ഒമൈക്രോണിനെ തടയാന്‍ കോട്ട കെട്ടി ഖത്തറും കുവൈത്തും; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ
ഖത്തര്‍: അഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഒമൈക്രോണ്‍ കണ്ടെത്തിയതോടെ ലോകരാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഇസ്രയേല്‍ രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടച്ച് വിദേശികള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാരകമായ വൈറസ് വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
നിലവില്‍ ഏറ്റവും അപകടകാരിയാണ് ഒമൈക്രോണ്‍. ഓരോ ഭൂഖണ്ഡത്തിലും പുതിയ തരംഗത്തിനായിരിക്കും ഇത് തിരികൊളുത്താന്‍ പോവുന്നതെന്നാണ് മുന്നറിയിപ്പ്. വാക്‌സിന്‍ പ്രതിരോധത്തെ വരെ മറികടക്കാന്‍ ഈ വകഭേദത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അറബ് രാഷ്ട്രങ്ങളും നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്...

ഒമൈക്രോണിന്റെ വ്യാപനം കണ്ടെത്തിയതോടെ ഖത്തറും കുവൈത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. പുതിയ സാഹചര്യം കണക്കിലെടുത്ത് അപകട സാധ്യത വിഭാഗത്തിലെ എക്‌സെപ്ഷന്‍ റെഡ് രാജ്യങ്ങളുടെ പട്ടിക ഖത്തര്‍ പുതുക്കിയിരിക്കുകയാണ്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, സൗത്ത് സുഡാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്.

ഇതോടൊപ്പം ബോട്‌സ്വാന, ഇസ്വാറ്റിനി, ലെസോത്തോ, നമീബിയ, സുഡാന്‍, സിംബാവെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടത്തി. ഇതോടെ 15 രാജ്യങ്ങളാണ് ഖത്തറിന്റെ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഖത്തര്‍ നിവാസികള്‍ക്ക് രണ്ട് ദിവസവും വാക്‌സിന്‍ എടുക്കാത്തവര്‍, അല്ലെങ്കില്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഏഴ് ദിവസവുമാണ് ഹോട്ടല്‍ ക്വാറന്റീന്‍. ഖത്തറിന്റെ അംഗീകൃത വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് പ്രവേശനം.

ഒമൈക്രോണിന്റെ സാഹചര്യത്തില്‍ മുന്‍ കരുതലുകള്‍ ശക്തമാക്കാന്‍ കുവൈത്തും തീരുമാനിച്ചു. ആരോഗ്യ മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി. എത്യോപ്യ ഒഴികെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളില്ല. അതേസമയം, വൈറസ് സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കൂടാതെ ചില രാജ്യങ്ങളിലേക്കുള്ള വിമന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് പ്രവേശിക്കാന്‍ അനുമതി.

ഇതിനിടെ അഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് യാത്ര വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, സിംബാംബ് വേ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ യാത്രക്കാരെ ബാധിക്കുന്നുണ്ടെങ്കില്‍ ഖത്തര്‍ എയര്‍വേയ്‌സുമായോ ഏജന്റുമാരുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, നിലവില്‍ എത്രത്തോളം അപകടകാരിയാണ് ഒമൈക്രോണ്‍ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും രോഗം വരാനുള്ള എല്ലാ സാധ്യതയും ഒമൈക്രോണിലൂടെ ഉണ്ടാവും. ഇപ്പോഴുള്ള വാക്സിനുകള്‍ എത്രത്തോളം പുതിയ വകഭേദത്തിനെതിരെ ഗുണം ചെയ്യുമെന്ന് അറിയാന്‍ ആഴ്ച്ചകള്‍ എടുക്കും. യൂറോപ്പ്യന്‍ യൂണിയനും, അമേരിക്കയും, കാനഡയും റഷ്യയുമെല്ലാം യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രധാനമായും ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റ് ആഫ്രിക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്സിന്‍ എടുക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications