന്‍ കാരണം നേരത്തെയുണ്ടായിരുന്ന മണ്ടന്‍ നേതൃത്വമാണ്. യുഎസിനോട് മറ്റ് രാജ്യങ്ങള്‍ മോശമായി പെരുമാറിയതിന് കാരണം അവരാണ്.
വാള്‍സ്ട്രീറ്റ് ഫ്യൂച്ചറുകള്‍ ഇടിഞ്ഞതും മെയ് മാസത്തോടെ യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്കു കടക്കുമെന്ന ആശങ്കകള്‍ മൂലം ഏഷ്യന്‍ വിപണികള്‍ തകര്‍ച്ചയിലാണ് ആരംഭിച്ചത്. ലോകം അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കകളാണ് നിക്ഷേപകരെ പരിഭ്രാന്തിയിലാക്കുന്നത്. അമേരിക്കയിലെ അധിക തീരുവ ആഗോള തലത്തില്‍ വിലക്കയറ്റം രൂക്ഷമാക്കുമെന്ന ആശങ്കയുമുണ്ട്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ട്രംപിന്റെ സാമ്പത്തിക നടപടികള്‍ മൂലം ആഗോള വിപണികള്‍ നേരിടുന്നത്.












Click it and Unblock the Notifications