ഇന്ത്യയെ വിമർശിച്ച് പാക് പ്രധാനമന്ത്രി; തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സംഘർഷം! മോദിക്ക് വിമർശനം
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം സംഘര്‍ഷഭരിതമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പാകിസ്താന്‍ വിരുദ്ധത പ്രത്യക്ഷമായി ഉപയോഗിക്കുകയാണെന്നും പാക് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
ഇന്ത്യയുടെ ഭാഗത്തു നിന്നും തെറ്റായ നീക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുന്ന എല്ലാ തരം പ്രകോപനങ്ങളേയും മറികടക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാകിസ്താനെയും ഇന്ത്യയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ശാര്‍ദ പീഠ് ഇടനാഴിലേക്കുള്ള ഗതാഗതം പുനസ്ഥാപിക്കുമെന്ന് പാകിസ്താൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റും പുറത്ത് വന്നിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നയുടന്‍ പാകിസ്താനുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ ട്വീറ്റ്. ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അതിർത്തി സംഘർഷ ഭരിതമാണ്.
ജെയ്‌ഷെ മുഹമ്മദ് വീണ്ടും ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന വിവരങ്ങള്‍ ലഭിച്ചു എന്ന് കാണിച്ച് ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ബാലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകള്‍ക്ക് നേരയാണ് തങ്ങള്‍ ആക്രമണം അഴിച്ചുവിട്ടതെന്നായിരുന്നു ഇന്ത്യയുടെ വാദം. ഇതിനു പ്രത്യാക്രമണമെന്നോണം പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തുകയും ഇന്ത്യന്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാകിസ്താന്‍ കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു.