നാറ്റോ കൈവിട്ടു, ഒറ്റപ്പെട്ട് യുക്രൈന്‍, ആണവായുധം ഉപയോഗിക്കില്ലെന്ന ഉറപ്പ്, പിഴച്ചത് ഇക്കാര്യത്തില്‍
കീവ്: യുക്രൈന്‍ വലിയൊരു പ്രതിസന്ധിയിലാണ് നില്‍ക്കുന്നത്. റഷ്യയുടെ യുദ്ധപ്രഖ്യാപനത്തിന് ശേഷം രാജ്യത്താകെ വന്‍ തോതിലുള്ള ആക്രമണങ്ങളാണ് യുക്രൈന്‍ നേരിടുന്നത്. സൈനിക കേന്ദ്രങ്ങളും പ്രവിശ്യകളും വരെ ആക്രമണം നേരിടുകയാണ്. ലോക രാജ്യങ്ങള്‍ അടക്കം യുക്രൈനെ കൈവിട്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അവരെ വിശ്വസിച്ചതാണ് യുക്രൈന് സംഭവിച്ച ഏറ്റവും വലിയ പിഴവ്.
ഒപ്പം മുമ്പുണ്ടായ ഒരു കരാര്‍ യുക്രൈനെ ഈ ആക്രമണത്തില്‍ പിന്നോട്ടടിച്ചിരിക്കുകയാണ്. അതേസമയം യുദ്ധത്തിന് തയ്യാറായി വരുന്ന ഏതൊരാള്‍ക്കും ആയുധം നല്‍കുമെന്ന് യുക്രൈന്‍ പ്രഖ്യാപിച്ചു. റഷ്യയുമായുള്ള നയതന്ത്ര ബന്ധങ്ങളും യുക്രൈന്‍ വിച്ഛേദിച്ചു.

നാറ്റോയെ വിശ്വസിച്ചതാണ് യുക്രൈന് ഏറ്റവും വലിയ തിരിച്ചടിയായത്. റഷ്യയുടെ മുന്നറിയിപ്പുകള്‍ കണ്ട് യുക്രൈന്‍ റഷ്യക്കെതിരെ കടുത്ത നിലപാടുകളും എടുത്തിരുന്നു. അതേസമയം തലസ്ഥാന നഗരിയായ കീവില്‍ ആക്രമണം നടക്കുകയാണ്. നിരവധി പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്റെ സൈനിക വാഹനം കീവില്‍ തകര്‍ന്ന് വീണു. പതിനാല് പേര്‍ ഈ വിമാനത്തിലുണ്ടായിരുന്നു. റഷ്യന്‍ സൈന്യം കീവിലെത്തിയിരിക്കുകയാണ്. വലിയ ആശങ്കയാണ് ഇത്. കീവിലെ സൈനിക താവളവും റഷ്യ ആക്രമിച്ചു. എന്നാല്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ യുക്രൈന്‍ തിരിച്ചടിയും നല്‍കുന്നുണ്ട്. പക്ഷേ കടുത്ത പ്രതിസന്ധിയാണ് യുക്രൈന്‍ നേരിടുന്നത്. എടിഎമ്മുകളില്‍ അടക്കം പണമില്ലാത്ത അവസ്ഥയാണ്.

യുക്രൈന്‍ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ബെലാറസിന്റെ സൈന്യവും റഷ്യക്ക് വേണ്ടി യുദ്ധത്തിനിറങ്ങിയിട്ടുണ്ട്. ഒഡേസയില്‍ പതിനെട്ട് പേര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. കീവിലെ ഉത്തര മേഖലയിലാണ് റഷ്യന്‍ സൈന്യം കടന്നു കയറിയിരിക്കുന്നത്. ഏത് നിമിഷവും തലസ്ഥാന നഗരി ചോരക്കളമാകുമെന്നാണ് വിവരം. കീവിലെ ഹോസ്‌റ്റോമല്‍ വിമാനത്താവളത്തിന് മുകളിലൂടെ റഷ്യന്‍ ഹെലികോപ്ടറുകള്‍ വട്ടമിട്ട് പറക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് റഷ്യന്‍ വിമാനങ്ങളെ വെടിവെച്ചിട്ടതായി യുക്രൈനിയന്‍ ജനറല്‍ സ്റ്റാഫ് പറഞ്ഞു. രണ്ട് റഷ്യന്‍ സൈനികരെ ജീവനോടെ പിടികൂടിയതായും യുക്രൈന്‍ അവകാശപ്പെട്ടു. ഇവര്‍ മോട്ടറൈസ്ഡ് റൈഫില്‍ റെജിമെന്റിന്റെ ഭാഗമായ സൈനികരാണ്. ഇവരുടെ ചിത്രങ്ങളും റഷ്യ പുറത്തുവിട്ടിട്ടുണ്ട്.

