ശുചിമുറിയില്ല, ഭക്ഷണം തീരാറായി; യുക്രെയിനിലെ കൊടുതണുപ്പില്‍ ദുരിത ജീവിതം നയിച്ച് മലയാളികള്‍
കീവ്: റഷ്യ - യുക്രൈന്‍ യുദ്ധം ഉടലെടുത്തതോടെ യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നത് കൊടും ദുരിതമാണെന്ന് റിപ്പോര്‍ട്ട്. പലരും ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള ബങ്കറുകളിലും ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും എത്തിയിരുന്നു. എന്നാല്‍ ഇവിടെ എത്തിയ പലരുടെയും കയ്യില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. ശുചിമുറി സൗകര്യവുമില്ല. മരവിപ്പിക്കുന്ന തണുപ്പില്‍ ഒരു പുതപ്പ് പോലും കയ്യിലില്ലാതെ പലരും നിലത്താണ് കിടക്കുന്നത് .
പലരുടെയും മൊബൈലുകളില്‍ ചാര്‍ജ് തീരാറായെന്നും, കൃത്യമായ ഒരു വിവരവും ഇന്ത്യന്‍ എംബസിയില്‍ നിന്ന് കിട്ടുന്നില്ലെന്നും ഔസഫ് ഹുസൈല്‍ എന്ന മലയാളി വിദ്യാര്‍ത്ഥി ദൃശ്യങ്ങള്‍ സഹിതം ചാനലുകളോട് വെളിപ്പെടുത്തി. കോവ എന്ന മെട്രോസ്റ്റേഷന്‍ നിലവില്‍ ബങ്കറായി ഉപയോഗിക്കുകയാണ് . ഈ ബങ്കറിലാണ് ഔസഫ് ഹുസൈലടക്കമുള്ള മലയാളികള്‍ ഇപ്പോള്‍ കഴിയുന്നത് .

നൂറോളം മലയാളി വിദ്യാര്‍ത്ഥികളും അറുപതോളം മലയാളികളും ഈ ബങ്കറിലുണ്ടെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ ഈ ഭൂഗര്‍ഭമെട്രോ സ്റ്റേഷനിലേക്ക് മാറിയത്. കൊടുംതണുപ്പില്‍ രാത്രിയിലും ഇരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് പലരും. പുതപ്പോ തണുപ്പിനെ നേരിടാന്‍ മറ്റ് സൗകര്യങ്ങളോ ഇവര്‍ക്കില്ല. തണുപ്പിനെ പ്രതിരോധിക്കാന്‍ ഉള്ള കോട്ടുകള്‍ മാത്രമാണ് പലര്‍ക്കുമുള്ളത് .
പുലര്‍ച്ചെ അഞ്ച് മണിയോടെ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ് ഇവര്‍. കയ്യില്‍ കരുതിയ ഭക്ഷണം തീര്‍ന്ന അവസ്ഥയിലാണ്. വെള്ളവും ലഭിച്ചിട്ടില്ല. ആകെ രണ്ട് ശുചിമുറികളാണ് ഈ മെട്രോ സ്‌റ്റേഷനിലുള്ളത്. ആ ശുചിമുറികള്‍ക്കും വാതിലുകളില്ല. പെണ്‍കുട്ടികള്‍ക്ക് ശുചിമുറി ഉപയോഗിക്കാനുള്ള യാതൊരു വഴിയുമില്ല. ബങ്കറിലെ എല്ലാവരും ഉപയോഗിക്കുന്നത് ഈ രണ്ട് വാതിലുകളില്ലാത്ത ശുചിമുറികളാണ്. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ നീണ്ട ക്യൂവാണ്. രണ്ട് സ്ലോട്ട് മാത്രമേ ചാര്‍ജ് ചെയ്യാനുള്ളൂ . എങ്ങനെയെങ്കിലും ചെയ്ത് ജീവന്‍ നിലനിര്‍ത്തണമെന്നാണ് കരുതുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പടിഞ്ഞാറന്‍ യുക്രൈനിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ ഒരു വഴിയുമില്ലെന്നും അത് വളരെ അപകടകരമാണ് എന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു .
അതേസമയം, യുക്രൈന്‍ - റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഉക്രൈനില്‍ നിന്ന് തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചിരുന്നു. യുക്രേനിയന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ പ്രത്യേക വിമാനങ്ങളുടെ ഷെഡ്യൂള്‍ റദ്ദാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ അടിയന്തരമായി തയ്യാറാക്കുകയാണ് എന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു.
ഇത്തരം ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാലുടന്‍ വിവരങ്ങള്‍ എംബസി അറിയിക്കും. രക്ഷാ ദൗത്യത്തിന് ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാനും തീരുമാനിച്ചതായി വിദേശകാര്യസഹമന്ത്രി അറിയിച്ചു . വിദേശകാര്യ മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂം 24*7 അടിസ്ഥാനത്തില്‍ വിപുലീകരിക്കുകയും പ്രവര്‍ത്തിക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു . ഉക്രെയ്‌നിലെ മലയാളി വിദ്യാര്‍ഥികളുമായി താന്‍ സംസാരിച്ചു എന്നും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പരിഭ്രാന്തരാകേണ്ടതില്ല എന്നും വി.മുരളീധരന്‍ പറഞ്ഞു.
പുതിയ അറിയിപ്പുകള്‍ ലഭിക്കുന്നതിന് എംബസി വെബ്സൈറ്റും സോഷ്യല്‍ മീഡിയ ( ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റാഗ്രാം ) പോസ്റ്റുകളും പിന്തുടരണം. സമാനമായ യുദ്ധ സാഹചര്യം നിലവില്‍ നിന്ന സാഹചര്യങ്ങളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവന്നിട്ടുള്ള അനുഭവപരിചയം ഉള്ള വിപുലമായ നയതന്ത്ര സംവിധാനം ഇന്ത്യയ്ക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .












Click it and Unblock the Notifications