ആര്‍ആര്‍ആര്‍ വില്ലന്‍ റേ സ്റ്റീവന്‍സന്‍ അന്തരിച്ചു; വിശ്വസിക്കാനാവുന്നില്ലെന്ന് രാജമൗലി
വാഷിംഗ്ടണ്‍: പ്രമുഖ ഹോളിവുഡ് നടന്‍ റേ സ്റ്റീവന്‍സന്‍ അന്തരിച്ചു. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ക്രൂരനായ വില്ലന്‍ സ്‌കോട്ട് ബക്‌സറ്റനെ അവതരിപ്പിച്ചത് സ്റ്റീവന്‍സനായിരുന്നു. ഈ ചിത്രം ഓസ്‌കര്‍ വേദിയില്‍ അടക്കം തിളങ്ങിയിരുന്നു. ഹോളിവുഡിലെ പ്രമുഖ പരമ്പര ചിത്രങ്ങളായ തോറില്‍ അടക്കം അദ്ദേഹം അഭിനയിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു വിയോഗം.
ആര്‍ആര്‍ആറില്‍ ബ്രിട്ടീഷ് ഗവര്‍ണറുടെ വേഷമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. അതേസമയം റേ സ്റ്റീവന്‍സന്റെ വിയോഗം ആര്‍ആര്‍ആര്‍ ടീമും സ്ഥിരീകരിക്കുന്നു. അത്യന്തം ഞെട്ടിക്കുന്നതാണ്, വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് രാജമൗലി പറഞ്ഞു.

ചിത്രത്തിന്റെ സെറ്റില്‍ ആവേശവും, ഊര്‍ജവും നിറയ്ക്കാന്‍ റേയ്ക്ക് സാധിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്തത് ആസ്വദിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും രാജമൗലി കുറിച്ചു.
ഇറ്റലിയില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് സ്റ്റീവന്‍സനെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ഇവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഉത്തര അയര്‍ലന്‍ഡിലെ ലിസ്ബണില്‍ 1964ലാണ് റേയുടെ ജനനം. 1990കളിലാണ് അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത്.
യൂറോപ്പ്യന്‍ ടിവി സീരീസുകളിലും, ടെലിഫിലിമുകളിലുമൊക്കെയായിരുന്നു അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. പോള്‍ ഗ്രീന്‍ഗ്രാസിന്റെ ചിത്രം ദ തിയറി ഓഫ് ഫ്‌ളൈറ്റാണ് റേയുടെ ആദ്യത്തെ ചിത്രമായി അറിയപ്പെടുന്നത്. ആന്റോയിന്‍ ഫുക്കുവയുടെ കിംഗ് ആര്‍തര്‍, പണിഷര്‍, ബുക്ക് ഓഫ് ഇലൈ, ദ അദര്‍ ഗയ്‌സ് പോലുള്ള ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.
മാര്‍വലിന്റെ തോര്‍ ചിത്രങ്ങളില്‍ വോള്‍സ്റ്റാഗ് എന്ന പ്രശസ്ത കഥാപാത്രത്തെയും റേ അവതരിപ്പിച്ചിരുന്നു. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സ്റ്റാര്‍ വാര്‍സ് പരമ്പരകളിലെ ചിത്രങ്ങളിലൊന്നില്‍ അദ്ദേഹം ശബ്ദവും നല്‍കിയിരുന്നു. ഇതിന്റെ സ്പിന്‍ ഓഫ് അശോകയിലും അദ്ദേഹം പ്രത്യക്ഷപ്പെടാനിരിക്കവെയാണ് മരണം തേടിയെത്തിയത്.












Click it and Unblock the Notifications