ആണവായുധങ്ങള്‍ സജ്ജമെന്ന് പുടിനെ അറിയിച്ച് പ്രതിരോധ മന്ത്രി, 36 രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് നിരോധനം
മോസ്‌കോ: യുക്രൈനെതിരായ യുദ്ധത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിച്ചേക്കാമെന്ന സൂചന നല്‍കി റഷ്യ. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നിര്‍ദേശപ്രകാരം ആണവയാധുങ്ങള്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. കടുത്ത വ്യോമാക്രമണം യുക്രൈനിലാകെ റഷ്യ തുടരുന്നുണ്ട്. ഇതിനിടയിലാണ് ആണവായുധങ്ങള്‍ കാണിച്ച് ലോകരാജ്യങ്ങളെ ഭയപ്പെടുത്താനുള്ള നീക്കം റഷ്യ നടത്തുന്നത്. നേരത്തെ പ്രതിരോധ മന്ത്രിയോടും സൈനിക അധ്യക്ഷനോടും ആണവായുധങ്ങള്‍ ഉപയോഗിക്കാനായി തയ്യാറായി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് യുക്രൈനിലും നാറ്റോ സഖ്യത്തിലും ഒരുപോലെ ഭീതി വിതച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ആണവ സമിതി അടിയന്തര യോഗം ചേര്‍ന്ന് ഈ ഭീഷണി ചര്‍ച്ച ചെയ്തു.

നാറ്റോ അധ്യക്ഷന്‍ ജെന്‍സ് സ്‌റ്റോള്‍ടെന്‍ബര്‍ഗ് കടുത്ത വിമര്‍ശനമാണ് റഷ്യക്കെതിരെ ഉന്നയിച്ചത്. അപകടകരവും യാതൊരു ഉത്തരവാദിത്ത ബോധവുമില്ലാത്ത പ്രവര്‍ത്തിയാണ് റഷ്യ ചെയ്തിരിക്കുന്നതെന്ന് സ്റ്റോള്‍ടെന്‍ബര്‍ഗ് കുറ്റപ്പെടുത്തി. അതേസമയം നിര്‍മിത ഭീഷണികളുമായി വിരട്ടാന്‍ നോക്കേണ്ടെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. ആണവായുധം ഉപയോഗിക്കുമെന്നത് റഷ്യയുടെ ഭീഷണി മാത്രമാണ്. അത് കണ്ട് ഭയക്കില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇതിനിടെ ഉപരോധത്തിനെതിരെ റഷ്യ പ്രതികരിച്ച് തുടങ്ങി. 36 രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ക്ക് റഷ്യ തിരിച്ച് വിലക്കേര്‍പ്പെടുത്തി. ബ്രിട്ടന്‍, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളിലെ വിമാനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് റഷ്യന്‍ വ്യോമയാന ഏജന്‍സി അറിയിച്ചു.
യുക്രൈനിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് സമാന രീതിയിലുള്ള വിലക്കേര്‍പ്പെടുത്തിയിരുന്നു അന്താരാഷ്ട്ര രാജ്യങ്ങള്‍. ഇതിന് തിരിച്ചടിയാണ് റഷ്യയില്‍ നിന്നുണ്ടായത്. റഷ്യയുടെ വ്യോമയാന മേഖലയില്‍ പ്രത്യേക അനുമതിയോടെ മാത്രമേ ഈ 36 രാജ്യങ്ങളിലെയും വിമാനങ്ങള്‍ക്ക് പ്രവേശിക്കാനാവൂ എന്ന് റഷ്യന്‍ വ്യോമയാന ഏജന്‍സിയായ റോസാവിയറ്റ്‌സിയ അറിയിച്ചു. ബ്രിട്ടന്‍ നേരത്തെ റഷ്യന്‍ വിമാനക്കമ്പനിയായ എയറോഫ്‌ളോറ്റിനെ സ്വന്തം രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഇതിന് പകരമായിട്ടാണ് ബ്രിട്ടീഷ് വിമാനങ്ങളെയും റഷ്യ നിരോധിച്ചത്. 27 രാഷ്ട്രങ്ങള്‍ റഷ്യ വിമാനക്കമ്പനികളെ തങ്ങളുടെ ആകാശപരിധിയില്‍ നിന്ന് വിലക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിനിടെ യുക്രൈന്റെ ഫ്‌ളാഗ്മാന്‍ വിമാനം എഎന്‍ 225 മ്രിയ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ത്തു. ലോകത്തെ ഏറ്റവും വലിയ കാര്‍ഗോ വിമാനമാണിത്. യുക്രൈന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഹോസ്‌ടോമല്‍ വിമാനത്താവളത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഈ വിമാനം തകര്‍ന്നത്. ഈ വിമാനം നന്നാക്കിയെടുക്കാന്‍ മൂന്ന് ബില്യണ്‍ ഡോളറെങ്കിലും വേണ്ടി വരും. അതും ദീര്‍ഘകാലം എടുത്ത് മാത്രമേ ഈ വിമാനം നന്നാക്കിയെടുക്കാന്‍ സാധിക്കൂ എന്നും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1980കളിലാണ് ഈ വിമാനം ഡിസൈന്‍ ചെയ്യുന്നത്. ലോകത്ത് ഇതുവരെ ഉണ്ടാക്കിയതില്‍ വെച്ച് ഏറ്റവും നീളമേറിയതും ഭാരമേറിയതുമാണ് വിമാനമാണ് മ്രിയ. 640 ടണ്‍ ഭാരം വരെ വഹിക്കാന്‍ ഈ വിമാനത്തിന് ശേഷിയുണ്ട്.












Click it and Unblock the Notifications