റഷ്യ മുപ്പതോളം മിസൈല്‍ ആക്രമണങ്ങളാണ് യുക്രൈന് മേല്‍ അഴിച്ചുവിട്ടത്. ഈ ആക്രമണങ്ങളെല്ലാം യുക്രൈന്റെ സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകള്‍ക്കും നേരെയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പുടിനെ ഏകാധിപതിയെന്നാണ് വിശേഷിപ്പിച്ചത്. വളരെ ക്രൂരത നിറഞ്ഞ, കാടത്തം നിറഞ്ഞ നീക്കമാണ് പുടിന്‍ നടത്തിയത്. മോസ്‌കോയ്‌ക്കെതിരെ ഇതുവരെ കാണാത്ത തരത്തിലുള്ള ഉപരോധങ്ങള്‍ യൂറോപ്പ്യന്‍ യൂണിയനും ലോകരാജ്യങ്ങളും കൊണ്ടുവരും. ഇതിനെ അങ്ങനെ വിടാന്‍ ഉദ്ദേശമില്ലെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു. അതേസമയം റഷ്യയുടെ കടന്നുകയറ്റമെന്ന വാക്കിനെ ചൈന തള്ളി. യുക്രൈനില്‍ നിന്ന് സുരക്ഷാ പ്രശ്‌നങ്ങള്‍ റഷ്യ നേരിടുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യം പിന്തുണയ്ക്കുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിംഗ് പറഞ്ഞു.

അതേസമയം യുക്രൈന്‍ നാറ്റോ സഖ്യത്തെ വിശ്വസിച്ചതില്‍ ഖേദിക്കുകയാണ്. സൈനികമായി യുക്രൈനെ സഹായിക്കില്ലെന്നാണ് നാറ്റോയുടെ നിലപാട്. എന്നാല്‍ ഇത് യുക്രൈന് വലിയ തിരിച്ചടിയാണ്. യുഎസിനെ അടക്കം മുമ്പ് വിശ്വസിച്ചാണ് ആണവായുധങ്ങള്‍ ഇനി നിര്‍മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന ധാരണയില്‍ യുക്രൈന്‍ എത്തിയത്. യുറേനിയും ഉല്‍പ്പാദനം അടക്കം യുക്രൈന്‍ എത്രയോ മുമ്പ് നിര്‍ത്തിയിരുന്നു. പ്രത്യക്ഷത്തില്‍ ഇത് റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രൈന് തിരിച്ചടിയായിരിക്കുകയാണ്. അണ്വായുധമുണ്ടെങ്കില്‍ തീര്‍ച്ചയായും യുക്രൈനെ നേരിടാന്‍ റഷ്യ രണ്ടാമതൊന്ന് ആലോചിക്കുമായിരുന്നു. അമേരിക്കയും റഷ്യയും തന്ന സുരക്ഷാ ഉറപ്പിലാണ് ആണവായുധങ്ങള്‍ യുക്രൈന്‍ ഉപേക്ഷിച്ചത്.

യുക്രൈനെ കരുത്തില്ലാത്ത രാജ്യമാക്കി ഈ തീരുമാനത്തെ മാറ്റിയിരിക്കുകയാണ്. ലോകത്ത് തന്നെ ആണവ കരുത്ത് തീര്‍ത്തും ഒഴിവാക്കിയ ഏക രാജ്യമാണ് യുക്രൈനെന്ന് പാര്‍ലമെന്റ് അംഗം അലക്‌സി ഗോണ്‍ചെരെങ്കോ പറയുന്നു. 1994ല്‍ ലോകത്തെ മൂന്നാമത്തെ ആണവ ശക്തിയായിരുന്നു യുക്രൈന്‍. എന്നാല്‍ യുഎസ്, ബ്രിട്ടന്‍, റഷ്യ എന്നിവരെ വിശ്വസിച്ച് ഇനി ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന ഉറപ്പ് യുക്രൈന്‍ നല്‍കി. ഈ ഉറപ്പുകള്‍ ഇപ്പോള്‍ എവിടെ പോയെന്ന് ഗോണ്‍ചെരെങ്കോ ച ദിക്കുന്നു. യുക്രൈനെ ഈ വാക്കെല്ലാം മറന്ന് റഷ്യ ബോംബിട്ട് തകര്‍ക്കുകയാണ്. ഒരുപാട് പേര്‍ ആണവായുധം ഇല്ലാത്തത് കൊണ്ട് കൊല്ലപ്പെടുകയാണെന്നും ഗോണ്‍ചെരെങ്കോ പറഞ്ഞു.

