ചെര്‍ണോബിലെ നൂക്ലിയര്‍ പ്ലാന്റില്‍ നിന്നും ഉദ്യോഗസ്ഥരെ റഷ്യ കൊണ്ടുപോയെന്ന് യുക്രൈന്‍
കീവ്: ചെര്‍ണോബിലെ നൂക്ലിയര്‍ പവര്‍ സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെ കടത്തിക്കൊണ്ടുപോയതായി യുക്രൈന്‍. ചൊവ്വാഴ്ചയാണ് ചെര്‍ണോബില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയത്. അതേ സമയം റഷ്യന്‍ സൈന്യം യുക്രൈന്‍ സൈനികരെ കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. പ്ലാന്റിലെ തൊഴിലാളികളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേ സമയം എത്ര പേരെ റഷ്യ കൊണ്ടുപോയി എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
റഷ്യന്‍ സൈനികര്‍ പിന്മാറിയെന്ന് ചെര്‍ണോബില്‍ എക്സ്‌ക്ലൂഷന്‍ സോണിന്റെ ചുമതലയുള്ള സര്‍ക്കാര്‍ ബോഡി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ചെര്‍ണോബില്‍ ആണവനിലയത്തില്‍ പുറത്തു നിന്ന് ഉള്ളവര്‍ ഇല്ലെന്ന് ഏജന്‍സി ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കിയത്.

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആഴ്ചകള്‍ പിന്നിടുകയാണ്. എന്നാല്‍ യുദ്ധം അവസാനിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അതേ സമയം തെക്ക് കിഴക്കന്‍ മേഖലകളില്‍ ആക്രമണത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് യുക്രൈന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കും. ഒടുവിലായി തുർക്കിയിൽ വച്ചാണ് സമാധാന ചർച്ചകള്‍ നടന്നത്. ഈ സമാധാന ചർച്ചകളിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്നാണ് റഷ്യ വിശദീകരിക്കുന്നത്. സമാധാന ചർച്ചകള്‍ പുരോഗമിക്കുമ്പോഴും യുക്രൈനിൽ റഷ്യന്‍ സേന ബോംബാക്രമണം തുടരുകയാണ്.

അതേ സമയം റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ യുക്രൈന്‍ വീണ്ടും ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യസ്ഥനാകാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുമെന്നായിരുന്നു യുക്രൈന്റെ പ്രതികരണം. എന്‍ഡിടിവിക്ക് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ ആക്രമണത്തില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു യുക്രൈന്‍ എന്നും യുക്രൈനിന്റേത് ന്യായമായ യുദ്ധം ആണെന്നും ഇന്ത്യ യുക്രൈനെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ റഷ്യന്‍ ബോംബാക്രമണം യുക്രൈന്‍ നഗരങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. മൈകോളൈവിലെ റീജിയണല്‍ ആസ്ഥാനമന്ദിരത്തിന് നേരെയുണ്ടായ റഷ്യന്‍ റോക്കറ്റ് ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ പറയുന്നു.യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേരാണ് ഇതിനകം ഇതിനകം കൊല്ലപ്പെട്ടിട്ടുള്ളത്. 40 ലക്ഷത്തിലധികം പേര്‍ യുക്രൈനില്‍ നിന്ന് പലായനം ചെയ്തു. റഷ്യ യുദ്ധവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications