യുഎഇ 3500 കോടി, പിന്നാലെ ഖത്തര്‍ 400 കോടി; വമ്പന്‍ പദ്ധതികളുമായി ഗള്‍ഫ് രാജ്യങ്ങള്‍ ഈജിപ്തില്‍
ദോഹ: 2017ല്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യമായിരുന്നു ഈജിപ്ത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം അന്ന് ഈജിപ്തും ചേരുകയായിരുന്നു. നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ 2021ല്‍ ഉപരോധം പിന്‍വലിക്കുകയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇപ്പോള്‍ ചിത്രം മാറുകയാണ്. ഈജിപ്തില്‍ കോടികളുടെ പദ്ധതിക്ക് ഒരുങ്ങുകയാണ് ഖത്തര്‍.
ടൂറിസത്തിന് അനന്ത സാധ്യതകളുള്ള രാജ്യമാണ് ഈജിപ്ത് എങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി ഈ രാജ്യം നേരിടുന്നുണ്ട്. വിദേശ നിക്ഷേപം വര്‍ധിപ്പിച്ചാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഉദ്യോഗസ്ഥര്‍ നേരത്തെ ഉപദേശിച്ചതാണ്. ഇതോടെയാണ് ഈജിപ്ത് ഗള്‍ഫ് രാജ്യങ്ങളെ കൂട്ടുപിടിച്ച് വന്‍ പ്രൊജക്ടുകള്‍ നടപ്പാക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ യുഎഇ നിക്ഷേപം ഇറക്കുന്നത് എഡിക്യു എന്ന ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഉപയോഗിച്ചാണ്. ഈജിപ്തില്‍ 3500 കോടി ഡോളറിന്റെ പദ്ധതിയാണ് എഡിക്യു മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചത്. റാസ് അല്‍ ഹിക്മ എന്ന വടക്കന്‍ ഈജിപ്ഷ്യന്‍ തീരപ്രദേശത്താണ് യുഎഇയുടെ പ്രൊജക്ട്. റിസോര്‍ട്ടുകളും ഷോപ്പിങ് മാളുകളുമെല്ലാം ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി. ഈജിപ്തില്‍ ആഡംബരം നിറഞ്ഞ ഒരു ചെറുനഗരം സ്ഥാപിക്കുകയാണ് യുഎഇ.
സമാനമായ നീക്കം തന്നെയാണ് ഖത്തറും ഈജിപ്തില്‍ നടത്താന്‍ പോകുന്നത്. വടക്കു പടിഞ്ഞാറന്‍ ഈജിപ്ഷ്യന്‍ തീരത്തെ റാസ് ആലം അല്‍റൂമിലാണ് ഖത്തറിന്റെ പദ്ധതി വരാന്‍ പോകുന്നത്. 400 കോടി ഡോളര്‍ ചെലവിട്ടുള്ള ഈ പ്രൊജക്ടിന്റെ കരാറുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ച നടക്കുകയാണ്. വൈകാതെ കരാര്‍ ഒപ്പുവയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഈജിപ്തിലെ ഉദ്യോഗസ്ഥര്‍ പങ്കുവച്ചുവെന്ന് സൗദിയിലെ അഷാര്‍ഖ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത് ഭരണകൂടവും വരുന്നു
2.40 ലക്ഷം ചതുരശ്ര മീറ്ററിലാണ് ഖത്തര്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. റിസോര്‍ട്ടുകള്‍, ആഡംബര വീടുകള്‍, ഷോപ്പിങ് മാളുകള്‍, ആഡംബര നൗകകള്‍ തുടങ്ങി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ട എല്ലാം ഈ മെഡിറ്ററേനിയന്‍ തീരദേശത്ത് നിര്‍മിക്കാനാണ് ഖത്തറിന്റെ പദ്ധതി. ആദ്യഘട്ടമായി 25 ശതമാനം സ്ഥലത്തായിരിക്കും പ്രവര്‍ത്തനം. ഇതിന്റെ 15 ശതമാനം വരുമാനം ഈജിപ്തിലെ സര്‍ക്കാരിനായിരിക്കും.
ഖത്തറിന് കൈമാറേണ്ട സ്ഥലം, ലൈസന്‍സ് എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ മറുഭാഗത്ത് നടക്കുന്നുണ്ട്. കരാര്‍ ഒപ്പുവച്ചാല്‍ ഉടനെ ഭൂമികൈമാറ്റം നടക്കുമെന്ന് ഈജിപ്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അടുത്ത വര്‍ഷം ജൂണ്‍ 30 ആകുമ്പോഴേക്കും 4200 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഈജിപ്തിന്റെ ലക്ഷ്യം. യുഎഇയാണ് ഏറ്റവും ഉയര്‍ന്ന നിക്ഷേപം പ്രഖ്യാപിച്ചത്. ഖത്തര്‍ കൂടി വരുന്നതോടെ ഈജിപ്തിന് ആശ്വാസമായി. കുവൈത്ത് സര്‍ക്കാരും ഈജിപ്തുമായി സഹകരണം ശക്തമാക്കുന്ന ചര്‍ച്ചകള്‍ ഇന്നലെ നടത്തിയിട്ടുണ്ട്.
വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ സാധ്യതകളുള്ള രാജ്യമാണ് ഈജിപ്ത്. ഇതുവഴി നിരവധി ജോലി സാധ്യതകള്‍ തുറക്കപ്പെടുമെന്നും ഭരണകൂടം കരുതുന്നു. സമ്പന്നരായ ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണമുണ്ടെങ്കില്‍ ലക്ഷ്യം കാണാമെന്നും ഈജിപ്ത് കണക്കുകൂട്ടുന്നു. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ഒട്ടേറെ വിനോദ സഞ്ചാരികള്‍ എത്തുന്ന ചരിത്ര സ്ഥലങ്ങളുള്ള രാജ്യമാണ് ഈജിപ്ത്. ലുലു ഗ്രൂപ്പ് ഉള്‍പ്പെടെ ഇന്ത്യന്‍ വ്യവസായ സംഘങ്ങളും ഈജിപ്തില്‍ സജീവമാണ്.












Click it and Unblock the Notifications