അതേസമയം സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ആയിരക്കണക്കിന് ആണവായുധങ്ങള്‍ യുക്രൈനിലുണ്ടായിരുന്നു. 1991ലായിരുന്നു ഇത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം യുക്രൈന്‍ ബുഡാപെസ്റ്റ് ഉടമ്പടിയില്‍ ഒപ്പവെച്ചു. ഈ ഉടമ്പടി പ്രകാരം യുക്രൈന്‍ എല്ലാ ആണവായുധങ്ങളും നിര്‍വീര്യമാക്കണം. റഷ്യ, അമേരിക്ക, യുകെ എന്നിവര്‍ സുരക്ഷാ ഉറപ്പുകളും ഇതിന് പിന്നാലെ യുക്രൈന് നല്‍കി. ആ സമയത്തെ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചായിരുന്നു ഈ തീരുമാനമെടുത്തത്. എന്നാല്‍ യുക്രൈനിലെ രാഷ്ട്രീയ ലോകം ഈ തീരുമാനത്തില്‍ ഇന്ന് ഖേദിക്കുകയാണ്. യുക്രൈനുണ്ടായിരുന്ന വലിയ അധികാരത്തെയും ശക്തിയെയും വെറുതെ കളഞ്ഞ് കുൡച്ചു എന്നാണ് രാഷ്ട്രീയ മേഖല കരുതുന്നത്. മുന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രി സഹറഡോണിക്കും ഇതേ അഭിപ്രായക്കാരനാണ്.

റഷ്യയെ അപേക്ഷിച്ച് വളരെ ദുര്‍ബലമായ സൈനിക ശക്തിയാണ് യുക്രൈനുള്ളത്. അവര്‍ക്ക് യുഎന്നിന്റെയും യുഎസ്സിന്റെയും പിന്തുണയില്ലാതെ പിടിച്ച് നില്‍ക്കാനാവില്ല. ലോക സമാധാനത്തിന് വേണ്ടി ആണവായുധങ്ങളെ ഉപേക്ഷിച്ച രാജ്യമാണ് യുക്രൈനെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറയുകയും ചെയ്തു. ലോകരാജ്യങ്ങള്‍ ഞങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നാണ് പ്രതീക്ഷിച്ചതെന്നും കുലേബ പറഞ്ഞു. റഷ്യ ബുഡാബെസ്റ്റ് ഉടമ്പടിയാണ് ലംഘിച്ചത്. അവര്‍ ആണവശക്തിയുള്ള രാജ്യമാണെന്ന് ഓര്‍ക്കണമായിരുന്നുവെന്നും യുക്രൈന്‍ പറയുന്നു. അതേസമയം ആണവായുധത്തിന്റെ പേരില്‍ റഷ്യ യുക്രൈനെ ദുര്‍ബലമാക്കിയ ശേഷം, ഇപ്പോള്‍ ആക്രമിക്കുകയാണെന്ന് രാഷ്ട്രീയ നേതൃത്വം തന്നെ കുറ്റപ്പെടുത്തുന്നു.

ബെലാറസിനോട് റഷ്യയുടെ സൈനിക നീക്കത്തിന്റെ ഭാഗമാകരുതെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ അധ്യക്ഷന്‍ ചാള്‍സ് മിഷേല്‍ അഭ്യര്‍ത്ഥിച്ചു. മേഖലയിലെ സമാധാനമാണ് റഷ്യ തകര്‍ത്തതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആരോപിച്ചു. തുര്‍ക്കിയും ഇറ്റലിയും റഷ്യയുടെ ആക്രമണത്തെ തുറന്നെതിര്‍ത്തു. യുക്രൈനില്‍ നിന്ന് ഉപാധികളില്ലാതെ റഷ്യ പിന്മാറണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഹി പറഞ്ഞു. അതേസമയം ശശി തരൂര്‍ എംപിയും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. റഷ്യ നമ്മുടെ സുഹൃത്താണ്. പക്ഷേ ഇന്ത്യ ഈ വിഷയത്തില്‍ ശരിയായ പക്ഷത്താണ് നില്‍ക്കേണ്ടത്. മറ്റ് രാജ്യങ്ങളില്‍ കടന്നുകയറി യുദ്ധം നടത്തുന്നതിനെ ഒരിക്കലും ഇന്ത്യ പിന്തുണയ്ക്കാന്‍ പാടില്ല. യുദ്ധവും അക്രമവും കൊണ്ട് ഭരണമാറ്റം നടത്താന്‍ അനുവദിക്കരുതെന്നും തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications