'എന്തൊരു നിര്‍ഭാഗ്യമാണിത്'; യുദ്ധം ഭയന്ന് ആദ്യം അഫ്ഗാനില്‍ നിന്ന് യുക്രൈനിലേക്ക് കുടിയേറി, ഇപ്പോള്‍ പോളണ്ടില്‍
മെഡിക: അഫ്ഗാനില്‍ നിന്ന് പലായനം ചെയ്ത് യുക്രൈനിലെത്തിയ കുടുംബം വീണ്ടും പലായനത്തിന്റെ പാതയില്‍. യുക്രൈന്‍-റഷ്യ യുദ്ധം ആരംഭിച്ചതോടെയാണ് അഫ്ഗാന്‍ പൗരനായ അജ്മല്‍ റഹ്മാനിയും കുടുംബവും പോളണ്ടിലേക്ക് കുടിയേറിയത്. കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാനില്‍ നിന്ന് അജ്മല്‍ റഹ്മാനിയും കുടുംബവും യുക്രൈനിലേക്ക് കുടിയേറി പാര്‍ത്തത്. കഴിഞ്ഞ വര്‍ഷം താലിബാന്‍ അഫ്ഗാന്‍ കീഴടക്കുമെന്ന് ഉറപ്പായതോടെയാണ് അജ്മല്‍ റഹ്മാനി പോളണ്ടിലേക്ക് ചേക്കേറിയത്. അഫ്ഗാനിസ്ഥാന്‍ വിട്ട ശേഷം, യുക്രൈനില്‍ സമാധാനത്തിന്റെ ഒരു താവളം കണ്ടെത്തിയെന്ന് അജ്മല്‍ റഹ്മാനി വിശ്വസിച്ചു.
എന്നാല്‍ ആ വിശ്വാസം തെറ്റാണെന്ന് ബോധ്യപ്പെടാന്‍ അജ്മല്‍ റഹ്മാനിയ്ക്ക് അധികം വൈകേണ്ടി വന്നില്ല. ഞാന്‍ ഒരു യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നു. മറ്റൊരു രാജ്യത്തേക്ക് വരുന്നു. അവിടെ മറ്റൊരു യുദ്ധം ആരംഭിക്കുന്നു. എന്തൊരു നിര്‍ഭാഗ്യമാണ് ഇത്, പോളണ്ടിലേക്ക് കടന്നതിന് തൊട്ടുപിന്നാലെ അജ്മല്‍ റഹ്മാനി എ എഫ് പിയോട് പറഞ്ഞു. ഭാര്യ മിന, 11 കാരനായ മകന്‍ ഒമര്‍, ഏഴ് വയസുകാരി മകള്‍ മര്‍വ എന്നിവര്‍ക്കൊപ്പമാണ് അജ്മല്‍ പോളണ്ടിലെക്കിയത്. പോളണ്ട് അതിര്‍ത്തിയിലേക്ക് 30 കിലോമീറ്റര്‍ നടന്നാണ് അജ്മല്‍ റഹ്മാനിയും കുടുംബവും എത്തിയത്.

പോളിഷ് ഭാഗത്തുള്ള മെഡികയില്‍ എത്തിയ ശേഷം അജ്മലും കുടുംബവും മറ്റ് അഭയാര്‍ത്ഥികളോടൊപ്പം അടുത്തുള്ള നഗരമായ പ്രെസെമിസലിലേക്കാണ് ബസില്‍ യാത്രയായത്. തനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്ന് കാബൂള്‍ വിമാനത്താവളത്തില്‍ 18 വര്‍ഷത്തോളം അഫ്ഗാനിസ്ഥാനിലെ നാറ്റോയ്ക്ക് വേണ്ടി ജോലി ചെയ്തിരുന്നതായി അജ്മല്‍ റഹ്മാനി പറഞ്ഞു. അഫ്ഗാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതിന് നാല് മാസം മുമ്പാണ് രാജ്യം വിടാന്‍ അദ്ദേഹം തീരുമാനിച്ചത്. തനിക്ക് ഭീഷണികള്‍ ലഭിച്ചതിനാല്‍ ഭയന്ന് കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയെന്ന് അജ്മല്‍ പറയുന്നു.

