ഖത്തറിന് ചരിത്ര ദിനം; ആദ്യ പൊതുതിരഞ്ഞെടുപ്പ് ഇന്ന്, തുല്യ വോട്ടുകള്‍ വന്നാല്‍ തീരുമാനം ഇങ്ങനെ...
ദോഹ: ഖത്തറില്‍ ശൂറാ കൗണ്‍സിലിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഇന്ന്. രാജ്യത്തെ ജനങ്ങള്‍ക്ക് രാഷ്ട്രീയമായ ഇടപെടല്‍ നടത്താനുള്ള അവസരം ഒരുക്കുകയാണ് തിരഞ്ഞെടുപ്പിലൂടെ. 45 അംഗ ശൂറാ കൗണ്‍സിലില്‍ മൂന്നില്‍ രണ്ടു സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടിങ് വൈകീട്ട് ആറിന് അവസാനിക്കും. വൈകാതെ ഫലം പ്രഖ്യാപിക്കും.
അടുത്ത വര്‍ഷം ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ഒരുങ്ങുന്ന ഖത്തര്‍ സമൂലമായ മാറ്റങ്ങളാണ് നടപ്പാക്കിവരുന്നത്. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നതും. ജനങ്ങള്‍ക്ക് കൂടുതലായി ഭരണകാര്യങ്ങളില്‍ ഇടെപെടാനുള്ള അവസമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. തുല്യവോട്ടുകള്‍ വന്നാല്‍ ഏത് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കുമെന്നതിനും മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഖത്തര്‍ നിയമനിര്‍മാണ സഭയായ ശൂറാ കൗണ്‍സിലിലേക്ക് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 45 അംഗ സഭയില്‍ 30 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 18 വയസ് തികഞ്ഞ ഖത്തരി പൗരന്‍മാര്‍ക്ക് മാത്രമാണ് വോട്ടവകാശം. സോഷ്യല്‍ മീഡിയ വഴിയായിരുന്നു പ്രധാനമായും പ്രചാരണം. 29 സ്ത്രീകള്‍ ഉള്‍പ്പെടെ 294 മല്‍സരാര്‍ഥികളാണ് രംഗത്തുള്ളത്.

മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നേരത്തെ ഖത്തറില്‍ നടക്കാറുണ്ട്. കുവൈത്തിന് ശേഷം നിയമനിര്‍മാണ സഭയിലേക്ക് പൊതു തിരഞ്ഞെടുപ്പ് നടത്തുന്ന ആദ്യ ജിസിസി രാജ്യമാണ് ഖത്തര്‍. 28 ലക്ഷത്തോളം വരും ഖത്തറിലെ ജനങ്ങള്‍. ഇതില്‍ 10 ശതമാനമേ ഖത്തരി പൗരന്‍മാരുള്ളൂ. അതായത് മൂന്ന് ലക്ഷത്തില്‍ താഴെ. ഇതില്‍ എല്ലാവര്‍ക്കും വോട്ടവകാശവുമില്ല. സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ടുകള്‍ ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ വോട്ട് രേഖപ്പെടുത്തി വിജയിയെ തീരുമാനിക്കും.

30 ശൂറാ കൗണ്‍സില്‍ അംഗങ്ങളെയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കുക. ബാക്കി 15 പേരെ ഖത്തര്‍ അമീര്‍ ശുപാര്‍ശ ചെയ്യും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയാണ് അമീര്‍ ശുപാര്‍ശ ചെയ്യുക. രാജ്യത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്ന പൊതു നയങ്ങള്‍, പൊതു ബജറ്റ് എന്നീ കാര്യങ്ങളില്‍ ഇടപെടാനും ശുപാര്‍ശകള്‍ സമര്‍പ്പിക്കാനുമാണ് ശൂറാ കൗണ്‍സിലിന് അനുമതിയുള്ളത്.

പ്രതിരോധം, സുരക്ഷ, സാമ്പത്തിക-നിക്ഷേപ നയങ്ങള്‍ എന്നിവയില്‍ ശൂറാ കൗണ്‍സിലിന് ഇടപെടാനുള്ള അധികാരമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരോധനമുള്ള രാജ്യമാണ് ഖത്തര്‍. 2003ലാണ് പൊതു തിരഞ്ഞെടുപ്പ് നടത്താന്‍ ഹിതപരിശോധനയിലൂടെ തീരുമാനം ആയത്. പിന്നീട് നിയമ നിര്‍മാണമുള്‍പ്പെടെയുള്ള പല ഘട്ടങ്ങളും കഴിഞ്ഞാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ഖത്തറിനെ 30 ജില്ലകളാക്കി തിരിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. ഓരോ ജില്ലകളില്‍ നിന്നും ഓരോ അംഗത്തെ തിരഞ്ഞെടുക്കും. പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് മുഖ്യപങ്കാളിത്തമുണ്ടാകും. ഇതിന് വേണ്ട പദ്ധതികള്‍ സമര്‍പ്പിക്കാം. പുതിയ പരീക്ഷണത്തിന്റെ പാതയിലാണ് ഖത്തര്‍ എന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറയുന്നു. പാര്‍ലമെന്റിന്റെ സമ്പൂര്‍ണ നടപടികള്‍ ആദ്യ വര്‍ഷം ശൂറാ കൗണ്‍സിലില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തിരഞ്ഞെടുപ്പ് നിയമ പ്രകാരം ചില ഖത്തരി ഗോത്രങ്ങളിലെ നേതാക്കള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശം നല്‍കിയിട്ടില്ല. ഇത് പല വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. 1930ന് മുമ്പ് തന്നെ ഖത്തറില്‍ താമസിക്കുന്ന ഗോത്ര വിഭാഗങ്ങളാണിത്. അടുത്ത ശൂറാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് നിയമം അവലോകനം ചെയ്യുമെന്നാണ് വിദേശകാര്യ മന്ത്രി പറഞ്ഞത്. ഇദ്ദേഹമാണ് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

ആയിരക്കണക്കിന് ഖത്തര്‍ പൗരന്‍മാരെ വോട്ടെടുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നത്. ആഗസ്റ്റില്‍ തിരഞ്ഞെടുപ്പ് നിയമത്തിനെതിരെ ഖത്തറില്‍ പ്രതിഷേധം നടന്നിരുന്നു. അല്‍ മുറ ഗോത്രത്തിലെ അംഗങ്ങളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 15 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ചിലര്‍ ഇപ്പോഴും കസ്റ്റഡിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications