'പാശ്ചാത്യർക്ക് ഞങ്ങളെ തടയാനാവില്ല'; യുക്രൈനെ ആക്രമിച്ചത് പുതിയ മിസൈൽ ഉപയോഗിച്ച്, സ്ഥിരീകരിച്ച് പുടിൻ
മോസ്‌കോ: യുക്രൈനെതിരായ മിസൈൽ ആക്രമണം സ്ഥിരീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈൻ ലക്ഷ്യമിട്ട് ഒരു പുതിയ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്‌റ്റിക് മിസൈൽ തൊടുത്തുവിട്ടതായാണ് പുടിൻ വ്യക്തമാക്കിയത്. റഷ്യയെ ലക്ഷ്യമിട്ട് യുഎസ്-ബ്രിട്ടീഷ് മിസൈലുകൾ യുക്രൈൻ ഉപയോഗിച്ചതിന് പിന്നാലെയാണ് മേഖലയെ ഒന്നാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്‌റ്റിക് മിസൈൽ ക്രെംലിൻ ഉപയോഗിച്ചിരിക്കുന്നത്.
റഷ്യൻ ഔദ്യോഗിക ടിവി ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ മിസൈലിനെ തടയാൻ യുഎസിന്റെ എയർ ഡിഫൻസ് സംവിധാനത്തിന് സാധിക്കില്ലെന്നും ഇതിന് ശബ്‌ദത്തേക്കാൾ പത്തിരട്ടി വേഗതയുള്ളതാണെന്നും പുടിൻ പറഞ്ഞു. ഒരുപടി കൂടി കടന്നുകൊണ്ട് പുടിൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്, റഷ്യയെ ആക്രമിക്കാൻ യുക്രൈനെ സഹായിക്കുന്ന സഖ്യ കക്ഷികൾക്ക് നേരെയും മിസൈൽ തൊടുത്തുവിടാൻ മടിക്കില്ലെന്നാണ് പുടിന്റെ മുന്നറിയിപ്പ്.

അത്യാധുനിക മിസൈൽ ഉപയോഗത്തെ പുടിൻ ന്യായീകരിക്കുകയും ചെയ്‌തു. 'ഞങ്ങളുടെ സംവിധാനങ്ങൾക്കെതിരെ ആയുധങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്ന രാജ്യങ്ങളുടെ സൈനിക സൗകര്യങ്ങൾക്കെതിരെ ഞങ്ങളുടെ ആയുധങ്ങൾ ഉപയോഗിക്കാൻ അവകാശമുണ്ടെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു' എന്നായിരുന്നു പുടിന്റെ വാക്കുകൾ.
യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈലുകൾ ഉപയോഗിക്കാൻ പ്രസിഡണ്ട് ജോ ബൈഡൻ ഈ മാസം യുക്രൈന് അനുമതി നൽകിയതിന് ശേഷം ആദ്യമായാണ് വിഷയത്തിൽ പുടിൻ പ്രതികരിക്കുന്നത്. ആണവായുധ പ്രയോഗ ഭീഷണി ഉൾപ്പെടെ നിലനിൽക്കുന്നതിനാൽ മേഖലയിൽ ഒന്നാകെആശങ്ക പടർന്നിരിക്കുകയാണ് പുതിയ സംഭവവികാസങ്ങളോടെ. അതിനിടെയിലാണ് പുടിൻ വാർത്ത സ്ഥിരീകരിച്ചു രംഗത്ത് വന്നിരിക്കുന്നത്.
മറ്റ് രാജ്യങ്ങളിൽ ആക്രമണം നടത്തുന്നതിന് മുമ്പ് സാധാരണക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ റഷ്യ മുൻകൂർ മുന്നറിയിപ്പ് നൽകുമെന്ന് പുടിൻ അറിയിച്ചിട്ടുണ്ട്. ഏത് സന്ദർഭത്തെയും നേരിടാൻ റഷ്യ സുസജ്ജമാണെന്ന് പുടിൻ വ്യക്തമാക്കി. ഒറെഷ്നിക് എന്നാണ് കഴിഞ്ഞ ദിവസം യുക്രൈനിൽ വിക്ഷേപിച്ച മിസൈലിന് റഷ്യൻ സൈന്യം നൽകിയിരിക്കുന്ന പേര്.
മോസ്കോയ്‌ക്കെതിരെ തങ്ങളുടെ സൈന്യത്തെ ഉപയോഗിക്കാൻ പദ്ധതിയിടുന്ന പാശ്ചാത്യ നേതാക്കൾ ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം എന്നാണ് പുടിൻ പറയുന്നത്. ഇത് യുക്രൈൻ ആയുധ സഹായം നൽകുന്ന യുഎസിനും യുകെയ്ക്കും ഉൾപ്പെടെയുള്ള മുന്നറിയിപ്പാണ് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ വീണ്ടും ശക്തമായ സംഘർഷാവസ്ഥയുടെ തുടർച്ചയാണ് പുടിന്റെ പ്രതികരണങ്ങൾ.
അടുത്തിടെ യുക്രൈൻ റഷ്യയിലെ ചില കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ദീർഘദൂര മിസൈലുകൾ പ്രയോഗിച്ചിരുന്നു. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളുടെ മിസൈലുകൾ സൗത്ത് റഷ്യ ലക്ഷ്യമിട്ടാണ് കീവ് പ്രയോഗിച്ചത്. ഈ ആക്രമണത്തിൽ റഷ്യയിലെ ബ്രയാൻസ്‌ക് മേഖലയിലെ ആയുധ ശാലയിൽ തീപിടുത്തമുണ്ടാക്കുകയും കുർസ്‌ക് മേഖലയിലെ ചില സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ തിരിച്ചടി.
അതേസമയം, റഷ്യയുടെ ഹൈപ്പർസോണിക് പോർമുഖമുള്ള 'പരീക്ഷണാത്മക' ബാലിസ്‌റ്റിക് മിസൈൽ ഒന്നിലധികം ലക്ഷ്യങ്ങളെ സ്വതന്ത്രമായി സമീപിക്കാൻ ശേഷിയുള്ള റീഎൻട്രി വെഹിക്കിൾ (എംഐആർവി) സംവിധാനം ഉപയോഗിച്ചുവെന്നാണ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധം കൂടുതൽ തീവ്രതയിലേക്ക് നീങ്ങുമോ എന്ന ആശങ്കയാണ് ഇതിനോടൊപ്പം ഉയരുന്നത്.












Click it and Unblock the Notifications