അതിനുമുമ്പ് എനിക്ക് അഫ്ഗാനിസ്ഥാനില്‍ നല്ല ജീവിതം ഉണ്ടായിരുന്നു, എനിക്ക് ഒരു വീടുണ്ടായിരുന്നു, എനിക്ക് ഒരു കാര്‍ ഉണ്ടായിരുന്നുനല്ല ശമ്പളമുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ എന്റെ കാര്‍, എന്റെ വീട്, അങ്ങനെ എല്ലാം വിറ്റു, എനിക്ക് എല്ലാം നഷ്ടപ്പെട്ടു,' അദ്ദേഹം പറഞ്ഞു. എന്നാല്‍ കുടുംബത്തോടൊപ്പം കഴിയാന്‍ സാധിക്കുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ നിന്ന് പോരാനുള്ള വിസ ലഭിക്കാന്‍ താന്‍ പാടുപെട്ടുവെന്നും അങ്ങനെയാണ് ഒടുവില്‍ യുക്രൈനിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും റഹ്മാനി പറഞ്ഞു.

തുറമുഖ നഗരമായ ഒഡെസയിലാണ് അജ്മല്‍ റഹ്മാനി താമസം ആരംഭിച്ചത്. നാല് ദിവസം മുമ്പ്, റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതോടെ അവര്‍ക്ക് വീണ്ടും എല്ലാം ഉപേക്ഷിച്ച് 1,110 കിലോമീറ്റര്‍ ദൂരമുള്ള അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യേണ്ടിവന്നു. ഭാവിയെക്കുറിച്ച് തനിക്ക് ഉത്കണ്ഠയുണ്ടെന്നും എന്നാല്‍ അതിര്‍ത്തിയുടെ പോളിഷ് ഭാഗത്ത് അഭയാര്‍ത്ഥി പ്രവാഹത്തെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച ഊഷ്മളമായ സ്വീകരണം തനിക്ക് പ്രചോദനം നല്‍കിയതായും റഹ്മാനി പറഞ്ഞു.

അതേസമയം വ്യാഴാഴ്ച മുതല്‍ യുക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് 213,000 പേര്‍ കടന്നതായി പോളിഷ് അധികൃതര്‍ അറിയിച്ചു. പോളിഷ് വിസയില്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ 15 ദിവസം അനുവദിച്ചിട്ടുണ്ടെന്ന് കുടിയേറ്റക്കാര്‍ക്കുള്ള ചാരിറ്റി സംഘടനയായ ഒകലേനി (സാല്‍വേഷന്‍) ഫൗണ്ടേഷന്റെ അഭിഭാഷകനായ ടോമാസ് പീറ്റ്ര്‍സാക്ക് പറഞ്ഞു. ഈ വിഷയത്തില്‍ പോളണ്ടിന് അതിന്റെ നിയമനിര്‍മ്മാണം വളരെ വേഗത്തില്‍ ഭേദഗതി ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസത്തെ സംഘര്‍ഷത്തിനിടെ ലക്ഷക്കണക്കിന് ആളുകളാണ് അയല്‍ രാജ്യങ്ങളായ പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തത്.

ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ഞായറാഴ്ച വരെ മാത്രം രണ്ട് ലക്ഷത്തോളം പേരാണ് യുക്രൈന്‍ വിട്ടത്. അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും യുക്രൈന്‍കാരാണെങ്കിലും അവരില്‍ അഫ്ഗാനിസ്ഥാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്ത്യ, നേപ്പാള്‍ എന്നിവയുള്‍പ്പെടെയുള്ള വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും കുടിയേറ്റ തൊഴിലാളികളും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications